mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ശ്രീ.പീയാർകെ.ചേനം രചിച്ച മടക്കയാത്ര എന്ന നോവലിനെ കുറിച്ചുള്ള ആസ്വാദനം.


ഒരു പനിയിൽനിന്നാണ് മടക്കയാത്ര എന്ന നോവലിൻ്റെ ആരംഭം. വർഷങ്ങൾക്കുശേഷം പനിവന്നു കനത്തപ്പോൾ മാധവനുണ്ണി അമ്മയെ ഓർത്തു. അമ്മയുടെ സാന്നിധ്യത്തിനായി ആഗ്രഹിച്ചു. മറവിയുടെ ആഴങ്ങളിൽ വീണുപോയ നാടിനേയും വീടിനേയും അനുജനേയും അയാളുടെ എല്ലാമായിരുന്ന ഗ്രീഷ്മയെയും ഓർത്തു.

പനി വന്നാൽ നല്ല വിശ്രമം ആവശ്യമാണ്. മനസ്സ് ജാഗ്രതാവസ്ഥയിലുണ്ടാവണം. പനിയെ ഒരുരോഗമായി കാണേണ്ടതില്ല. അതൊരു ശുചീകരണപ്രക്രിയയാണ്. ആത്മാവ് ശരീരത്തിൽ നടത്തുന്ന ഒരു സേവനവാരം.

മുപ്പത്തിയാറ് അധ്യായങ്ങളിലൂടെ മനോഹരമായ ഒരു കഥ പറയുകയാണ് ശ്രീ.പീയാർ.കെ.ചേനം തൻ്റെ നോവലിലൂടെ. നഗരത്തിൻ്റെ അഴുക്കുനിറഞ്ഞയിടത്തുനിന്നും ഗ്രാമത്തിൻ്റെ വിശുദ്ധിയുള്ളയിടത്തേയ്ക്കുള്ള ഒരു മടക്കയാത്രയെ കുറിച്ച് ചിന്തിക്കുന്നത് മാധവനുണ്ണിയ്ക്ക് പനി വന്നപ്പോൾ മാത്രമാണ്.

വളരെ സ്നേഹത്തോടെയും ഐക്യത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടിൽ വളരെ പെട്ടെന്ന് ആളുകൾ ചേരിതിരിഞ്ഞ് പരസ്പരം അങ്കം വെട്ടാൻ തുടങ്ങുന്നു. ഒരമ്മയ്ക്ക് മരുമകളോടുള്ള പ്രതികാരമാണ് ഇതിനുതുടക്കമിട്ടത്. ഒരുവളെ വേശ്യയെന്നു മുദ്രചാർത്താൻ ഒരമ്മ ചെയ്ത ചതി ഒരുനാടിൻ്റെ തന്നെ ശാപമായിതീരുന്നു. കർഷകരും കർഷകതൊഴിലാളികളും ഒന്നായി മുന്നോട്ടുപോയിരുന്ന ഒരു നാട്ടിൽ അതിനെ തുടർന്ന് രാഷ്ട്രീയചേരികളും രൂപംകൊള്ളുന്നു.

പുഴയും കോൾപാടവും കതിരണിഞ്ഞ കൃഷിയിടങ്ങളും നാട്ടിടവഴികളും തെങ്ങിൻതോപ്പും ചിതറികിടക്കുന്നകുടിലുകളും മരങ്ങളും പക്ഷികൂട്ടങ്ങളും വിജനമായ പാറപ്പുറവും, പൊന്തകാടുകളാൽ കവചിതമായ സർപ്പക്കാവും എല്ലാമുള്ള ഗ്രാമാന്തരീക്ഷത്തിൻ്റെ ചന്തം നിഴലിക്കുന്ന വർണ്ണന നോവലിലുടനീളം നമ്മെ ഗൃഹാതുരത്വത്തിലേയ്ക്കു കൂട്ടികൊണ്ടുപോകുന്നുണ്ട്. പഴയഅനുഭവങ്ങളെ തിരിച്ചുപിടിക്കാനുള്ള മനസ്സിൻ്റെ വ്യഗ്രത വ്യക്തമാക്കുകയാണ് മാധവനുണ്ണിയുടെ കാഴ്ചയിലൂടെ നോവൽ ചെയ്യുന്നത്. ബാല്യകൗതുകങ്ങളോടൊപ്പം തന്നെ വാതിൽപാളിയുടെ വിടവിലൂടെ ഭയത്തോടെ കണ്ടിരുന്ന നായാടി, മനുഷ്യനേയും ആടുകളേയും അടിച്ചുകൊല്ലുന്ന തെണ്ടൻ പൊട്ടക്കുളം മുക്ക്, പാറപ്പുറം, വിജനമായ പള്ളിപറമ്പിലെ ശവക്കോട്ട, ദുർമരണങ്ങളും യക്ഷിക്കഥകളുമുറങ്ങുന്ന എര്യോൾപടവ്, പെരുമാൻ കോൾപടവ് തുടങ്ങിയവ ഇരുൾ നിറഞ്ഞ് ഭയമുണർത്തുന്നു.

