mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
 സാവിത്രി ചേച്ചി മരിച്ച വിവരം കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ എല്ലാവരും അറിഞ്ഞത്. വല്ലാത്ത വിഷമം തോന്നി കേട്ടപ്പോൾ.  അമ്മക്ക് ഭാഗം വച്ചു കിട്ടിയ സ്ഥലമെല്ലാം കിട്ടിയ വിലക്കു വിറ്റു ആ നാട്ടിൽ നിന്നും മടങ്ങുമ്പോൾ ബന്ധുവീടുകൾ  അധികമൊന്നും ഇല്ലായിരുന്നു. റോഡ് മുതൽ അങ്ങ് കിഴക്കു പാടശേഖരങ്ങൾ വരെ തറവാട്ടുകാരുടെ തന്നെ ഭൂമിയായിരുന്നു മുൻപ് . പല താവഴിയായി പിരിഞ്ഞു തറവാട് ഭാഗം വെച്ചപ്പോൾ മിക്കവരും സ്വദേശം വിട്ടു മറ്റു പല സ്ഥലങ്ങളിലേക്ക് താമസം മാറ്റി. അവശേഷിച്ച ഒന്നു രണ്ടു കുടുംബങ്ങൾ കുറച്ചകലെ റോഡരികിൽ വീടുണ്ടാക്കി താമസിക്കാൻ തുടങ്ങി. അവർ കൂടുതൽ പേരും പണ്ട് മുതലേ അമേരിക്കയില് ജോലി ഉള്ളവരാണ്. പേര് ഇടക്കിടെ കേൾക്കാം  എന്നല്ലാതെ കാണാൻ കഴിയാറില്ല. കല്യാണങ്ങൾ ഉള്ളപ്പോൾ മാത്രമാണ് ഇപ്പോൾ അംഗങ്ങൾ  ഒത്തു കൂടുന്നത് . അതിലും അമേരിക്കക്കാരെ കുറിച്ച് പലപ്പോഴും സംസാരിച്ചു കേട്ടിട്ടുണ്ട്.
 
അതു കൊണ്ട് ജനിച്ച നാടുമായുള്ള  പൊക്കിൾകൊടി ബന്ധം അടുത്ത കാലം വരെ സാവിത്രി ചേച്ചിയുടെ വീട്ടുകാരുമായുള്ള ആശയവിനിമയം ആണെന്ന്  വേണമെങ്കിൽ പറയാം, അല്ലാതെ ബന്ധുഗൃഹങ്ങൾ വഴി ആയിരുന്നില്ല.  അതും കുറച്ചുകാലമായി അറ്റുപോയിരുന്നു. 
 
ദേശത്തെ വിഷ്ണുക്ഷേത്രത്തിലെ പരമ്പരാഗത കഴകക്കാരായിരുന്നു സാവിത്രി ചേച്ചിയുടെ അച്ഛന്റെ കുടുംബം . സാവിത്രിചേച്ചി എന്നു പറയുമ്പോൾ ഒരു കൃത്രിമത്വം അനുഭവപ്പെടുന്നത് കൊണ്ട് മണിച്ചേച്ചി എന്നു പറയുകയായിരിക്കും നല്ലതെന്നു തോന്നുന്നു. ഞങ്ങൾ എല്ലാവരും അങ്ങനെയാണ് വിളിച്ചു വന്നത്. 
 
കല്യാണം കഴിഞ്ഞതിൽ പിന്നെ വല്ലപ്പോഴും മാത്രമേ കണ്ടിട്ടുളൂ. ജോലി ചെയ്തിരുന്നത് ഭർത്താവിന്റെ നാട്ടിലെ സർക്കാർ സ്കൂളിലായിരുന്നു. വിവാഹത്തിന് പോയത് ഓർമയുണ്ട്. വേനലവധി കാലത്തായിരുന്നു. നംപീശന്മാസ്റ്റർ ചേച്ചിയെ പോലെ വെളുത്തിട്ടായിരുനെങ്കിലും മണിച്ചേച്ചിയെ കണക്ക് സൗന്ദര്യം ഇല്ലായിരുന്നു . വീട്ടിൽ പറയുകയും ചെയ്തു. അന്ന് അതു പറഞ്ഞപ്പോൾ വീട്ടിലെ സ്ത്രീജനങ്ങൾ കണക്കിന് കളിയാക്കിയിരുന്നു. കാരണം സ്ത്രീ സൗന്ദര്യം അളക്കാൻ മാത്രം പ്രായമായിരുന്നില്ല അന്ന്. ഒരു പക്ഷെ മണി ചേച്ചിയുടെ ഭംഗി തന്നെ ആയിരിക്കണം മൂന്ന് സഹോദരിമാരിൽ അവരെ അത്ര ഇഷ്ടമാകാൻ കാരണം. 
 
