ഏകദേശം രണ്ടു മാസം മുൻപാണ് മിസ്സിസ്സ് ടോണി വാൾട്ടർ എന്നൊരു വിദേശ സ്ത്രീ ഫേസ്ബുക്കിൽ എൻ്റെ ഫ്രണ്ട് ലിസ്റ്റിൽ കയറിക്കൂടിയത്. അവർ എൻ്റെ കഥകൾക്കെല്ലാം ലൈക്കും കമൻ്റും വാരിക്കോരി
തന്നു. അതിനുശേഷം മെസഞ്ചറിലൂടെ എന്നെ പരിചയപ്പെടുവാൻ വന്നു.ഞാൻ അവർക്ക് മറുപടി കൊടുത്തു.'കഥകൾ എല്ലാം സൂപ്പർ ആണെന്ന് ' അവർ പലവട്ടം പറഞ്ഞു .
സത്യത്തിൽ ആ പുകഴ്ത്തലിൽ ഞാൻ വീണു പോയി.
ഒരു ഇംഗ്ലീഷുകാരി എങ്ങനെയാണ് എൻ്റെ മലയാളം കഥകൾ മനസ്സിലാക്കിയെന്ന് പിന്നീടാണ് ഞാൻ ചിന്തിച്ചത്. അതിൻ്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. ഞാൻ അവരോടു തന്നെ ചോദിച്ചപ്പോൾ അവർ പറഞ്ഞു.
അതിന് ഒരു ലാംഗ്വേജ് ട്രാൻസലേറ്റ് ആപ്പ് ഉണ്ട്. അതിലൂടെയാണ് അവർ അത് മനസ്സിലാക്കിയത് എന്ന്. അവരുടെ മെസ്സേജുകൾ ദിവസവും രാവിലെയും, വൈകിട്ടുമങ്ങനെ വന്നുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ നല്ല സൗഹൃദത്തിലായി.
എൻ്റെ കുടുംബത്തെക്കുറിച്ചും നാടിനെക്കുറിച്ചുമൊക്കെ അവർ വിശദമായി അന്വേഷിച്ചു. ഇംഗ്ലീഷ് വശമില്ലാത്തതിനാൽ ഞാൻ ചാറ്റിങ് എൻ്റെ മോനേ ഏൽപ്പിച്ചു. ദിവസവും എനിക്കായി അവൻ മെസ്സേജുകൾ ഇട്ടു പോന്നു.
ഡിസംബർ 14ന് അവർ എന്നോട് ചോദിച്ചു. 'പതിനെട്ടാം തീയതി ആണ് ബർത്ത് ഡേ അല്ലേ എന്ന്. അന്ന് ഞാനൊരു സർപ്രൈസ് സമ്മാനം തരും.' എന്ന്. അത് കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി.ഒരു വിദേശി എൻ്റെ കഥകൾ വായിച്ച് സൗഹൃദം കൂടി എനിക്ക് പിറന്നാൾ സമ്മാനം തരുക എന്ന് പറഞ്ഞാൽ! ഏതായാലും ഞാൻ വളരെ ആഹ്ലാദത്തിലായിരുന്നു. അവർ എൻ്റെ അഡ്രസ്സും ഫോൺ നമ്പറും എല്ലാം ചോദിച്ചു. ഗിഫ്റ്റ് കൊറിയർ വഴി നിങ്ങളുടെ വീട്ടിൽ എത്തും എന്നു പറഞ്ഞു.
അങ്ങനെ ഞാൻ ഗിഫ്റ്റും കാത്തിരിക്കാൻ തുടങ്ങി. ഹസും മോനും പറയുന്നുണ്ട് 'ഇത് എന്തോ ഉഡായിപ്പാണ് ' എന്ന്. പക്ഷേ ഞാൻ അവരുടെ സൗഹൃദവും ഗിഫ്റ്റും സത്യമെന്ന ധാരണയിൽ മുന്നോട്ടു പോയി.
