ബസ് സ്റ്റോപ്പിൽ സ്ഥിരമായി കണ്ടു പരിചയിച്ച മുഖങ്ങളിലൊന്നാർന്നു ആ ചേച്ചിയുടേതും.നാല്പതിനോടടുത്തു പ്രായം. കണ്ടാൽ സുമുഖ. മുഖത്തു സന്തോഷം. മുപ്പതുകളിലാണെന്നു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ എൻഫീൽഡിലാണ് ദിവസവും സ്റ്റോപ്പിൽ വന്നിറങ്ങുന്നത്. പതിയെ ഞങ്ങൾ ഒരു പുഞ്ചിരി കൈമാറിത്തു ടങ്ങി. പിന്നീട്, കായംകുളം വന്നില്ലേ, ഹരിപ്പാട് ഇന്ന് നേരത്തെ പോയി, ഇന്നലെ ഞാൻ ആലപ്പുഴക്കാ പോയെ തുടങ്ങിയ ക്‌ളീഷേ ബസ് സ്റ്റോപ്പ് സംഭാഷണങ്ങൾക്ക് അത് വഴി മാറി. ഇടക്കെപ്പോഴോ ആലപ്പുഴയിലുള്ള ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ് എന്നറിയാൻ കഴിഞ്ഞു. ഒരിക്കൽ ഞങ്ങൾ സംസാരിച്ചു നിൽക്കുന്ന കണ്ടു വീടിനടുത്തുള്ള ചേച്ചി എന്നെ ഒന്ന്
ഉപദേശിച്ചു.ആ പെണ്ണിനോടൊക്കെയാണോ കൂട്ട്. ഭർത്താവും ഉപേക്ഷിച്ചു, കണ്ടവന്റെ കൂടെ കറങ്ങുന്നവളാ. രാവിലെ ഇറങ്ങും ബാഗും തൂക്കി.. കണ്ടാൽ പറയുവോ. കൊച്ചു അവരോടൊന്നും മിണ്ടാൻ പോവണ്ട. ചീത്തപ്പേരാവും. പരദൂഷണം നാട്ടിൻപുറത്തിന്റെ നന്മകളിലൊന്നാണെന്ന തിരിച്ചറിവുള്ള കൊണ്ടു കേട്ടത് ഞാൻ വെള്ളം തൊടാതെ വിഴുങ്ങിയില്ല.
എങ്കിലും ഞാനറിയാതെ മനസ്സിലെ സദാചാരബോധം സട കുടഞ്ഞെണീറ്റു. രണ്ടു ദിവസങ്ങൾക്കു ശേഷം സ്റ്റോപ്പിൽ അതേ ചെറുപ്പക്കാരന്റെ ബൈക്കിൽ ചേച്ചി വന്നിറങ്ങി. എന്നെ കണ്ടതും പുഞ്ചിരിയോടെ ചോദിച്ചു ഒരുപാട് നേരായോ.. ബസ് വല്ലതും പോയൊ. ഞാൻ ഇല്ലെന്ന് മറുപടി പറഞ്ഞു. മനസ്സിൽ തോന്നിയ പുച്ഛം മറുപടിയിലും നിഴലിച്ചോയെന്ന ഭയം കൊണ്ടു ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ഞാനറിയാതെ തന്നെ എന്നിലെ സദാചാരസിംഹം ചോദ്യങ്ങളെറിഞ്ഞു തുടങ്ങി. ആരാ കൊണ്ടാക്കുന്നതു. വീടിനടുത്തുള്ള കൊച്ചാ. പെട്ടന്ന് ഫോൺ ശബ്ദിച്ചു. പതുക്കെ ചെവിയോർത്തു.. ഞാനല്ല. നേരത്തെ പറഞ്ഞ സദാചാരം തന്നെ. രാത്രിയിൽ നിൽക്കാം ന്നു മാത്രം കേട്ടു. ഉറപ്പിച്ചു. ആളത്ര വെടിപ്പല്ല. ഇനി മിണ്ടണ്ട..ഞാൻ പുളകം കൊള്ളുന്ന ആ സ്വഭാവ സർട്ടിഫിക്കറ്റ് എന്തായാലും നഷ്ടപ്പെടുത്താൻ വയ്യ..
പിന്നീട് പലപ്പോഴും കണ്ടെങ്കിലും കണ്ടില്ലന്നു നടിച്ചു. മുഖം കൊടുക്കേണ്ടി വന്നാൽ ചെറിയ പുഞ്ചിരിയോടെ ഒഴിഞ്ഞു മാറി. മറ്റു ചിലരുടെ കൂട്ടത്തിൽ ഒളിച്ചിരുന്നു. ഒരുമിച്ചു നിൽക്കുന്നതു ആരെങ്കിലും കണ്ടിട്ട് വേണം.. അന്തസ്സ്, സംസ്‍കാരം, പിന്നെയുമുണ്ടല്ലോ ഒരുപാട് പൊൻതൂവലുകൾ.
