mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Saraswathi

ഇന്ന് മേടമാസം അഞ്ചാം തീയതി. വിഷു കഴിഞ്ഞ് അഞ്ചാം ദിവസത്തിനായി കാത്തിരുന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു. ഇന്നാണ് അഞ്ചാം വേല. തട്ടകത്തമ്മയുടെ കാവിൽ കേമമമായ  ആഘോഷമാണ് ഇന്ന്. നാട്ടിൻ പുറത്തെ ഗ്രാമാന്തരീക്ഷം എത്ര മനോഹരമായിരുന്നു എന്ന് ഇപ്പോഴിങ്ങനെ ചിന്തിക്കുമ്പോഴാണ് മനസ്സിലാവുന്നത്.


എഴുവന്തല കളത്തുപ്പടിയിൽ വെച്ചാണ് അഞ്ചാം വേല ആഘോഷം. പാടത്ത് കൊയ്ത്തിനുശേഷം ഉത്സവാഘോഷങ്ങൾക്കായി അപ്പോഴേയ്ക്കും അരങ്ങൊരുങ്ങിയിരിക്കും. നിലവിളക്കിനെ സാക്ഷിയാക്കി മേളത്തിമർപ്പങ്ങനെ കൊട്ടിക്കേറുന്നുണ്ടാവും.

വേലക്കണ്ടത്തിനു മുകളിൽ അല്പം ഉയരത്തിലായങ്ങനെ കാണികൾ തിക്കിത്തിരക്കിനിന്ന് നാട്ടു വർത്തമാനം പറയലും പരിചയം പുതുക്കലുമെല്ലാം നടക്കുന്നുണ്ടാവും.

കച്ചവടക്കാർക്കും നല്ല കൊയ്ത്താണ് അന്ന്. വേലകാണാൻ വരുന്നവരെല്ലാം കുട്ടികളടക്കം കൈയിൽ പണവുമായിട്ടാവും വരുന്നത്.

വിഷുക്കൈനീട്ടം കിട്ടിയ പൈസയെല്ലാം ചെലവാക്കിക്കഴിഞ്ഞാലേ അന്നൊരു സമാധാനം കിട്ടിയിരുന്നുള്ളൂ. വേനലവധിക്കാലത്ത് പറങ്കിയണ്ടി ശേഖരിക്കാൻ സഹായിച്ചതിനായി ഒരു പങ്ക് ഞങ്ങൾ കുട്ടികൾക്കെല്ലാം അതു വിറ്റു കാശാക്കുമ്പോൾ കിട്ടിയതെല്ലാം ഒരുക്കൂടിവെക്കുന്നത് വേലക്കണ്ടത്തിൽ പൊടിച്ചു കളയാനാണ്.
പലതരം ബലൂണുകളും മറ്റുകളിപ്പാട്ടങ്ങളും എന്നു വേണ്ട വേലക്കണ്ടത്തിൽ ഇല്ലാത്തതായി ഒന്നും തന്നെയില്ലെന്നു പറയുന്നതാവും നല്ലത്.

പൊരിയും മുറുക്കും ആറാം നമ്പർ പോലുള്ള മധുരപലഹാരങ്ങളുമെല്ലാമായി കച്ചവടക്കാർ നേരത്തെ ഇടം നേടിയിരിക്കും.

