mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(Krishnakumar Mapranam)

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാണ് ജന്മദിനം. ഭൂമിയിലേയ്ക്ക് ഒച്ചവച്ച് കരഞ്ഞുപുറത്തേയ്ക്കുവീണ ദിനത്തിൻ്റെ ഓർമ്മകൾ ഓരോ വർഷവും പുതുക്കികൊണ്ടിരിക്കുന്ന ദിവസം.


കുട്ടികാലത്ത്  പിറന്നാൾ വരുമ്പോഴാണ് ആശ്വസിച്ചിരുന്നത്. സാധാരണ ദിനങ്ങളിൽ ദാരിദ്ര്യവും അർദ്ധപട്ടിണിയും ഉണ്ടായിരുന്നു. പിറന്നാളിൽ കടം മേടിച്ചിട്ടാണെങ്കിലും നാലും കൂട്ടി വയ്ക്കാൻ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ജന്മദിനത്തിന് അമ്പലത്തിൽ വഴിപാട് കഴിയ്ക്കാൻ അമ്മ ശാന്തിക്കാരനോട് പ്രത്യേകിച്ച് ഏർപ്പാടാക്കിയിട്ടുണ്ടാകും. രാവിലെ അമ്പലകുളത്തിൽ മുങ്ങികുളിച്ച് പുതുവസ്ത്രമില്ലെങ്കിലും അലക്കിവെളുപ്പിച്ച ഈർക്കിൽ കരമുണ്ട് ഉടുത്ത് അമ്പലത്തിൽ പോയി പ്രാർത്ഥിക്കും. അതുകഴിഞ്ഞു വന്നാലേ കാപ്പികിട്ടൂ. 

പിറന്നാൾ ദിവസം ബന്ധുക്കളായി ആരെങ്കിലുമൊക്കെ ഉണ്ണാനുണ്ടാകും. മേടമാസത്തിൽ, അതും വെക്കേഷൻ കാലമായതുകൊണ്ട് ചെറിയമ്മയും മക്കളുമൊക്കെ ഉണ്ടാകും. 

നിലവിളക്ക് കൊളുത്തിവച്ച്  നാക്കിലയിൽ  നാലും വച്ചതും മാമ്പഴപുളിശ്ശേരിയും പപ്പടവും ചോറും എല്ലാം  ഗണപതിയ്ക്ക് വിളമ്പി വച്ചതിനു ശേഷം പിറന്നാൾകാരൻ ഇരിക്കും. പിറന്നാൾകാരൻ്റെ ഇടതും വലതും ആരെങ്കിലുമൊക്കെ ഇരിക്കും. തുളസിയും  കറുകയും പിന്നെ ചിലതൊക്കെ തലയ്ക്കുമുകളിൽ ഉഴിഞ്ഞ് ഒരു ദോഷവും വരുത്തല്ലേ എന്ന പ്രാർത്ഥനയോടെ ഗണപതിയ്ക്ക് കൊളുത്തിവച്ച വിളക്കിനു നേരെയെറിയും. 

പിറന്നാൾകാരന് ഭക്ഷണം വിളമ്പുമ്പോൾ മതി എന്നു പറയാൻ പാടില്ല. അൽപ്പം ഇലയിൽ അവശേഷിപ്പിക്കണം. സാധാരണയായി കുട്ടികാലത്തു തൊട്ടെ ഭക്ഷണം കഴിഞ്ഞാൽ അവരവരുടെ പാത്രങ്ങൾ അവരവർ തന്നെയാണ് എടുക്കേണ്ടതും കഴുകേണ്ടതും.അതാണ് എൻ്റെ വീട്ടിലെ ചിട്ട. ഇലയാണെങ്കിൽ അവനവൻ തന്നെ അതെടുത്തു കളയും. എന്നാൽ പിറന്നാൾ ദിനത്തിൽ ഇതൊന്നും പിറന്നാൾകാരന് ചെയ്തുകൂടാ. 

ബാല്യത്തിലും കൗമാരത്തിലും പിറന്നാൾ വലിയ ആഘോഷമില്ലെങ്കിലും കൊണ്ടാടിയിരുന്നു. പിന്നെപിന്നെ പിറന്നവൻ്റെ ദിനം പോലും ആരെങ്കിലുമൊക്കെ ഓർമ്മിപ്പിക്കണം എന്ന നിലവന്നു. 

അമ്മയുണ്ടായിരുന്നപ്പോൾ എല്ലാവരുടെയും പിറന്നാൾ ഓർമ്മവച്ച് അമ്പലത്തിൽ വഴിപാട് കഴിയ്ക്കും. ചെറിയമ്മയും അങ്ങിനെ ഓർമ്മപ്പെടുത്തും.

ഇന്നാണ്...നിൻ്റെ..പിറന്നാള്...

എന്താ..പിറന്നാളിന്...സ്പെഷ്യൽ...

ഞാനുണ്ടാകും..നിൻ്റെ പിറന്നാളിന്....

അങ്ങിനെ ഓർമ്മപ്പെടുത്താൻ ഇന്നാരുമില്ല. പിറന്നാൾ പലപ്പോഴും കഴിഞ്ഞുപോകുന്നതും അറിയാറില്ല. ഞാനും കുറെകാലമായി എൻ്റെ പിറന്നാൾ ഓർമ്മിക്കാറില്ല. പലപലതിരക്കുകൾക്കിടയിൽ ചിലപ്പോൾ ഉച്ചയ്ക്ക് നേരംതെറ്റിയൊരു ഊണോ അല്ലെങ്കിൽ രണ്ടു ദോശയോ ഏതെങ്കിലും ഹോട്ടലിൽ നിന്ന്.ചിലപ്പോൾ അതുപോലും ഇല്ല. ദാരിദ്ര്യത്തിനിടയിലും പിറന്നാൾ നല്ലൊരു ദിനമായിരുന്നു.ഇപ്പോഴത്തെ അവസ്ഥയിൽ ദാരിദ്ര്യമില്ലെങ്കിലും പിറന്നാൾ ഇല്ല.

ഇന്നു രാവിലെ മകളാണ് ഓർമ്മപ്പെടുത്തിയത്

''അച്ഛാ... ഇന്നച്ഛൻ്റെ... പിറന്നാൾ....

''അതേയോ....അതെ....നാൾ വച്ചു നോക്കുകയാണെങ്കിൽ കഴിഞ്ഞുപോയി...ഇത് ഇംഗ്ളീഷ് കണക്കിലാണെങ്കിൽ... ഇന്നാണ്...

അപ്പോൾ...ഇന്ന് പിറന്നാളാണ്....ഒരു വിഭവവവുമില്ല...ഈ കൊറോണകാലത്ത്....അടച്ചിലിരിപ്പിൽ എല്ലാം മാറ്റിവച്ചതുപോലെ...ഈ പിറന്നാളും...ആരോരുമറിയാതെ…

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