ശ്രീലങ്ക എന്ന രാജ്യം കേരളീയർക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കാളും വളരെ അടുത്താണ്. ദില്ലി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെല്ലാം നമുക്ക് ശ്രീലങ്കയെക്കാൾ എത്രയോ ദൂരെയാണ്.
എന്തിന് തിരുവനന്തപുരത്തു നിന്നു കാസർഗോഡേക്കുള്ളതിൻ്റെ പകുതി ദൂരമേ ജാഫ്നയിലേക്കുള്ളു. ഭാഷ, സംസ്ക്കാരം, വിദ്യാഭ്യാസം, ആഹാരരീതി എന്നിവയിലെല്ലാം തമിഴരെക്കാൾ നമുക്ക് അടുപ്പം ശ്രീലങ്കക്കാരോട് ആണ്. ഗൾഫ് എന്ന സ്വപ്ന ലോകം തുറക്കുന്നതിനു മുമ്പ് മലയാളികളുടെ അഭയകേന്ദ്രമായിരുന്നു ഈ കൊച്ചു രാജ്യം. എന്നിട്ടും മലയാളികളെ ശ്രീലങ്കയിൽ കാൽ നൂറ്റാണ്ടോളം നീണ്ടു നിന്ന ആദ്യന്തര യുദ്ധവും, കൂട്ടക്കൊലയും തീരെ ബാധിച്ചില്ല. കാരണം നമുക്കിടയിലൊരു കടലുണ്ട്.ശ്രീലങ്ക മറ്റൊരു രാജ്യമാണ്. അവിടെ എന്ത് നടന്നാലും നമുക്കൊന്നുമില്ല. ആ നിസ്സംഗഭാവം എഴുത്തുകാരനെ വേദനിപ്പിച്ചതു പോലെ തന്നെ ആണ്ടാൾ ദേവനായകിയുടെ കഥ എന്നെയും നൊമ്പരപ്പെടുത്തി.
'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' - ടി.ഡി.രാമകൃഷ്ണൻ്റെ ഈ പുസ്തകം വായനയുടെ തുടക്കത്തിൽ ഒന്നും മനസ്സിലായില്ലെങ്കിലും വായന കഴിഞ്ഞപ്പോൾ ദേവനായകി മനസ്സിൽ നിന്നും കുടിയിറങ്ങി പോകാതെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരുന്നു.
വർത്തമാനകാല രാഷ്ട്രീയവും, ഭൂതകാലമിത്തും കോർത്തിണക്കിയാണ് അദ്ദേഹം സുഗന്ധി എന്ന ആണ്ടാൾ ദേവനായകിക്ക് ജന്മം നൽകിയിരിക്കുന്നത്. മലയാളനോവൽ ഇന്നോളം കാണാത്ത ഒരു ഭാവനയുടെ ഭൂപടമാണ് നമുക്കു മുന്നിൽ ചുരുൾ നിവർത്തിയിരിക്കുന്നത്. പാണ്ഡ്യ -സിംഹള യുദ്ധവും, മനുഷ്യാവകാശങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്തു കൊണ്ടുള്ള ശ്രീലങ്കൻ രാഷ്ടീയവും ഇന്നിൻ്റെ നേർകാഴ്ചയാണ്. തമിഴ് ചരിത്രത്തിന് ഊന്നൽ കൊടുത്തു കൊണ്ടുള്ളതല്ല രാമകൃഷ്ണൻ്റെ ഈ നോവൽ. മറിച്ച് ഇന്നോളം നാം ഇന്നോളം കേട്ടിട്ടില്ലാത്ത ജനാധിപത്യവിരുദ്ധവും, ഏകാധിപത്യവും ഇഴചേർന്ന് സ്വന്തം പോരാളികളെ തന്നെ കൊന്നു തിന്നുന്ന ഒരു ക്രൂര മൃഗത്തെ പോലുള്ളതായിരുന്നു ആ പ്രസ്ഥാനം. സ്ത്രീകൾ ചരിത്രത്തിൻ്റെ വിധാതാക്കളാകുന്നതിൻ്റെ അസാധാരണവും, അപൂർവ്വവുമായ നോവൽ വൽക്കരണവുമാകുന്നു 'സുഗന്ധി'