mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

മാർച്ചിലേക്കുള്ള മാർച്ച് തുടങ്ങികഴിഞ്ഞു. പരീക്ഷകൾ പടിവാതിൽക്കൽ വന്നു നിൽക്കുമ്പോൾ അധ്യാപകർക്കും കുട്ടികൾക്കും ബി.പി കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥ. എങ്കിലും എന്നും രാവിലെ നിറപുഞ്ചിരിയുമായി ക്ലാസ്സിലേക്ക് ചെല്ലുകയും പുഞ്ചിരിതൂകുന്ന മുഖങ്ങൾ കാണുകയും പ്രതീക്ഷിക്കാത്ത കമന്റുകൾ കേൾക്കുകയും ചെയ്യുമ്പോൾ, ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും ആ ക്ലാസ്സിൽ നിന്ന് കിട്ടിയിരിക്കും!. അന്ന് ഒരു വ്യാഴാഴ്‌ച ആയിരുന്നു. ആദ്യത്തെ പീരിയഡ് പത്താംക്ലാസ്സിൽ. ബോർഡ് എക്സാം കുട്ടികൾ ആയതുകൊണ്ട് സിലബസ്സ് എല്ലാം തീർത്ത് റിവിഷൻ നടത്തുന്ന സമയം. എല്ലാവരും നിശബ്ദമായി ഇരിക്കുന്നു. സാധാരണയിൽനിന്ന് വ്യത്യസ്തം! കൂട്ടത്തിലെ കാന്താരിയായ മാധുരി എന്തോ ഒരു വിഷാദമൂകയായി എന്തോ നോട്ട് കമ്പ്ലീറ്റ് ചെയ്യാനുള്ള തിരക്കിലാണു.

“എന്തേ എല്ലാവർക്കും ഒരു മൂകത ?” ഞാൻ നിശബ്ദതയ്ക്ക് ഒരു വിരാമമിട്ടു.

“സർ ഇന്ന് അടിപൊളി ഷർട്ട് ആണല്ലോ” അശ്വിന്റെ കണ്ണുകളിൽ ഒരു തിളക്കം.

എനിക്ക് കാര്യം പിടികിട്ടി. ഹോംവർക്ക് തീർത്തുകാണില്ല. റിവിഷൻ ബുക്ക് ലെറ്റ് സബ്മിറ്റ് ചെയ്യണ്ടിയ്യ ലാസ്റ്റ് ഡേറ്റ് ആയിരുന്നു. അതായിരുന്നു കാര്യം. സോപ്പിടിൽ അവിടെ തുടങ്ങി.

“സാറെന്താ താടി വെയ്ക്കാത്തത്? അമിതാഭ് ബച്ചനെപ്പോലെ താടി വെച്ചാൽ സർ എന്തു സുന്ദരനാ !” വിനീതിന്റെ വക. അതിനു മറുപിടി പറഞ്ഞത് അപർണ്ണയായിരുന്നു. “ എടാ സാറ് താടി വെയ്ക്കില്ല. വെളുത്ത താടി കണ്ടാൽ സ്കൂളിലെ യൂത്ത് ഐക്കൺ എന്ന പേരു അങ്ങ് പോകില്ലേ? അതാണു സർ എന്നും ഷേവ് ചെയ്ത് വരുന്നത്.” സത്യം സത്യമായി കുട്ടികൾ പറഞ്ഞപ്പോൾ ആ സത്യത്തെ നിഷേധിക്കുവാൻ എന്റെ മനസ്സാക്ഷിയും ധൈര്യപ്പെട്ടില്ല.

“സാറെന്താ ജിമ്മിൽ പോകാത്തത്? ഒരു മാസത്തെ വർക്കൌട്ട് കൊണ്ട് ഈ വയറു കുറയ്ക്കാമല്ലോ?” വാസുകിയുടെ വക അടുത്ത കമന്റ്. ഉണ്ണിവയറ് വെച്ചുവരുന്ന വിനീത് അതിനെ ഖണ്ഢിക്കാൻ ഒരു ശ്രമം നടത്തി. “സാറിന്റെ വയറ് അത്രയ്ക്കൊന്നും ഇല്ല...കൂർത്തയിട്ടാൽ ഒട്ടുമേ അറിയത്തില്ല..” ഹ ഹ ...എനിക്ക് പൊട്ടിച്ചിരിക്കണം എന്ന് തോന്നി. എന്തു ക്യത്യമായാണു കുട്ടികളുടെ നിരീക്ഷണവും അവരുടെ പ്രതികരണവും. എങ്കിലും ഒരാളെങ്കിലും കൂടെയുണ്ടല്ലോ എന്നാശ്വസിച്ചു.