അടുത്ത ദിവസം അവർ പറഞ്ഞു. ഗിഫ്റ്റ് അയച്ചിട്ടുണ്ട്. ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
"എന്താണ് ഗിഫ്റ്റ്?" അവർ പറഞ്ഞ ഗിഫ്റ്റുകളെക്കുറിച്ച് കേട്ട ഞാൻ വല്ലാതെ അദ്ഭുതപ്പെട്ടു പോയി.മദാമ്മ സമ്മാനമായി നൽകുന്നത് ഡയ്മണ്ട് പതിപ്പിച്ച സ്വർണ ചെയിൻ, ഐഫോൺ, ആപ്പിളിന്റെ ലാപ് ടോപ്പ്, റോളക്സ് വാച്ച് എന്നിങ്ങനെ പത്തു ലക്ഷം രൂപയുടെ സാധനങ്ങൾ ആണ് അവർ ഈ ഇന്ത്യൻ സുഹൃത്തിനു തരുന്ന ഗിഫ്റ്റ്.
ഇത്രയും കേട്ടതേ മോൻ ഉറപ്പിച്ചു പറഞ്ഞു. "മമ്മീ ഇത് ഒന്നാന്തരം ഉഡായിപ്പ് തന്നെ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൾക്ക് ലക്ഷങ്ങളുടെ സമ്മാനം കൊടുക്കാൻ അവർക്കെന്താ വട്ടുണ്ടോ? ഇപ്പോൾ തന്നെ അവരെ ബ്ലോക്ക് ചെയ്യാം."
ഗിഫ്റ്റിൽ എൻ്റെ മനസ് കുടുങ്ങി കിടന്നതിനാൽ ഞാൻ എതിർത്തു.
വീട്ടിൽ ഞങ്ങൾഎല്ലാവരും കൂടി സംസാരിച്ചു ഒരു തീരുമാനത്തിലെത്തി.
'ഏതായാലും ഇത് എവിടെ വരെ പോകും എന്ന് നോക്കാം.'
ഞങ്ങൾ കാത്തിരുന്നു. അടുത്തദിവസം രാവിലെ വീണ്ടും അവരുടെ മെസ്സേജ് .
''ഗിഫ്റ്റ് അയച്ചിട്ടുണ്ട് നിങ്ങൾ കൈപ്പറ്റും മുമ്പ് ഒരു 20,000 രൂപ അടയ്ക്കണം."
ഞാൻചോദിച്ചു. "എന്തിനാണ് പണം അടയ്ക്കുന്നത് ?"
നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രത്യേകതയാണ്. ടാക്സ് ആയിട്ടാണ് ഇരുപതിനായിരം രൂപ അടയ്ക്കേണ്ടത്.
"എൻ്റെ കൈയ്യിൽ അത്രയും പണം ഇല്ല." ഞാൻ പറഞ്ഞു.
"നിങ്ങൾ ഈ ചാൻസ് നഷ്ടപ്പെടുത്തിയാൽ ഈ ഗിഫ്റ്റ് എല്ലാം നിങ്ങൾക്ക് നഷ്ടമാകും. എങ്ങനേയും പണം അടയ്ക്കൂ." അവർ എന്നെ നിർബന്ധിച്ചു.
"അങ്ങനെയെങ്കിൽ ഗിഫ്റ്റ് എൻ്റെ കയ്യിൽ കിട്ടിയ ശേഷം ഞാൻ പണം അടയ്ക്കാം." ഞാൻ പറഞ്ഞു.
"ഗിഫ്റ്റ് നിങ്ങൾ സ്വീകരിക്കുന്നതിനു മുമ്പ് പണം ഞാൻ തരുന്ന അക്കൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ ഗിഫ്റ്റ് കിട്ടുകയുള്ളൂ." അവർ പറഞ്ഞു.
ഉടായിപ്പ് ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഞാൻ ചോദിച്ചു. "ശരി ആരുടെ പേരിലാ പണം അയക്കേണ്ടത് ?" കർണാടകയിൽ ഉള്ള ഒരു ജയശ്രീ എന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പർ അവർ തന്നു.
ഒന്നാന്തരം പറ്റിക്കൽസ് ആണ് മനസ്സിലാക്കി ഞാൻ പറഞ്ഞു.
"കോവിഡ് പ്രോട്ടോക്കോൾ കാരണം ഇന്ത്യക്കാർ വിദേശികളുടെ ഗിഫ്റ്റ് സ്വീകരിക്കാറില്ല."
കൂടുതൽ മുന്നോട്ടു പോകാതെ ഞാൻ അവരെ ബ്ലോക്ക് ചെയ്തു.