ആത്മഹത്യാപരമായ ആ വാർത്ത കേട്ടപ്പോഴാണ് ഞാൻ ആത്മഹത്യയെപ്പറ്റി വീണ്ടും ചിന്തിച്ചത്. കുട്ടിക്കാലം മുതൽക്കേടി ഹത്യയെപ്പറ്റി കേട്ടിരുന്നു എങ്കിലും കോളേജിൽ ആയപ്പോൾ കേട്ട ഒരു പ്രസംഗം ആണ് ഇന്നും മായാതെ നിൽക്കുന്നത്. എൻ്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന കെ.എസ്.മനോജ് കുമാറിൻ്റേതായിരുന്നു ആ പ്രസംഗം.
യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിച്ച "ആത്മഹത്യാ പ്രവണത കുട്ടികളിൽ " എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി കൂടിയായ മനോജ് കുമാർ.
"എത്ര സുന്ദരമാണ് ഈ ജീവിതം.. നിങ്ങൾ അറിവ് നേടൂ - -മറ്റുള്ളതെല്ലാം അതിനു പിന്നാലെ വന്നുകൊള്ളും. ഇല്ലായ്മകളെ, പട്ടിണിയെ, പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ ശീലിക്കൂ. അവയും അറിവിൻറെ ഓരോ തുരുത്തുകളാണ്. നമുക്ക് പലതും ചെയ്യാനുണ്ട് എന്ന ചിന്തയായിരിക്കണം നമ്മെ ഭരിക്കേണ്ടത്.കാരണം നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല. ഈ സമൂഹത്തിനു കൂടി വേണ്ടിയാണ് .മരണം നേരിട്ടുവന്ന് വിളിച്ചാൽ പോലും പോകാൻ നേരമില്ലാത്തത്ര ഉത്തരവാദിത്വങ്ങൾ ആണ് നമുക്കുള്ളത് എന്ന് മറക്കാതിരിക്കുക. നിങ്ങൾ നിസ്വനായിക്കോട്ടെ. അസുഖക്കിടക്കയിൽ ആയിക്കോട്ടെ. അപ്പോഴും നിങ്ങൾക്ക് അവസാനശ്വാസംവരെ ചെയ്യാൻ പലതുമുണ്ട് എന്ന ബോധം ഉള്ളിൽ ഉണ്ടാകണം. ഈ അറിവിനെ യാണ് വിദ്യാഭ്യാസം എന്ന് പറയുന്നത്. അതിനാൽ ഈ കലാലയത്തിൽ വിദ്യ അഭ്യസിക്കാൻ എത്തിയ നമുക്ക് ഒരുമിച്ച് പ്രഖ്യാപിക്കാം - മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല."
ആത്മഹത്യ എന്ന വാക്ക് ഒരിടത്തും കടന്നുവരാതെ ആത്മഹത്യക്കെതിരെ സംസാരിച്ചതുകൊണ്ടായിരിക്കും ആ വാക്കുകൾ ഇന്നും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നത് .
മനോജ് കുമാറിൻറെ വാക്കുകൾ കേട്ടതിനു ശേഷമാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് കൂടുതലായി അറിയാൻ ശ്രമിച്ചത്. അങ്ങനെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 309-പ്രകാരം ആത്മഹത്യാശ്രമം കുറ്റകരമാണെന്ന് മനസ്സിലാകുന്നത്. ഒരാൾ ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യക്ക് ശ്രമിച്ചാൽ, അബദ്ധവശാൽ മരിച്ചില്ലെങ്കിൽ അയാളെ ശിക്ഷിക്കും എന്ന് പറയുന്നത് നീതിയാണോ എന്നൊരു ചോദ്യം എൻ്റെ മനസ്സിൽ ഉയരുകയും ചെയ്തു. ഇത്തരം വാദഗതികൾ ഉയർന്നതു കൊണ്ടാകാം 2017 -ൽ കേന്ദ്രസർക്കാർ ഈ നിയമം എടുത്തുമാറ്റി ആത്മഹത്യയുടെ നിയമതടസ്സം ഒഴിവാക്കിയിട്ടുള്ളതായും അറിയാൻ കഴിഞ്ഞു.
ആത്മഹത്യ ചെയ്ത പ്രസിദ്ധരുടെ പട്ടിക ചെറുതല്ല എന്നും ഞാൻ വായിച്ചറിഞ്ഞു. ക്ലിയോപാട്ര, നീറോ ചക്രവർത്തി, വിൻസെൻ്റ് വാൻ ഗോഗ്, ഇറാതോസ്തെനീസ്, ഇവരൊക്കെ അക്കൂട്ടത്തിൽ പെടുന്നവരാണ്. അതായത് വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ സർവ്വരുടെ ഇടയിലും ആത്മഹത്യ എന്ന വിരുതൻ വിലസി നടക്കുന്നുണ്ട്.
പക്ഷേ ഇപ്പോൾ ഈ വാർത്ത ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വർഷം 20 കടന്നുപോയിരിക്കുന്നു. സഹപാഠികളോട് ഉള്ള ബന്ധം എല്ലാം അറ്റുപോയി എന്നുതന്നെ പറയാം. കഴിഞ്ഞയാഴ്ച നെയ്യാറ്റിൻകരയിൽ ഒരു വിവാഹത്തിന് പോയതാണ്. അവിടെ വച്ച്, പാർട്ടി പ്രവർത്തകനായ ദിനകരൻ ആണ് പഴയ മനോജ് കുമാറിനെ കുറിച്ച് വീണ്ടും പറഞ്ഞത്. ഞാൻ ആർട്സ് കോളേജിൽ പഠിച്ചിരുന്ന കാര്യവും വർഷവും പറഞ്ഞപ്പോഴാണ് യൂണിയൻ പ്രവർത്തകനായിരുന്ന കെ.എസ്.മനോജ് കുമാറിനെ അറിയില്ലേ,എന്ന് ചോദിച്ചത്.
"അറിയാം. അയാൾ പിന്നെ യുവജനസംഘടനയിലൊക്കെ പ്രവർത്തിച്ചതായി കേട്ടു. ഇപ്പോൾ ഏതു നിലയിലെത്തി ?"
"അറിഞ്ഞില്ല, അല്ലേ? ആളു മരിച്ചുപോയി. "
"ന്ദേ-എങ്ങനെ?"
"ആത്മഹത്യയായിരുന്നു."
"അതെനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ആത്മഹത്യ ചെയ്യാൻ മാത്രം ഭീരുവായിരുന്നില്ലല്ലോ അയാൾ."
"നമ്മൾ പുറമേ കാണുന്നതുപോലെയല്ല. എല്ലാവരുടെ ഉള്ളിലും ഒരു ഭീരു ഒളിഞ്ഞിരിപ്പുണ്ട്. ആ ഭീരു പുറത്തുവരുന്ന നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപകടമാണ്. "
ദിനകരൻ പറഞ്ഞ ആ തത്വം കേട്ടപ്പോൾ ആത്മഹത്യയെ കുറിച്ചുള്ള എൻറെ അറിവ് എത്ര പരിമിതമാണ് എന്നാണ് ഞാൻ ഓർത്തു പോയത്.