(Krishnakumar Mapranam)
നാം കടന്നുപോന്ന വഴികളിലേയ്ക്കുള്ള ഒരു തിരിഞ്ഞു നടത്തം ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. ഒന്നുകിൽ പിറന്ന നാടിനെ കുറിച്ച് , അതുമല്ലെങ്കിൽ ബാല്യകൗമാരങ്ങളിലോ യൗവനങ്ങളിലോ നമ്മെ തൊട്ടുണർത്തിയ മധുരസ്മരണകൾ , സ്കൂളോർമ്മകൾ കയ്പ്പും മധുരവും നിറഞ്ഞ സ്വ ജീവിതാനുഭവങ്ങൾ , ജോലിയിടങ്ങളിലെ അനുഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഓർമ്മകളെ നാം പലപ്പോഴും മനസ്സിലേക്ക് കൂട്ടിക്കൊണ്ടു വരും. അവയെ താലോലിച്ചു കൊണ്ടിരിക്കും പങ്കുവയ്ക്കാൻ ആഗ്രഹിക്കും.
വ്യത്യസ്ത പാതകളിലൂടെ സഞ്ചരിക്കുന്നവരാണ് നാമൊക്കെ. കടന്നുപോന്ന വഴികൾക്കും കാഴ്ചപ്പാടുകൾക്കുമുണ്ട് വ്യത്യാസങ്ങൾ ഏറെ.
ഇവിടെ ശ്രീമതി രാജി അമ്മയെ കുറിച്ചുള്ള ഓർമ്മകളാണ് ''അമ്മയെന്ന ആൽമരം'' എന്ന കൃതിയിലൂടെ വെളിപ്പെടുത്തുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ അമ്മയെന്നത് പ്രാണവായു പോലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.
അമ്മ എന്ന രണ്ടക്ഷരം സ്നേഹമാണ്. വാത്സല്യവും കരുണയും തണലും കരുത്തുമാണ് . അമ്മ നമ്മുടെ ജീവിതത്തിന് സുരക്ഷയുടെ കവചമൊരുക്കുന്നു. അമ്മ വെളിച്ചമാണ് ഒറ്റവാക്കിൽ പറഞ്ഞാൽ അമ്മ എല്ലാമാണ്. അമ്മയുടെ മുന്നിൽ എത്തുമ്പോൾ നാം എപ്പോഴും ഒരു കുഞ്ഞായി മാറുന്നു.
രാജി സാഹിത്യലോകത്ത് പുതുമുഖമല്ല. ഇതിനുമുമ്പും കഥകൾ എഴുതിയിട്ടുണ്ട് ''സമയപരിധി നൂറുമീറ്റർ'' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിൽ ധാരാളം കഥകളും അവതരിപ്പിച്ചിട്ടുണ്ട്.
ശ്രീമൂലനഗരം മോഹനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
അനുഭവങ്ങളുടെ തീക്ഷ്ണത ഒട്ടും കുറയാതെ സ്വച്ഛന്ദമായി ഒഴുകുന്ന ഒരു പുഴയുടെ മനോഹാരിത ഈ അനുഭവക്കുറിപ്പുകളിലൂടെ നമുക്ക് വായിച്ചെടുക്കാം .
നമ്മുടെ ജീവിതത്തിൽ അമ്മയിൽ നിന്നാണ് നാം കൂടുതലായും പഠിക്കുന്നത്. ആദ്യാക്ഷരം പോലും അമ്മയാണ് നമുക്ക് പകർന്നു നൽകുന്നത് . നമ്മെ വളർത്തി വലുതാക്കാൻ അവർ അവരുടെ ജീവിതത്തിൽ പലതും മാറ്റിവയ്ക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു . അവർ അല്ലലറിയിക്കാതെ നമ്മെ വളർത്തുന്നു. നമ്മുടെ മുഖമൊന്നുവാടിയാൽ ആ കരൾ പിടയ്ക്കും.
പുതിയ കാലത്ത് അച്ഛനമ്മമാരെ സ്വകാര്യ സന്തോഷങ്ങൾക്കും സൗകര്യത്തിനുമായി തന്ത്രപൂർവം ഒഴിവാക്കുന്ന, ഉപേക്ഷിക്കുന്ന ഒട്ടേറെ സംഭവങ്ങൾ നമുക്കറിയാം. സമൂഹത്തിലെ ഇത്തരം ചില കറുത്ത സത്യങ്ങളാണ് എഴുത്തുകാരിയെ ഈ അനുഭവകുറിപ്പുകൾ എഴുതാൻ പേരിപ്പിച്ചത്. ഒരമ്മയും മകളും തമ്മിലുള്ള സ്നേഹത്തിൻ്റെ ആഴം നമുക്കിവിടെ അളക്കാനാവാതെ നിലകൊള്ളുന്നു.
