മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sathish Thottassery)

പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാർവാകൻ. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. പുണ്യ പാപങ്ങളിലും പുനർ ജന്മത്തിലും വിശ്വാസമില്ലായിരുന്നു. ചാർവാക ദർശനം എന്നാണ് ഇതറിയപ്പെടുന്നത്

“യാവത് ജീവേത് സുഖം ജീവേത്, 
ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:”

എന്നത്  പ്രസിദ്ധമായ ചാർവാക ശ്ലോകം. മലയാളത്തിൽ പറഞ്ഞാൽ, ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കുടിക്കണം. നെയ്യ് ആ കാലത്തു ദുർലഭവും ലക്ഷുറിയുമായിരുന്നു.കടം വാങ്ങിയത്‌ തിരിച്ചു ചോദിയ്ക്കാൻ വരുമ്പോൾ ആത്‍മഹത്യ ചെയ്യാം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്‍പ്പിന്നെ പുനരുജ്ജീവനമെങ്ങിനെയാണ് എന്ന് സാരം.

ഒരിക്കൽ ഒരു മലയാളി സംഘടനയുടെ ക്ഷണം സ്വീകരിച്ചു  അവരുടെ ഓണാഘോഷ വേളയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസംഗ മദ്ധ്യേ മേൽപറഞ്ഞ ശ്ലോകം ചൊല്ലി വിശദീകരിച്ചശേഷം ഇപ്പോഴത്തെ ടെക്കി ചെക്കന്മാരുടെയും പെണ്ണുങ്ങളുടെയും ജീവിതശൈലി പരാമർശിച്ച് ആനുകാലികമായി മാറ്റം വരുത്തി ഘൃതം പിബേത്എന്നതിന് പകരമായി സ്കോച്ച് പിബേത്ആക്കാം എന്നും പറഞ്ഞു. പ്രസംഗം എല്ലാം കഴിഞ്ഞ ശേഷം ഓണസദ്യയും ഉണ്ട് യാത്രയാക്കാൻ കാറിനടുത്തേക്ക് വന്ന  സംഘാടകരിൽ  സാമാന്യം ഫിറ്റായിരുന്ന ഒരു രസികൻ അടുത്തുവന്നു  കൈകൊണ്ടു വായ പൊത്തിനിന്നു വിനീതനായി പറഞ്ഞു. 

"സാറെ പ്രസംഗമൊക്കെ ഗംഭീരമായി. പിന്നെ ഞാനും ചാർവാകൻ സാറിനെപ്പോലെയാണ്. ഇപ്പൊ കടം വാങ്ങിയാണ് സ്മാൾ അടിക്കുന്നത്." 

കൂടി നിന്നവർ വീണ്ടും ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനും സംഘവുമായി ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തി. 

സംഭവം കേട്ട ശേഷം ഡ്രൈവർ ശശി ദുർഗ്രാഹ്യത കൊണ്ടോ എന്തോ  തെറ്റിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ സന്തുലിതാവസ്ഥ എങ്ങിനെ ശരിയാക്കാം എന്ന ചിന്തയിൽ മുഴുകകയും, പിന്നീട് യാത്ര പോലും ചോദിക്കാതെ സ്ഥലം കാലിയാക്കുകയും ചെയ്തു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