80കളുടെ അന്ത്യം. ഒരു കേസിൽ കുരുങ്ങി പൊലീസ് കസ്റ്റഡിയിൽ. പകൽ മുഴുവൻ ലോക്കപ്പിനു പുറത്തുള്ള ബെഞ്ചിൽ വിശ്രമം. രാത്രിയായപ്പോൾ ഒരു വയറൻ പൊലീസുകാരനു പാറാവു ഡ്യൂട്ടി.
കുടവയറുകൊണ്ടുള്ള ദുഖം,അയാളെക്കൊണ്ടു ഇങ്ങനെ പറയിച്ചു.
"എടാ പ്രേമാ,നീയെന്റെ വയറു കണ്ടെല്ലോ.നീയെങ്ങാനും ഇറങ്ങി ഓടിയാൽ ഈ വയറും കൊണ്ടു പാതിരാത്രി നിന്റെ പുറകേ ഓടാൻ എനിക്കു വയ്യ. നീ ആ ലോക്കപ്പിലോട്ടൊന്നു കേറിക്കേ"
ടാന്റെക്സ് ജട്ടിക്കമ്പനിയുടെ പരസ്യം പോലെ ലോക്കപ്പിലേക്കു കയറി. പൊലീസിലെ സത്യസന്ധനായ ആ വയറനെപ്പറ്റി 'എന്തരോ മഹാനുഭാവലൂ'എന്നാലോചിച്ചു ഒന്നു മയങ്ങിയപ്പോഴാണു,ഒരു നിലവിളി കേട്ടതു. പാതിരാത്രി സംശയാസ്പദമായി കണ്ട ഒരുത്തനെ കൊണ്ടു വന്നു,പൊലീസുകാർ സൽക്കരിച്ചതായിരുന്നു. കുറേക്കഴിഞ്ഞപ്പോൾ ലോക്കപ്പ് തുറന്നു,ന്യൂസ് പേപ്പർ വസ്ത്രമാക്കിയ ഒരുവനെ അകത്തോട്ടു തള്ളി,ലോക്കപ്പ് പൂട്ടി. സ്വന്തമായി ജട്ടിപോലുമ്മില്ലാത്തവനെ എനിക്ക് ഇഷ്ടപ്പെട്ടില്ല,മാത്രവുമല്ല,ഞാൻ സ്വന്തമായി ജട്ടി ഉള്ളവൻ. എന്റെ മാത്രം സ്വന്തമെന്നു കരുതിയ എന്റെ ലോക്കപ്പിൽ,എന്റെ അനുവാദമില്ലാതെ വന്നവനെ നോക്കി,അതിഥി ദേവോ ഭവ എന്നു പറയാനുള്ള വിശാല മനസ്ഥിതി എനിക്കു ഉണ്ടായതുമില്ല. കടന്നുവന്നവൻ ലോക്കപ്പിന്റെ ഒരു കോണിൽ പോയി ഇരുന്നു. നിശബ്ദത. കുറേ നേരം കഴിഞ്ഞപ്പോൾ പേപ്പർധാരി മൗനം ഉപേക്ഷിച്ചു.
"ചേട്ടനെ എനിക്കറിയാം". കൊച്ചു വർത്തമാനം പറഞ്ഞു കൂട്ടുകൂടാനുള്ള ഒരുക്കമാണു,
"പോടാ പോടാ" വിരട്ടി ഓടിച്ചു.
"ചേട്ടാ,ഇവിടെ കൂടിയതും കുറഞ്ഞതുമൊന്നുമില്ല".അവനെ അടുപ്പിക്കാത്ത വിഷമം,തത്വചിന്തയായി അവൻ പുറന്തള്ളി.
കുറേ വ്വർഷങ്ങൾക്കുശേഷം വി ജെ റ്റി ഹാളിനു മുൻപിൽ വച്ചു പഴയ പേപ്പർധാരിയെ കണ്ടു. അവനെ എനിക്കു മനസിലായെങ്കിലും,അവനു എന്നെ മനസ്സിലായില്ല എന്നതു ഭാഗ്യം."നമ്മൾ പഴയ ലോക്കപ് മേറ്റ്സ് അല്ലേ ചേട്ടാ"എന്ന ഒരു ചോദ്യത്തിൽ നിന്നു രക്ഷപ്പെട്ടതു മുജ്ജന്മ സുകൃതം.