മറ്റൊരു കാരണം വൈകുന്നേരം ദീപാരാധനയ്ക്കു തിരിയിടാൻ പെൺമക്കളിൽ ഒരാൾ പോകണമെന്നത് അവരുടെ അച്ഛന് നിർബന്ധമായിരുന്നു. അതു അവധിക്കാലത്തു മണി ചേച്ചിയുടെ ഡ്യൂട്ടിയാണ്. അവരെ പേടി ഉള്ളത് കൊണ്ട് കുട്ടികളായ ഞങ്ങൾ വികൃതി കാട്ടാതെ അമ്പലത്തിൽ പോയി തിരിച്ചു വരും എന്ന് വീട്ടുകാർക്കും അറിയാമായിരുന്നു. വത്സലച്ചേച്ചിയാണ് ഒപ്പമെങ്കിൽ  ഞങ്ങൾ പൂർണ സ്വന്തന്ത്ര്യം എടുക്കും. അവർ മണിച്ചേച്ചിയെ പോലെ കണിശക്കാരിയല്ല. അതു കൊണ്ട് അവരോടൊപ്പം അമ്പലത്തിലേക്ക് പറഞ്ഞയക്കലും കുറവായിരുന്നു. 
 
അസ്തമയത്തോടുത്തു പടിഞ്ഞാറൻ മാനം ചുവക്കുമ്പോൾ തിരിവെച്ചു കത്തിക്കാൻ ഞങ്ങളെല്ലാരും കൂടും. തീ കത്തിക്കാനെടുക്കുന്ന എണ്ണയിൽ മുക്കിയ തിരിയിൽ നിന്നും പലപ്പോഴും കൈ പോള്ളുമായിരുന്നു. പൊളളിയാൽ വായിൽ വിരലിട്ടു കുറച്ചു നേരത്തേക്ക് മാറി നില്കുമെങ്കിലും മറ്റുള്ളവർ കത്തിക്കുന്നത് നോക്കിനിൽക്കാനാകുമായിരുന്നില്ല. വീണ്ടും ദീപസ്തംഭത്തിൽ പിടിച്ചു കയറി കത്തിക്കും. 
 
ഇരുട്ടിയാൽ മാത്രമാണ് മടക്കം. അപ്പോൾ കള്ളുകുടിയന്മാർ ഉണ്ടാകുന്ന സമയമാണ് റോഡിൽ. പലപ്പോഴും അടിപിടിയും പതിവായിരുന്നു വഴിയിൽ. ആ സന്ദർഭത്തിലാണ് ഞങ്ങളുടെ കൈ മുറുകെ പിടിച്ചു വലിച്ച് മണി ചേച്ചി ഓടുന്ന രീതിയിൽ നടക്കുന്നത്. ചോദിച്ചാൽ കള്ളുകുടിയന്മാരുടെ കാര്യം ഓർമിപ്പിക്കും. നസീറിന്റെയും മധുവിന്റെയും സിനിമയിലെ സ്റ്റണ്ട് കണ്ടു കിട്ടിയ ധൈര്യത്തിൽ ചേച്ചിയോട് പേടിക്കാതിരിക്കാൻ പറയാറുണ്ടെങ്കിലും ചേച്ചി വേഗം കുറക്കാറില്ല. അന്ന് കള്ളുകുടിയന്മാരെ നേരിടാമെന്ന ഉറച്ച വിശ്വാസം കൈമുതലായുണ്ടായിരുന്നു. എന്നിട്ടും 
 ഒരിക്കൽ ഒരാൾ ആടിയാടി വന്നപ്പോൾ പോകാൻ പറഞ്ഞത് ചേച്ചിയായിരുന്നു. ഞങ്ങൾ പേടിച്ചു പിന്നോട്ടു മാറിയതോർക്കുന്നു. 
 