തൻ്റെ അമ്മയുടെ ജീവിതാനുഭവങ്ങളും അമ്മയെന്ന ആൽമരത്തിൻ്റെ കരുത്തും തണലും പുണ്യവും മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള എഴുത്തുകാരിയുടെ ശ്രമം ശ്ലാഘനീയം തന്നെ. മരിച്ചുകഴിഞ്ഞാൽ വലിയ സ്മാരകങ്ങൾ പണിയുന്നതിനേക്കാൾ എത്രയോ ഉത്തമമായ കാര്യമാണ് രാജി ചെയ്യുന്നത്.
നിസ്വാർത്ഥ സ്നേഹത്തിൻ്റെ പ്രതീകങ്ങളായ ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടിയാണ് ഈ പുസ്തകം രാജി സമർപ്പിച്ചിട്ടുള്ളത് .
പതിനൊന്ന് അധ്യായങ്ങളിലൂടെ അമ്മയെ കുറിച്ചുള്ള ഓർമ്മകളും ഒപ്പം ജനിച്ചുവളർന്ന ചാലക്കുടി എന്ന നാടിൻ്റെ ഓരോ ചലനങ്ങളും ഈ പുസ്തകത്തിൽ ഇതൾവിരിയുന്നു.
ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുൻപുള്ള അമ്മയുടെ വിദ്യാഭ്യാസകാലം , അന്നത്തെ പഠനരീതികൾ, സഹപാഠികൾ , അധ്യാപകർ എന്നിവരെക്കുറിച്ചാണ് അധ്യായം തുടങ്ങുന്നത്.
അമ്മയുടെ സാഹിത്യാഭിരുചി കണ്ടെത്തി പുസ്തകങ്ങൾ വായിക്കാൻ കൊടുത്ത അച്യുതൻ മാഷ് , തൻ്റെ സഹപാഠിയായിരുന്ന, പിന്നീട് സിനിമ നടനായിതീർന്ന ജോസ് പെല്ലിശ്ശേരി എന്നിവരെക്കുറിച്ചും സൂചിപ്പിക്കുന്നു.
ശാസ്ത്ര പുരോഗതി കൈവന്നപ്പോൾ നാടിന് സംഭവിച്ച മാറ്റങ്ങൾ പഴയ കാലഘട്ടവും പുതിയ കാലഘട്ടവും തമ്മിലുള്ള അന്തരം എന്നിവയും ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നു
ഏകദേശം എൺപത് വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങളൊന്നും ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ല. വർഷങ്ങൾക്കുമുൻപ് പത്താംക്ലാസിൽ വിജയിക്കുക എന്നത് തന്നെ വലിയൊരു നേട്ടമായിരുന്നു.
എസ്.എസ്.എൽ.സി തോറ്റിട്ടും പരിശ്രമത്താൽ വിജയം വരിച്ച എം. ആർ തങ്കമണി എന്ന തൻ്റെ അമ്മയെ അഭിമാനത്തോടെയാണ് എഴുത്തുകാരി ഓർക്കുന്നത് .
പാട്ടത്തിനെടുത്ത ഭൂമിയിൽ കാർഷിക വൃത്തി നടത്തി വരുമാനം കണ്ടെത്തുന്ന കുടുംബമായിരുന്നു ഇവരുടേത്.
പഴയകൃഷിരീതികളെ കുറിച്ചും പറമ്പു നനയ്ക്കാൻ എത്തുന്ന പൊന്നൻ , പൂത്തിരി എന്നീ പണിക്കാരുടെ ജീവിതത്തിലേയ്ക്കും കൂടി കടന്നു ചെല്ലുന്നു . അവരുടെ വിവാഹവും ആചാരങ്ങളും അതിനുശേഷം അവരുടെ ഇന്നത്തെ അവസ്ഥയും വിവരിക്കുന്നു
വീട്ടിലെ പണികൾക്കിടയിലും അവരുടെ സഹോദരന്മാരുടെ കാര്യങ്ങൾ നോക്കുന്നതിനിടയിലുമാണ് ആ അമ്മ അഗ്രികൾച്ചറൽ ഡിപ്ലോമ കോഴ്സിന് ചേർന്നു പഠിക്കുന്നത് .
