എന്റെ ബാല്യകാലസ്മരണകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ഈ പുറപ്പെട്ടുപോക്ക്. വീടുവിട്ട് എങ്ങോട്ടെന്നറിയാതെ പോകുന്നതിനെയാണ് ഞങ്ങൾ അങ്ങനെ വിശേഷിപ്പിച്ചിരുന്നത്.
എന്റെ ബാല്യകാല സുഹൃത്തുക്കളിൽ പലരും അങ്ങനെ ഒളിച്ചോടിയിട്ടുണ്ട്. എനിക്കാണെങ്കിൽ അങ്ങനെയൊന്നു പോകാൻ വല്ലാത്ത പൂതി. പുറപ്പെട്ടുപോയി, തിരിച്ചുവന്ന പലരോടും ചോദിച്ചു - എങ്ങനെയുണ്ടായിരുന്നു? അവരാരും ഒന്നും പറഞ്ഞില്ല.
ഒളിച്ചോടിയവരിൽ ഒരു താരമുണ്ടായിരുന്നു. ജോയി.
ഞങ്ങളുടെ ഗ്രാമത്തിൽനിന്നും ഏറ്റവും കൂടുതൽ പ്രാവശ്യം ഒളിച്ചോടിയത് ഈ ജോയിയാണ്. ജോയിയെക്കൊണ്ട് വീട്ടുകാർ വശംകെട്ടു. കാരണം അവന്റെ ഓരോ ഒളിച്ചോട്ടത്തിലും വീട്ടിലെ വിലപിടിച്ചതെന്തെങ്കിലും നഷ്ടമാകും.
ഒരു ഒളിച്ചോട്ടം കഴിഞ്ഞ് രാത്രിയിൽ ഏറെ വൈകി ജോയി വീട്ടിൽ വന്നു. കതകിൽ മുട്ടി.. "അമ്മേ, ഇത് ജോയിയാണ്. വേഗം കതക് തുറക്ക്. എനിക്ക് വിശക്കുന്നു.."
അമ്മയ്ക്കറിയാം. ഇവൻ വീണ്ടും പോകാനുള്ള വരവാണ്. അമ്മയുടെ ഹൃദയം അലിഞ്ഞില്ല.
"നീ എവിടെയെങ്കിലും പോയി തുലഞ്ഞോ. എനിക്ക് നിന്നെ വേണ്ട. ഞാൻ കതക് തുറക്കില്ല.."
വെളിയിൽനിന്നുകൊണ്ട് ജോയി ഭീക്ഷണി മുഴക്കി...
"അമ്മേ, കതക് തുറക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അമ്മ പശ്ചാത്തപിക്കും..."
പിന്നെ കുറേനേരത്തേയ്ക്ക് അനക്കമില്ല. കുറേക്കഴിഞ്ഞപ്പോൾ "പൊതോം" എന്നൊരു വലിയ ശബ്ദം മുറ്റത്തെ കിണറ്റിൽനിന്നും കേട്ടു.
ജോയി വാക്കുപാലിച്ചു എന്ന് ഭയപ്പെട്ട ആ സ്ത്രീ വെളിയിലിറങ്ങി ബഹളം വച്ചു. ആളുകൾ ഓടിക്കൂടി..ഒരാൾ ട്ടോർച്ചടിച്ച് കിണറ്റിൽ നോക്കി. ഇല്ല, ജോയി കിണറ്റിലുള്ളതിന്റെ ലക്ഷണമൊന്നും കാണാനില്ല.
അവിടെ തടിച്ചുകൂടിയവരിൽ ഒരു സ്ത്രീ ജോയിയുടെ അമ്മയോടു പറഞ്ഞു... "നീ അലമുറയിടാതെ, വീട്ടിനകത്തൊന്നു നോക്ക്.."
അകത്തുചെന്നു നോക്കിയപ്പോൾ, ജോയി അടുക്കളയിലിരുന്നു സുഖമായി ചോറും കറികളും കഴിക്കുന്നു.
ജോയി വീണ്ടും പുറപ്പെട്ടുപോയി. ഇന്ന് അയാൾ ജീവനോടെയില്ല. മരണം എങ്ങനെയായിരുന്നുവെന്ന് അറിയില്ല.
ജോയിയിൽനിന്നും വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിൽ പുറപ്പെട്ടുപോയവരും ഉണ്ടായിരുന്നു. അതിലൊരാൾ പന്ത്രണ്ട് വര്ഷം കഴിഞ്ഞാണ് നാട്ടിൽ വന്നത്.
വന്നയുടനെ അദ്ദേഹം നാട്ടിലെ പ്രമുഖനായി. എല്ലാവര്ക്കും അദ്ദേഹത്തോട് സംസാരിക്കണം. അദ്ദേഹമാകട്ടെ എല്ലാവരോടും ചിരിച്ചുല്ലസിച്ച് കുശലം പറഞ്ഞു. ഞാനന്ന് കൊച്ചുപയ്യനാണ്. അതുകൊണ്ട് അങ്ങേരോട് കാര്യങ്ങൾ ചോദിച്ചറിയാനുള്ള ധൈര്യമുണ്ടായില്ല.
അന്നൊക്കെ ഫേസ്ബുക്ക് ഇല്ലാതിരുന്നതിനാൽ അവരുടെ അനുഭവങ്ങൾ അവരാരും പങ്കുവച്ചില്ല.
എന്റെ സഹപാഠിയും, അങ്ങേയറ്റം സൽസ്വഭാവിയുമായ ഒരാൾ പത്താംക്ലാസ്സൊക്കെ കഴിഞ്ഞു പുറപ്പെട്ടുപോയി. വര്ഷങ്ങള്ക്കുശേഷം തിരികെവന്നു. പിന്നെ വിവാഹമൊക്കെ കഴിച്ച് അമേരിക്കയിൽ പോയി.
പൂതി ഏറെ ഉണ്ടായിരുന്നെങ്കിലും, പുറപ്പെട്ടുപോകാനുള്ള ധൈര്യം എനിക്കൊരിക്കലും ഉണ്ടായില്ല.
ഇന്ന് ഈ ആചാരം ഏതാണ്ട് നിലച്ചമട്ടാണ്.
മാതാപിതാക്കൾ എല്ലാ സുഖസൗകര്യങ്ങളും മക്കൾക്ക് നൽകുമ്പോൾ, ഇന്നത്തെ ഏതു പയ്യനാണ് പുറപ്പെട്ടുപോകാൻ തോന്നുക?
ഒരുത്തൻ പുറപ്പെട്ടുപോയാൽ നാട്ടുകാർക്കൊക്കെ വലിയ ത്രില്ലായിരുന്നു. അവൻ തിരിച്ചുവരുന്നതു വരെ.
അന്യമാകുന്ന ഓരോ ആചാരങ്ങൾ.