കണക്ക് ടീച്ചറായിരുന്നു അവർ. ഒരിക്കൽ അവരുടെ വീട്ടിലെ തയ്യൽ മെഷീനിൽ വെറുതെ കയറി അടിച്ചപ്പോൾ കിട്ടിയ ചുട്ട അടി കണക്ക് മാഷൻമാർക്ക്  മാത്രം സ്വന്തമായതായിരുന്നു. ഇതിന്റെ രുചി സ്കൂളിൽ നിന്നും ഇടക്കൊക്കെ അറിഞ്ഞിട്ടുള്ളത് കൊണ്ട് വേഗം അവർ പഠിപ്പിക്കുന്ന വിഷയം ഉറപ്പായി. ഹിന്ദു ദൈവങ്ങൾക്ക് ഓരോ ആയുധം കല്പിച്ചു നൽകിയത് പോലെയാണ് പണ്ട് കണക്ക് മാഷന്മാർക്ക് ചൂരൽ എന്നു പലപ്പോഴും പറയണമെന്ന് വിചാരിച്ചിട്ടുണ്ട്.ഇപ്പോഴും കണക്ക് പഠിപ്പിക്കുന്ന  ആൾക്കാരെ കാണുമ്പോൾ ചൂരൽ ഉണ്ടോ എന്നറിയാതെ ഓർക്കും. 
 
പത്രത്തിൽ വന്ന ഫോട്ടോ എന്തായാലും പഴയതായിരുന്നു. മനസ്സിൽ ഉള്ള രൂപം തന്നെ. വെളുത്തു നീണ്ടമുടിയുമായി നിറഞ്ഞ ചിരിയോടെ അമ്മയെ തുളസി ഏടത്തീ.. എന്നു വിളിച്ചു വന്നിരുന്ന രൂപം. ഒരു പക്ഷെ അതു മറവിയിലേക്കു കൂപ്പു കുത്തുമായിരുന്നു അവസാനകാലത്തു അവരെ കണ്ടിരുന്നെങ്കിൽ. കിടപ്പിലായാണ് മരിച്ചെതെന്നു കേട്ടു. 
 
ചെറുപ്പത്തിൽ കാണുമ്പോൾ കൊച്ചു വർത്തമാനം പറഞ്ഞിരുന്ന അവരെ പോലെയുള്ള പല സ്ത്രീകളെയും അതുകൊണ്ട് തന്നെ ഏറെ ഇഷ്ടവുമായിരുന്നു. വളർന്നു വലുതായപ്പോൾ നഷ്ടങ്ങളുടെ കണക്കിൽ ഏറെയും ഓർമ്മിക്കുന്നത് അവരുടെയൊക്കെ നിഷ്കളങ്കമായ വാത്സല്യമായിരുന്നു. ഈ അമ്പതുകളിലും അവരെയൊക്കെ കാണുമ്പോൾ മനസ് ആ ബാല്യദശയിലെ അവസ്ഥയിലേക്ക് താനെ താഴും, ഒരു പക്ഷെ, ആ നഷ്ടപ്പെട്ട ഇഷ്ടപ്പട്ട വാത്സല്യം തിരിച്ചു പിടിക്കാനാണോ എന്നറിയില്ല. എന്നാൽ അവരുടെ കണ്ണിൽ കാണുന്ന പുരുഷൻ അവരുടെ വാത്സല്യത്തിന്റെ ഉറവ വറ്റിക്കുമാറ്‌ മുതിർന്നയാളും. എന്നാലും എന്നോടുള്ള വാത്സല്യം പലപ്പോഴും അവർ മക്കളോട് കാണിക്കുന്നത്  ആനന്ദത്തോടെ തന്നെ ആസ്വദിക്കാറുണ്ട്, പൂച്ച പാൽ നുകരുന്നത്  പോലെ. അവരറിയുനുണ്ടോ എന്തോ .

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