അപ്പോഴാണു ക്ലാസ്സിലെ കാന്താരി മാധുരി , തന്റെ ചെറിയ വായിലെ ആ വലിയ നാക്ക് ഒന്ന് പുറത്തിട്ടത്. “പന്ത്രണ്ട് വിഷയവും പഠിച്ച് നോട്ട്സും കമ്പ്ലീറ്റ് ചെയ്ത് , ഇതെല്ലാം എപ്പോൾ തീർക്കാനാ? പ്ലീസ് സർ, ഞങ്ങൾ തിങ്കളാഴ്ച സബ്മിറ്റ് ചെയ്യാം. ലാസ്റ്റ് ചാൻസ്..”

“ നോ, മൈ ഡിയർ, എക്സാം അടുത്തു, ഇനി ഒരു എക്സ്ക്യൂസും ഇല്ല. ഇന്ന് സ്കൂൾ വിടുന്നതിനു മുൻപ് ബുക്ക് എന്റെ റ്റേബിളിൽ വേണം.” എന്നിലെ അധ്യാപകൻ സടകുടഞ്ഞെഴുന്നേറ്റു.

ഇനി രക്ഷ ഇല്ല എന്ന് മനസ്സിലായ മാധുരി തന്റെ സ്വരം ഒന്ന് മാറ്റി. മാധുരിയുടെ പുഞ്ചിരിക്കുന്ന മുഖം എവിടെയോ ഓടി മറഞ്ഞു. നട്ടുച്ചയ്ക്ക് തലയ്ക്കു മുകളിൽ വരുന്ന സൂര്യനെപ്പോലെ മാധുരി 100 ഡിഗ്രിയിൽ എത്തി. സത്യം പറഞ്ഞാൽ ശോഭന, സുരേഷ്ഗോപിയോട് പറഞ്ഞപ്പോലെ.. “ ഇന്നേക്ക് ദുർഗ്ഗാഷ്ടമി, ഉന്നെ നാൻ കുത്തിവെച്ച് രക്തം എടുത്ത് ഓംകാര നടനമാടുവേൻ. ഞാൻ വലുതായി ഡോക്ടറായി , വടിയും കുത്തിയിരിക്കുന്ന സാറിന്റെ വീട്ടിൽ വന്ന് അവിടെയും ഇവിടെയും എല്ലാം കുത്തിവെയ്ക്കും. എന്നിട്ട് ഒരു പൂച്ചയെ തല്ലിക്കൊന്ന് സൂപ്പുണ്ടാക്കി കുടിക്കാൻ തരും.

കണ്ടോ എഴുതി എഴുതി എന്റെ കൈ ഒടിയാറായി.”

പാവം മാധുരി. ബുക്ക് ലെറ്റ് ഇനിയും കിടക്കുന്നു എഴുതി തീർക്കാൻ. ഉടൻ മാധുരിയെ ആശ്വസിപ്പിക്കാനായി മിഷേൽ എഴുന്നേറ്റു. “ സർ, എല്ലാവരും നോട്ട്സ് തിങ്കളാഴ്ച സബ്മിറ്റ് ചെയ്യും. ഇനിയും ഒരാഴ്ചകൂടി എക്സാമിനു ഉണ്ടല്ലോ. ഞങ്ങൾ എല്ലാവരും കമ്പ്യൂട്ടറിനു ഏ സ്റ്റാർ വാങ്ങിക്കാം”

“ഓകെ ഓകെ..” ഞാൻ ഒരു പിതാവിന്റെ റോളിലേക്ക് മാറി. പാവം കുട്ടികൾ. പത്തും പന്ത്രണ്ടൂം വിഷയങ്ങൾ പഠിക്കുന്ന അവർക്കല്ലെ അറിയു അവരുടെ വിഷമം !. സബ്മിഷന്റെ ഡേറ്റ് നീട്ടി കൊടുത്തു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി. അടുത്ത പീരിയഡിനുള്ള ബെൽ അടിച്ചു. ക്ലാസ്സിൽ നിന്നും ഇറങ്ങവേ പുറകിൽ നിന്നും ഒരു വിളി

“സർ, സാറിനു വിഷമം ആയോ? ഞാൻ തമാശയ്ക്ക് പറഞ്ഞതാ ട്ടോ. സാറിനോടല്ലെ ഇങ്ങനൊക്കെ പറയാൻ പറ്റൂ. അതുകൊണ്ടാ.”  മാധുരിയുടെ നിഷ്കളങ്കമായ ചോദ്യം.

“ അതെ, ഞാനും തമാശയായിട്ടെ ഇതൊക്കെ എടുക്കൂ. ഇതൊക്കെയല്ലെ ഒരു ക്ലാസ്സ് മുറിയിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ.” വീണ്ടൂ അടുത്തക്ല്ലാസിലേക്ക് മറ്റൊരു അധ്യാപക കർത്തവ്യവുമായി.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