വട്ടോലി മാഷിൻ്റെ പലചരക്ക് കടയും അതിനുമുകളിൽ ചെറുതായി തുടങ്ങിയ നിർമല ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവും അതിൻ്റെ വളർച്ചയും ചാലക്കുടി എന്ന നാടിൻ്റെ വികസനവും ഓർമയിൽ പ്രതിപാദിക്കുന്നു
കർഷക കുടുംബത്തിൽ ചിങ്ങമെന്നത് കൃഷിപ്പണികളുടെ തുടക്കം കുറിക്കുന്ന മാസമാണ്. അതിലുപരി ഓണത്തെ വരവേൽക്കാനുള്ള സന്തോഷം നിറഞ്ഞ ദിനങ്ങൾകൂടിയാണ്.
പണിക്കാർക്ക് ഓണത്തിന് കാർഷികവിഭവങ്ങളും വസ്ത്രവും നൽകിയിരുന്നത് അവർക്കും ആഹ്ലാദത്തിന് വക നൽകി. പഴയകാലത്തെ ഓണത്തിൻ്റെ തനിമയും പകിട്ടും ഇപ്പോൾ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു . ആർക്കോ എന്തിനോ വേണ്ടി ഒരു ചടങ്ങുപോലെ കൊണ്ടാടുകയാണിപ്പോൾ എല്ലാ ആഘോഷങ്ങളും.
വിദ്യാഭ്യാസമുണ്ടായിട്ടും സ്ത്രീകളെ ജോലിയ്ക്ക് വിടാൻ തയ്യാറാകാത്ത ഒരു കുടുംബത്തിൽ പിറന്നതുകൊണ്ട് വീട്ടുകാരുടെ എതിർപ്പു മൂലം കിട്ടിയ ജോലി നഷ്ടപ്പെടുത്തേണ്ടിവന്നത് അമ്മയുടെ ജീവിതത്തിലെ സ്വപ്നങ്ങൾക്കേറ്റ ആഘാതമായിരുന്നു . ഇന്നാണെങ്കിൽ സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകളില്ല. സ്ത്രീക്ക് ഇന്ന് ജോലി അത്യാവശ്യ ഘടകമായി തീർന്നിരിക്കുന്നു.
സമൂഹത്തിലെ ചെളിക്കുണ്ടിൽ കിടന്നു നശിച്ചു പോകാൻ സാധ്യതയുള്ള ചിലരെ കൈപിടിച്ചു കയറ്റിയത് അമ്മയിൽ നന്മയുടെ കണികകൾ ഉള്ളതുകൊണ്ടായിരുന്നു .
നാട്ടിലെ സദാചാരവാദികളുടെ മുറുമുറുപ്പ് വകവയ്ക്കാതെ ഒറ്റപ്പെട്ടുപോയ ''കുട്ടി ചേച്ചി'' യെന്ന സ്ത്രീയ്ക്കും പുറമ്പോക്കിൽ കുടിലു കെട്ടി താമസിച്ച് ഭിക്ഷാടനം നടത്തിയിരുന്ന ''കല്യാണി, രാഘവൻ'' എന്നീ ദമ്പതിമാർക്കും പ്രണയ ബന്ധത്തിൽപ്പെട്ട് രണ്ട് സമുദായങ്ങളിലുള്ള ''കുട്ടപ്പൻ , രാധ'' എന്നിവർക്കും അഭയവും ജീവിക്കാനുള്ള മാർഗ്ഗവും കണ്ടെത്തി കൊടുത്ത ആ അമ്മ നന്മയുടെ മാതൃകയാണ്.
അമ്മയുടെ വിവാഹത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ കാലത്തിൻ്റെ പിന്നാമ്പുറ കാഴ്ചകളിലേയ്ക്ക് നാം എത്തുന്നു .അന്നു പ്രചാരത്തിലുള്ള നാനാവിധ വസ്തുക്കളുടെ വില വിവരം പോലും സൂക്ഷമമായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അക്കാലഘട്ടത്തെ അപ്രധാനമെന്ന് തോന്നുന്ന പലതും ഇന്ന് പ്രധാനമെന്നു തോന്നുന്നത് അതുകൊണ്ടാണ് .
ഒരു റിസ്റ്റ് വാച്ചാണ് അന്നൊക്കെ വിവാഹത്തിന് ലഭിക്കുന്ന വിലകൂടിയതും അപൂർവ്വവുമായ സമ്മാനം. ഇത്തരം ചില വസ്തുക്കളും അടയാളങ്ങളും
ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന ഘടകങ്ങളായി മാറുന്നു. കയ്പ്പും ചവർപ്പും നിസ്സഹായാവസ്ഥയും അവരുടെ ദാമ്പത്യ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് . ജീവിതം കൈവിട്ടു പോകുമെന്ന ഒരാശങ്കയും അതിനെ തൻ്റെ പ്രായോഗിക ബുദ്ധി കൊണ്ട് നേരിട്ടതിനെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്.