വീട്ടിൽ നിന്നും പുറപ്പെടുമ്പോൾത്തന്നെ അമ്മ കുറച്ചു കാര്യങ്ങൾ ഓർമ്മിപ്പിക്കാറുണ്ട്.
ഒന്ന് - കണ്ടതിനൊക്കെ വാശി പിടിക്കരുത്.
രണ്ട് - വേലക്കണ്ടത്തിൽ തെണ്ടി നടക്കരുത്.
മൂന്ന് - എപ്പോഴും അമ്മയുടെ വിരൽത്തുമ്പിലുണ്ടായിരിക്കണം. അച്ഛനെ സാക്ഷിയാക്കി അമ്മ ഇതെല്ലാം മുന്നോട്ടുവെക്കുമ്പോൾ
വേറെ വഴിയില്ലാത്തതിനാൽ വിനീത വിധേയയായി എല്ലാം തലയാട്ടി സമ്മതിയ്ക്കും. പക്ഷേ വേലക്കണ്ടത്തിലെത്തുന്നതിനു മുമ്പേ എനിക്കു തന്നെ എന്നെ നിയന്ത്രിക്കാനാവാത്തവിധം 'അന്യൻ' ആയി മാറിയിട്ടുണ്ടാവും. റോഡിലെത്തിയാലുടൻ കൂടെ പഠിക്കുന്ന ഏതെങ്കിലും കുട്ടിയുടെ നിഴലുകണ്ടാൽ മതി അമ്മക്കു കൊടുത്ത വാക്കെല്ലാം മറന്ന് ഒറ്റയോട്ടമാണ്. കൂട്ടംതെറ്റിപ്പോവുമെന്ന് പേടിച്ച് അമ്മ പുറകെ ഓടിവരും. അപ്പോൾ തോന്നുന്ന ഒരു തമാശക്ക് വീണ്ടും കുതിച്ചു പായും. അമ്മ "വീട്ടിലെത്തട്ടെ ട്ടോ.. ശരിയാക്കിത്തരാം നിന്നെ" എന്നൊക്കെ ഭീഷണി മുഴക്കുന്നുണ്ടാവും ആരു മൈന്റാക്കാനാണ്! വേലക്കണ്ടത്തിലെത്തി തെണ്ടി നടക്കാനാണ് എന്റെ ധൃതിയെന്നും കൈയിലെ കാശു മുഴുവൻ കഴിഞ്ഞാൽ തിരിച്ചു വരുമെന്നും അമ്മയ്ക്കറിയാം. നമ്മളെ അത്രമാത്രം മനസ്സിലാക്കാൻ അമ്മമാർക്കല്ലാതെ ആർക്കാണ് കഴിയുക. കണ്ടതൊക്കെ വാങ്ങിത്തിന്ന് അവസാനം കാശു മുഴുവൻ കഴിഞ്ഞാൽത്തുടങ്ങും ഒടുക്കത്തെ വെള്ളം ദാഹം. "പൻസാര വെള്ളേയ്" എന്ന് ഈണത്തിൽ മൊഴിഞ്ഞ് അന്നേരമാവും വെള്ളവും കൊണ്ട് ഒരാൾ മുന്നിലെത്തുന്നത്. മധുരം മുഴുവൻ തിന്നുകയറ്റി വേലക്കണ്ടത്തിലൂടെ വെയിലും കൊണ്ടു പാഞ്ഞു നടന്ന് വെള്ളം കിട്ടിയില്ലെങ്കിൽ ഇപ്പൊ തൊണ്ട പൊട്ടിച്ചത്തുപോകുമെന്നു തോന്നുമ്പോഴാണ്
അമ്മയുടെ അടുത്തെത്തുന്നത്. അമ്മയുടെ മുഖത്ത് ആശ്വാസം ഇതൾ വിരിയുമെങ്കിലും ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞാവും നിൽപ്. "അമ്മ ഇവിടെണ്ടാർന്നോ?ഞാൻ എവിടൊക്കെ തെരഞ്ഞൂ ന്നോ" എന്നു പറഞ്ഞ് അമ്മയോട് ചേർന്നു നിൽക്കുമ്പോഴേ അമ്മക്കെല്ലാം മനസ്സിലായിട്ടുണ്ടാവും. .:: "കാശു മുഴുവൻ കഴിഞ്ഞു ല്ലേ?" എന്ന മറുചോദ്യത്തിന് തലകുലുക്കി സമ്മതിക്കുമ്പോഴേക്കും വീണ്ടും പാവം കുട്ടിയിലേക്ക് മാറിയിട്ടുണ്ടാവും. അല്ലെങ്കിൽത്തന്നെ നമ്മുടെ മനസ്സു വായിക്കാൻ അമ്മമാരോളം മറ്റാർക്കാണ് കഴിയുന്നതല്ലേ.

ഇന്ന് വിളിച്ചപ്പോൾ അമ്മ പറഞ്ഞതും അഞ്ചാം വേലയെക്കുറിയാണ്. എന്തുരസമായിരുന്നു ആ നല്ല നാളുകൾ! ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞു പിരിഞ്ഞു പോയ കുട്ടിക്കാലമേ... നീയെനിക്കായി എന്തെന്തോർമ്മച്ചിത്രങ്ങളാണ് വരച്ചിട്ടിരിക്കുന്നത്!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