മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sathish Thottassery)

പണ്ട് പണ്ട് എന്ന് പറയാൻ പറ്റില്ല എന്ന് തോന്നുന്നു. കാരണം ഈ പണ്ടിന്റെ ഇരിപ്പുവശത്തെ പറ്റി ലിഖിതമോ അലിഖിതമോ ആയ നിർവചനങ്ങളൊന്നും ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു് നമുക്ക് ഏകദേശം ഒരു അര നൂറ്റാണ്ടു പുറകിലേക്ക് പോകാം.  കുറച്ചു കൂടി വിശദമായി പറയുകയാണെങ്കിൽ തൊട്ടനിയൻസ് ചൂരി മൂക്കൊലിക്കുമ്പോൾ കയ്യിന്റെ മുട്ടിനും പടത്തിനും ഇടക്കുള്ള ഭാഗം കൊണ്ട്‌ ഒരു വലി വലിച്ചു ടൗസറിൽ തൊടയ്ക്കണ കാലം എന്ന് പറയാം. 

അന്ന് ലോകം ഇത്രയ്ക്കു പുരോഗമിച്ചിട്ടില്ല. ശനിയാഴ്ചകളിൽ  കാലത്തു വന്നു ശംഖു വിളിക്കണ പണ്ടാരത്തിനു മുത്തശ്ശൻ ഒരുപൈസ ഉദാരമായി ദാനം കൊടുക്കുകയും പണ്ടാരൻസാറ് അത് വാങ്ങി
സന്തോഷത്തോടെ  സലാമടിച്ചു പോണ കാലവുമായിരുന്നു. കറുത്ത് കറുത്ത് നീഗ്രോകളെ പോലെ ഇരിക്കുന്ന നായാടികൾ ഉച്ചക്ക് ഒരുമണിയോടെ വന്ന്‌ ഉണ്ണിയമ്മയെ ഉണ്ണിതമ്പ്രാട്ടിയേന്നും അച്ഛേമയെ പാച്ചി   ണ്തമ്പ്രാട്ടിയേന്നും നീട്ടി വിളിക്കുമായിരുന്നു. അവർ എവിടന്നു വരുന്നെന്നും എവിടേക്കു പോകുന്നുവെന്നും ഒന്നും അന്ന് അറിഞ്ഞിരുന്നില്ല. അടുത്തെത്തുമ്പോൾ മുഷിഞ്ഞ വസ്ത്രങ്ങളുടെ ഒരു ഉളുപ്പ് നാറ്റം ഉണ്ടാകും. വെള്ളച്ചോറും തലേ ദിവസത്തെ കൂട്ടാനും എന്തായാലും സന്തോഷത്തോടെ വാങ്ങിക്കൊണ്ടുപോകും. അത് കൊണ്ടായിരിക്കും അവരുടെ കുടുംബം അന്നത്തെ വിശപ്പടക്കുന്നത്. പഴയ സാരി,  മുണ്ട്‌ ഒക്കെ കിട്ടിയാൽ അവർ ചക്ക കൂട്ടാൻ കണ്ട ഗ്രഹണിക്കാരനെ പോലെയാകും. മുത്തശ്ശനൊക്കെ ഉടുത്തു പഴകിയ മുണ്ട്‌ മീൻ പിടിക്കണ വല പോലെയുണ്ടാകും. എന്നാലും അവർക്ക്‌ അന്നത് ചാകരയാണ്. അത് അന്ത കാലം. 

ഇനി ഇന്ത കാലത്തിലേക്ക് വരാം. രണ്ടു മൂന്നു കൊല്ലം മുമ്പ് ഉണ്ണിയമ്മയും അന്ന് വീട് അടിച്ചു തുടയ്ക്കാൻ വന്നിരുന്ന പാറുത്തള്ളയുമായുണ്ടായ ഒരു കോൺവെർസേഷൻ ഓർമ്മയിൽ വരുന്നു. 

ഉണ്ണിയമ്മ : "പാറൂ പൂമ്പൊ പറേണം ട്ടോ."

പാറു: "ഓ... "

ഉണ്ണിയമ്മ: "കൊർച് ചോറും കൂട്ടാനൂണ്ട്. കൊണ്ടോക്കോ."

പാറുതള്ള പോകാന്നേരം,  പണ്ട് മുത്തശ്ശൻ പണ്ടാരത്തിനു ഒരു പൈസ കൊടുക്കുമ്പോഴുള്ള സ്നേഹവായ്‌പോടെ ഉണ്ണിയമ്മ ഒരു പാത്രം നിറയെ വെള്ളച്ചോറും അതു മുങ്ങാൻ പാകത്തിൽ തലേന്നാളത്തെ സാമ്പാറും ഒഴിച്ച് കൊടുത്തു. തള്ള അതൊന്നു മൂക്കോളം അടുപ്പിച്ചിട്ട്‌ ഡയലോഗ്:

"അയ്യേ എയ്‌ക്കൊന്നും വേണ്ടാത്. നാറീട്ടുവയ്യ. അന്നൊരീസം ദു പോലെ വീട്ടി കൊണ്ടോയിട്ടു നായീം കൂടെ തിന്നില്ല."  

അപ്പോൾ ഉണ്ണിയമ്മടെ ഉച്ചത്തിലുള്ള കാച്ച്: "ഔ. എന്താ തള്ളടെ പവറ്. വേണങ്കി കൊണ്ടുപൊക്കോ തള്ളെ. വേണ്ടങ്കി ആ തെങ്ങിൻചോട്ടില് കൊണ്ട് കൊട്ടിക്കോ."

പിന്നെ കണ്ടത് പാറുത്തള്ള ശരവേഗത്തിൽ ചോറും കൂട്ടാനും തെങ്ങിന്തടത്തിൽ കൊണ്ട് കൊട്ടിയിട്ടു് പാത്രം മോറാതെ അമ്മിക്കല്ലിൽ "പട്ടേന്നു" വെച്ചിട്ട് പിറുപിറുത്തോണ്ട് പടിപ്പെര കടന്നു പുറത്തു പോകുന്നതാണ്.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