പതിനേഴ് വർഷങ്ങൾക്ക് ശേഷം ഞാനിന്ന് ആ പഴയ സ്കൂൾ മുറ്റത്തുകൂടി കടന്നു പോയി. വർഷവും, വസന്തവും, വേനലും ഒരുപാട് കടന്നുപോയ ആ അങ്കണത്തിൽ എന്തിനെന്നറിയാതെ എന്റെ മനസ്സ്
ഓർമ്മകളുടെ പേമാരിയിൽ നനഞ്ഞു കുതിരുകയായിരുന്നു. ബാല്യ കൗമാരങ്ങൾ ചിതറിയോടിയ ആ പഴയകാലത്തിലേക്ക് ഒരിക്കൽ കൂടി മനസ്സ് പ്രയാണമാരംഭിച്ചു തുടങ്ങിയിരുന്നു.
ചില സമയത്ത് ഏകാന്തതയ്ക്കും ഒരു സുഖമാണ്. ഒന്നും പറയാതെ ഏന്തോ പറയുന്ന ഒരു അനുഭൂതി. അതേ ഞാനും ഇപ്പോൾ അങ്ങനെ യൊരു അനുഭൂതിയിലാണ്. ഓർമ്മകൾ പിന്നിലേക്ക് മാടി വിളിക്കാൻ തുടങ്ങീട്ട് ഏറെ നേരമായ്.എല്ലാത്തിനും സാക്ഷിയായി ,ആ നെല്ലിമരവും, ആ വലിയ ആൽമരവും ഇപ്പോഴും അവിടെ തന്നെ നിൽക്കുന്നു. സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നുവെങ്കിൽ എത്ര യെത്ര കഥകൾ അവ നമുക്ക് മുന്നിൽ തുറന്നു പറഞ്ഞേനേ?
പഴയ ആ ഓലഷെഡ്ഢിനു പകരം ഇന്ന് രണ്ടും മൂന്നും തട്ടുള്ള കോൺക്രീറ്റ് സൗധങ്ങൾക്ക് വഴി മാറി കൊടുത്തിരിക്കുന്നു. ഒരിക്കൽ കൂടി ഒരു പതിനാലു വയസുകാരിയുടെ ലാഘവത്തോടെ എല്ലാ ക്ളാസ് മുറിയിലും കയറിയിറങ്ങി, കൂട്ടുകാരികളോട് കിന്നാരം പറഞ്ഞ്, ബ്ളേഡും, കോമ്പസും കൊണ്ട് ഡസ്കിനുമുകളിൽ പേരിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് അങ്ങനെ അങ്ങനെ വീണ്ടും ആ പഴയ സ്കൂൾ കുട്ടിയായി .
വീട്ടിൽ നിന്ന് എത്ര നേരത്തെ ഇറങ്ങിയാലും ബെല്ലടിച്ചാൽ മാത്രം ക്ളാസിലെത്താൻ കഴിയുന്ന സമയത്തിന്റെ ഒരു മാജിക്. വൈകുന്നേരം സ്കൂൾ വിട്ടു കഴിഞ്ഞാൽ വീട്ടിലേക്കു തിരിക്കുമ്പോൾ, പക്ഷിമൃഗാദികൾക്കു പോലും നൽകാതെ പഴങ്കൊട്ടക്കകളും, പിഞ്ചു പുളിയും, ശേഖരിച്ച് വയറുനിറച്ചും; ഡിസംബർ മാസമാണെങ്കിൽ പറയുകയേ വേണ്ട , പാറപ്പുറത്ത് പ്രകൃതി വിരിക്കുന്ന പുൽത്തകിടിയിൽ കിടന്നുരുണ്ടും വീടണയുമ്പോൾ സന്ധ്യയാവുന്നതും, നേരം വൈകിയതിന് അമ്മയുടെ വായിലുള്ളതൊക്കെ കേട്ട് , ഒരു ചളിപ്പു മില്ലാതെ അടുത്തുള്ള തോട്ടിലേക്ക് കുളിക്കാനായി ഓടുന്നതും എല്ലാം ഇന്നലെ എന്നതു പോലെ.
തുറന്നു കിടക്കുന്ന സ്കൂൾ ഗെയിറ്റിൽ ഒരു മാത്ര ഞാൻ ശങ്കിച്ചു നിന്നെങ്കിലും മനസ് എന്നെക്കാൾ മുന്നേ മുന്നോട്ടു കുതിച്ചിരുന്നു. തുറന്നിട്ട വാതിലിലൂടെ ഞാനോരോ ക്ളാസ് മുറികളിലേക്കും കണ്ണോടിച്ചു. ഒന്നുമെനിക്ക് പരിചിതമായി തോന്നിയതേയില്ല. വർഷങ്ങൾ മാറിയതു പോലെ എല്ലാത്തിനും വന്നിരിക്കുന്നു മാറ്റം.