മാസങ്ങൾ പിന്നിട്ടു. ഒരു ദിവസം ബസ്റ്റോപ്പിൽ അക്ഷമയായി ബസ് കാത്തു നിൽക്കുമ്പോൾ ഒരു ഓട്ടോ വന്നു മുന്നിൽ നിർത്തി. നമ്മുടെ "മറ്റേ" ചേച്ചിയാണ്. വരുന്നുണ്ടോ മോളെ. ആലപ്പുഴയ്ക്കാണ്. സദാചാരസിംഹം ഉറങ്ങുവാർന്നു തോന്നണ്. ചാടി കേറിയിരുന്നു. ഓട്ടോയിൽ കേറിയപ്പോ ചേച്ചി മാത്രല്ല രണ്ടു കുട്ടികളും ഉണ്ട്. ഒരാൾ ആൺകുട്ടി. ഒരു ഏഴോ എട്ടോ വയസ്സ് തോന്നും. നീങ്ങിയിരിക്ക് മോനെ. ചേച്ചി പറഞ്ഞു. കുട്ടി എന്നെ നോക്കിയിട്ട് ഒതുങ്ങിയിരുന്നു. പെൺകുട്ടി ചേച്ചിയുടെ തോളിൽ ഉറങ്ങുവാണു. രണ്ടോ മൂന്നോ വയസ്സ് കാണും. പിള്ളേരാണോ ഞാൻ ചോദിച്ചു. ആ മോളെ. ഇവൾക്ക് വയ്യ. ആശുപത്രിയിൽ പോകുവാ.
എന്ത് പറ്റി..
എന്റെ മോളു ജനിച്ചപ്പോ മുതലിങ്ങനാ കിടന്ന കിടപ്പു തന്നെ. ഒരുപാട് ചിക്ത്സ ചെയ്തു. അലോപ്പതി ആയുർവേദവുമെല്ലാം. മാറ്റൊന്നുമില്ല..ഇപ്പോ കുറച്ചായിട്ടു ഒരു പുതിയ ഫിസിയോതെറാപ്പി ട്രീറ്റ്മെന്റ് ആണ് ചെയ്യണേ. അത് കൊണ്ടു കുറച്ചു മാറ്റൊക്കെ ഉണ്ട്. 2 വർഷം ചെയ്താൽ നല്ല മാറ്റമുണ്ടാവുന്നാ ഡോക്ടർ പറേണെ. രാവിലെ അവിടെ കൊണ്ടാക്കിട്ടാണ് ഞാൻ ഓഫീസിൽ പോണേ. വൈകുന്നേരം ചെന്ന് വിളിക്കും. ചില ദിവസങ്ങളിൽ അവിടെ അഡ്മിറ്റ് ആക്കും. അപ്പൊ ഞാനും അവിടെ നിൽക്കും. വീടിനടുത്തുള്ള ഒരു കൊച്ചാ സഹായത്തിനു ഓടി വരുന്നേ. എന്നെ കൊണ്ടാക്കണത് അവനാ. ഈ കൊച്ചു ജനിച്ച പിറ്റേ വർഷം കെട്ട്യോൻ അങ്ങേരുടെ പാട്ടിന് പോയി. എല്ലാരേം വെറുപ്പിച്ചു കെട്ടിയ കൊണ്ടിപ്പോ ആരും ഇല്ലാണ്ടായി. കിട്ടണത് മുഴുവൻ ഇവള്ടെ മരുന്നിനാവുവാ. എന്നാലും എന്റെ കുട്ടി എഴുന്നേറ്റു നടക്കണ കണ്ടാ മതി.
എപ്പോഴും മുഖത്തു കത്തി നിന്ന ആ പ്രസാദത്തിനു ഒരൽപ്പം മങ്ങലേറ്റെങ്കിലും പൊടുന്നനെ അത് തിരിച്ചു വന്നു
ഇന്ന് ബസ് കുറവാണ്.. എറണാകുളം ഡിപ്പോയിൽ മിന്നൽ സമരാണത്രെ. അതാ ഞാൻ കൊച്ചിനേം വിളിച്ചേ.. ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു.
കുറ്റബോധം കൊണ്ടോ അവരുടെ കഥ കേട്ട ഞെട്ടൽ കൊണ്ടോ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു..