ജീവിതം അല്ലെങ്കിലും എപ്പോഴും സുഖകരമായിരിക്കില്ല. ഇരുട്ടും വെളിച്ചവും മാറിമാറി വരും. കല്ലും മുള്ളും പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ടാകും. വിഷമാവസ്ഥകളിലൂടെ കടന്നുപോകാത്ത ജീവിതങ്ങളുണ്ടോ?
യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അമ്മ നടത്തിയ യാത്രകളിൽ കാടിൻ്റെ പച്ചപ്പും പുഴയുടെ കളകളാരവവും അണക്കെട്ടിൻ്റെ അത്ഭുത നീരൊഴുക്കും കോട്ടകളുടെ വിസ്മയങ്ങളും കടപ്പുറത്തെ മനോഹാരിതയും അവർക്ക് സന്തോഷം നൽകി.
ഒരു സ്ത്രീ എന്ന നിലയിൽ അവർ അനുഭവിച്ച സ്വാതന്ത്ര്യം അവർ ജീവിച്ച കാലഘട്ടത്തെ താരതമ്യപ്പെടുത്തുമ്പോൾ വലുതായിരുന്നു എന്നു കാണാം
സാമ്പത്തികമായും ജാതീയമായും താഴെതട്ടിലുള്ളവരെ കൂടെ നിർത്താനും അവരെ സഹായിക്കാനും സന്മനസ്സുകാട്ടിയ ഒരു ഹൃദയത്തിൻ്റെ ഉടമയായിരുന്നു അമ്മയെന്നും , ജീവിത പ്രാരാബ്ധങ്ങളുടെ പടുകുഴിയിലേക്ക് വീഴുമ്പോഴും പ്രായോഗിക ബുദ്ധി കൊണ്ട് അതിനെ നേരിടാനും തിരിച്ചുകയറാനും അവർക്കാകുമായിരുന്നെന്നും എഴുത്തുകാരി ഇവിടെ അടയാളപ്പെടുത്തുന്നു
വിദ്യാസമ്പന്നയായ അവർക്ക് പുസ്തകങ്ങളോട് പ്രിയമായിരുന്നു. പുസ്തകവായനയിലൂടെ അവർ വലിയ ലോകത്തേക്ക് സഞ്ചരിക്കുകയും ചെയ്തു
പ്രിയപ്പെട്ടവരുടെ വേർപാട് ആർക്കും താങ്ങാനാവില്ല . മരണം ഒരു സത്യമാണെങ്കിൽ കൂടി നാം കുറെ കാലം ആ ദുഃഖത്തിൽ നിന്നും കരകയറാൻ വൈകും.
ഇവിടെ അമ്മയുടെ വിയോഗത്തോടെ മുന്നിൽ ശൂന്യതയും കൂരിരുട്ടും അനുഭവപ്പെടുമ്പോൾ അമ്മ നൽകിയ ജീവിതപാഠങ്ങൾ എഴുത്തുകാരിക്ക് സാന്ത്വനമേകുന്നു
''അമ്മയെന്ന ആൽമരം'' പടർന്നുപന്തലിച്ചു അനേകം പേർക്ക് തണലായിട്ടുള്ളതായി ഓർമപ്പെടുത്തുമ്പോൾ തണൽ നൽകുന്ന മരം വെയിലേറ്റുവാങ്ങുന്നത് പലരും ഓർക്കാറില്ല.
ഈ രചനയിലൂടെ അമ്മയുടെ ജീവിതപാഠങ്ങൾ പലർക്കും തുണയാകാൻ എഴുത്തുകാരിയും ആഗ്രഹിക്കുന്നത് അതുകൊണ്ടുകൂടിയാണ്. വെള്ളം ചേർക്കാതെ സത്യസന്ധമായി തന്നെയാണ് ഈ രചന നിർവഹിച്ചതെന്ന് എഴുത്തുകാരി സൂചിപ്പിക്കുന്നു.
ഒരാളുടെ ഓർമ്മയിൽ കൂടെ നടന്ന എത്രയോ പേരുടെ ജീവിതങ്ങളാണ് തെളിഞ്ഞു വരുന്നത് അതിനുപുറമേ താൻ ജനിച്ചുവളർന്ന നാടിൻ്റെ ഓരോ മാറ്റങ്ങളും അനാവരണം ചെയ്യപ്പെടുന്നു .
ഓർമ്മക്കുറിപ്പുകൾ യഥാർത്ഥത്തിൽ ഒരു ചരിത്രരചനയുടെ ഫലം കൂടി നൽകുന്നുണ്ട്. പഴയ കാലഘട്ടത്തെ കുറിച്ചുള്ള അറിവുകൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നത് ഇത്തരം അനുഭവക്കുറിപ്പുകൾ വഴിയും ഓർമ്മകൾ വഴിയുമാണ്.