സൗഹൃദവും,പ്രണയവും ആ തിരുമുറ്റത്ത് തന്നെയാണ് നഷ്ടപ്പെട്ടത്. വീണ്ടും പുതിയവയൊക്കെ തളിർത്തുവെങ്കിലും ആ പഴയതിന്റെ സുഗന്ധം ഒന്ന് വേറെ തന്നെയായിരുന്നു.
ഓർമ്മകളും കൊണ്ട് ഞാൻ നടന്നെത്തിയത് പത്ത് സി യുടെ മുന്നിലായിരുന്നു . ആദ്യമായി ഒരു പ്രണയം മൊട്ടിട്ടതും ആ ക്ളാസ് മുറിക്കുള്ളിൽ വെച്ചു തന്നെയായിരുന്നു. നീ സ്ഥിരമായി ഇരിക്കാറുള്ള ആ പിൻബെഞ്ചിലേക്ക് അറിയാതെ എന്റെ നോട്ടം പോയി. അവിടെയിരുന്ന് കൂട്ടുകാർ ആരും കാണാതെ നീയെന്നെ നോക്കുന്നതു പോലെ....!
ഇപ്പോൾ ഞാനറിയുന്നു. ഞാനും, നീയും അടങ്ങുന്ന ആ ക്ളാസ് മുറികൾ ഇന്ന് മറ്റേതോ തലമുറകളുടെ ശബ്ദത്താൽ മുഖരിതമാണെന്ന്. ഓർമ്മകൾക്ക് പിന്നെയും സുഗന്ധം. ആരും കാണാതെ പരസ്പരം നോക്കിയിരുന്ന കാലം.ആരുമറിയാതെ പുസ്തകത്താളിനുള്ളിൽ കൈമാറിയിരുന്ന പ്രണയലേഖനങ്ങൾ, മയ്യിൽപ്പീലി ത്തുണ്ടുകൾ. വല്ലപ്പോഴും പങ്കുവെച്ചിരുന്ന പാരീസ് മിഠായികളുടെ മധുരം. ഒരു വിരൽത്തുമ്പുപോലും സ്പർശിക്കാതെ നാം കൈമാറിയ പ്രണയം ഇന്നത്തെ തലമുറക്ക് മനസിലാകുമോ എന്തോ...?
ഒന്നും പരസ്പരം സംസാരിച്ചില്ലെങ്കിലും ,ഹൃദയം കൊണ്ട് നാം പലതും സംസാരിച്ചു. അല്ലെങ്കിലും നമ്മളൊരിക്കലും വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്നില്ലല്ലോ..?
സംസാരം മുഴുവൻ അക്ഷരകൂട്ടങ്ങളായി മാറിയപ്പോഴാണ്. എന്നിലും,നിന്നിലും ഒളിഞ്ഞിരുന്ന കവിതയും, കഥയും പുറത്ത് വന്നതെന്നു തോന്നുന്നു .
എന്നിലെ നട്ടപിരാന്തുകൾ ഉണർത്തിവിട്ട നീയിന്ന് എവിടെയാണ്. ഒരിക്കൽ കൂടി നിന്നെയെനിക്ക് കാണണമെന്നുണ്ട്. കണ്ടാൽ തന്നെ നിന്നെയെനിക്കോ, എന്നെ നിനക്കോ മനസിലാകുമോ? ഇല്ലായിരിക്കാം അല്ലേ..! കാരണം കാലം നമ്മിലോരോരുത്തരിലും ഒത്തിരി മാറ്റം വരുത്തിയിരിക്കുന്നു.
ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ ഞാനാ പഴയ ആട്ടോഗ്രാഫ് എടുത്ത് നോക്കും. ഓർമ്മകൾക്കപ്പുറം നിറമുള്ള നോവിനാല് കൂടു കൂട്ടിയൊരായിരം അർത്ഥമില്ലാത്ത ഒരായിരം വാക്കുകളും, ഒപ്പുകളും അതിനിടയിൽ നീ കുറിച്ചിട്ട വാക്കുകൾ എന്നെ നോക്കി ചിരിക്കും, ഒരിത്തിരി പരിഹാസത്തോടെ.....
പരിചയമില്ലാത്ത ആരുടെയോ ശബ്ദമാണ് ഓർമ്മകളുടെ മഹാ സൗധത്തിൽ നിന്നും എന്റെ മനസിനെ താഴേക്കിറക്കിയത് .ശരിയാണ് എനിക്കൊട്ടും പരിചയമില്ലാതായിരിക്കുന്നു എല്ലാം. കാരണം കാലം അത്രയേറെ മാറ്റം വരുത്തിയിരിക്കുന്നു എല്ലാത്തിനും. ആരെയും ശ്രദ്ധിക്കാതെ ആ സ്കൂൾ പടിക്കെട്ടുകൾ ഓടിയിറങ്ങുമ്പോൾ... എന്തിനെന്നറിയാതെ എന്റെ മിഴികൾ തുളുമ്പാനൊരുങ്ങുകയായിരുന്നു .
ചിലപ്പോൾ ചിതലരിക്കാത്ത ആ ഓർമ്മകൾ തന്നെ ആയിരിക്കണം കാരണം .