ഞങ്ങള് കാണണ ഡോക്ടറുടെ വീട് ആലപ്പുഴെലാ. ഇന്നലെ ഇവൾക്കിത്തിരി ഫിറ്റ്സ് പോലുണ്ടായി. അപ്പോ ഡോക്ടർ പറഞ്ഞു വീട്ടിലോട്ട് വരാൻ. പുള്ളി ആഴ്ച്ചേൽ മൂന്നു ദിവസെ അവിടെ വരൂ..നല്ല ഡോക്ടറാട്ടോ. ചികിത്സയ്ക്ക് മാത്രല്ല ആൾക്കരോട് പെരുമാറാനും. മോളെ വല്യ കാര്യാ. ചേച്ചി വാചാലയായി..
അമ്മയുടെ തോളിൽ സുരക്ഷിതയായുറങ്ങുന്ന ആ കുഞ്ഞിന്റെ അടച്ച കണ്ണിലേക്കു ഞാൻ നോക്കി. അവളുടെ സ്വപ്നങ്ങളിലെന്താവും...??
അവയ്ക്ക് നിറവും ചിറകും നൽകാൻ അമ്മ അവഗണിക്കുന്ന നോട്ടങ്ങളും, സദാചാര കുശുകുശുപ്പുകളും അവൾ അറിയുന്നുണ്ടോ ആവോ..?? നീ ഭാഗ്യവതിയാണ്.. നിന്റെ അതിജീവനത്തിനു കരുത്തു പകരുന്നൊരു തോളിൽ ചേർന്നുറങ്ങുമ്പോ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി..
എന്നാ ശെരി മോളെ.. ഓട്ടോ പൈസ വെച്ച് നീട്ടിയെങ്കിലും വാങ്ങാൻ ചേച്ചി കൂട്ടാക്കിയില്ല. ഞാൻ ആലപ്പുഴേന്നു പോന്നു. ഇവള്ടെ കാര്യത്തിനിടക്ക് അത്രയും യാത്ര ബുദ്ധിമുട്ടാ. വീടിനടുത്തുള്ള ഒരു കമ്പനിയിൽ കേറി. ശമ്പളം ഇത്തിരി കുറവാണ്. എന്നാലും കൊച്ചിന്റെ കാര്യല്ലേ അതിലും വലുത്. ഇതാവുമ്പോ ഇടക്ക് എനിക്കൊന്നു ആശുപത്രിയിലോട്ട് ഓടി ചെല്ലാം.
മൂത്ത കുട്ടിയെ നോക്കി പുഞ്ചിരിച്ചു ഞാൻ കൈ വീശി. തിരിഞ്ഞു നടക്കുമ്പോൾ വല്ലാത്ത പുച്ഛം തോന്നി സ്വയം. പേര് പോലും അറിയാത്ത ഒരാളുടെ സ്വഭാവം അളക്കാൻ കാണിച്ച ആ സദാചാരബോധം. ഞാൻ മനസ്സിൽ ഒളിപ്പിച്ച അവജ്ഞ എത്ര പേർ അവരുടെ മുഖത്തേക്ക് തുപ്പിയിട്ടുണ്ടാവും. എന്നിട്ടും ആ മുഖം പ്രസാദിച്ചു തന്നെ നിൽക്കുന്നു.
ഓഫീസിലേക്ക് കയറുമ്പോൾ വാതിൽക്കൽ ഒരു സഭ. ഒരു ഫോണും കയ്യിൽ പിടിച്ചു റിയ. രമ്യ ചേച്ചിയും ആരതിയും ഇരുവശവും നിന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാര്യം തിരക്കിയപ്പോ.. അതേയ് ദേവു ന്റെ ഫോണാ.. ഈ അടുത്തായി കുറച്ചു വിളിയും പറച്ചിലൊക്കെയുണ്ട്. ഇന്നലെ ഏതോ ഒരു പയ്യൻ വിളിക്കാനും വന്നു. പെണ്ണിന്റെ പോക്ക് എങ്ങോട്ടാണെന്ന് അറിയണോല്ലോ. ലോക്ക് ഹാക്ക് ചെയ്യാൻ ഇവൾ മിടുക്കിയല്ലേ. നീ പോയി അവൾ വരുന്നുണ്ടോന്നു നോക്ക്..
വിവരം. വിദ്യാഭ്യാസം. പുരോഗമനം.. സമ്പൂർണ സാച്ചരത.. പക്ഷേ കണ്ണ് അന്യന്റെ കിടപ്പറയിലാണ് ഇപ്പോഴും..
സദാചാരബോധം.