ഗ്രാമത്തിലെ ചായക്കടകൾ ഒരു വായനശാല തന്നെയാണ്. പത്രങ്ങളിലൂടെ കഥകളും കവിതകളും വായിച്ച് വളരുമ്പോൾ എഴുത്തുകാരനാവണമെന്നുള്ള സ്വപ്നം കണ്ട കർഷക കുടുംബത്തിലെ അംഗമായ മാധവനുണ്ണി വായനയിഷ്ടപ്പെട്ടിരുന്ന ഗ്രീഷ്മയുമായി പ്രണയബദ്ധനാകുന്നു. എന്നാൽ ഗ്രീഷ്മയുടെ സഹോദരനായ രമേശ് ഈബന്ധത്തെ എതിർക്കുകയാണ് ചെയ്യുന്നത്. നാട്ടിൽ ഓർക്കാപ്പുറത്ത് സംഭവിച്ച ലഹളയും രണ്ടുകൊലപാതകങ്ങളും നാട്ടിലെ പലരുടേയും ജീവിതത്തെ തച്ചുടയ്ക്കുന്നു. മാധവനുണ്ണിയുടെ അച്ഛൻ കൊലചെയ്യപ്പെടുന്നതോടെ തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഫലമാണെന്നുള്ള ആരോപണങ്ങളും, ആ സംഭവത്തിൽ രമേശിൻ്റെ പങ്കും മാധവനുണ്ണിയ്ക്ക് വലിയ ആഘാതമായി. ഒരു ഒളിയിടംതേടി അയാൾ നാടുവിട്ട് നഗരത്തിലഭയം തേടുകയാണ്.

മഹാനഗരത്തിലേയ്ക്ക് എടുത്തറിയപ്പെട്ട അയാൾ സേഠുവിൻ്റെ കമ്പനിയിലെ വാടകഗുണ്ടയാകാൻ വിധിക്കപ്പെടുന്നു. നഗരത്തിൻ്റെ അഴുക്കുനിറഞ്ഞയിടത്ത് അയാൾ സകലവൃത്തികേടുകളും നടത്തുന്നു. അയാളുടെ ജീവിതത്തിലെസുഖത്തിൻ്റെ ബിന്ദുക്കളിൽ റാണിചന്ദിനുമുണ്ട് സ്ഥാനം.

നഗരത്തിലയാളുടെ ജീവിതവുമായി ബന്ധിക്കുന്നവരാണ് ഭീംസിംഗ്, ജോൺപോൾ, സേഠ് തുടങ്ങിയവർ. നാട്ടിൽ തങ്കവേലുവും, രാജുവും, ആനന്ദനും, നാരായണേട്ടനും, ഗോവിന്ദേട്ടനും, ഗ്രീഷ്മയും, രമേശും, സുലേഖയും, ഗോപാലനും, അമ്മയും, അനുജനും, തമ്പ്രാൻമാഷും അയാളുടെ ജീവിതവുമായി ഏറ്റവും അടുത്തുനിൽക്കുന്നു.

പനി എന്നത് അയാളുടെ അഴുക്കിളക്കുന്ന ഒരുഘടകമാണിവിടെ. നോവലിൻ്റെ ആരംഭത്തിൽ പനിയുടെ തീവ്രതയിൽ അയാൾ അറിയാതെയെങ്കിലും പശ്ചാത്താപചിത്തനാവുന്നു. അയാളുടെ എല്ലാ ആസക്തികളും കെട്ടുപോകുകയും നന്മയുടെ, വാത്സല്യത്തിൻ്റെ, ശക്തികേന്ദ്രമായ അമ്മയുടെ സാന്നിധ്യത്തിനായി ആഗ്രഹിച്ചുപോവുകയുമാണ് ചെയ്യുന്നത്.

ഒരുമടക്കയാത്ര അയാൾ കൊതിച്ചുപോകുന്നു. എന്നാൽ ചില ബന്ധങ്ങൾ അയാളുടെ യാത്രയ്ക്കുതടസ്സമാകുന്നു. സേഠുവിൽ നിന്നുള്ള മോചനത്തിനായി ,അഴുക്കുനിറഞ്ഞയിടം ശുദ്ധീകരിക്കാൻ അയാൾ ആരുംകാണാതെ ഗ്രാമത്തിലേയ്ക്ക് ഒളിച്ചുപോരുകയാണ്.

മുപ്പതുവർഷത്തിനുശേഷമുള്ള വരവിൽ ഗ്രാമത്തിൻ്റെ മുഖഛായതന്നെ മാറിപ്പോയിരുന്നു. മാറ്റമില്ലാതിരുന്നത് അയാളുടെ വീടിനുമാത്രമായിരുന്നു. തൻ്റെ അമ്മമരിച്ചതായി അയാളറിഞ്ഞു. രോഗിയായ അനുജൻ്റെ കൂടെ അയാളുടെ വീട്ടിൽ ഒരുകാലത്ത് പ്രിയപ്പെട്ടവളായിരുന്ന ഗ്രീഷ്മയെ കണ്ടതും അയാൾക്കുചോദിക്കേണ്ടിവരുന്നു "നീയെന്തിനാ ഈ വീട്ടീലേയ്ക്കുതന്നെ പോന്നത് മറ്റാരെയെങ്കിലും കെട്ടി സുഖമായി ജീവിക്കാമായിരുന്നല്ലോ....''

കാമുകി സ്വന്തം അനുജൻ്റെ ഭാര്യയായി ഒരേ കൂരയിൽകഴിയേണ്ടിവരുന്നതിൻ്റെ ദുര്യോഗവും നൈരാശ്യവും വേദനയും മാധവനുണ്ണിയുടെ വാക്കുകളിലുണ്ട്.

എന്നാൽ ത്യാഗനിർഭരമായ ഒരു ജീവിതമായിരുന്നു ഗ്രീഷ്മ നയിച്ചിരുന്നതെന്ന് അടയാളപ്പെടുത്തികൊണ്ട് നോവൽ അവസാനിപ്പിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. എല്ലാ കാഴ്ചകളും എപ്പോഴും ദൂരകാഴ്ചകൾ മാത്രമാണ്. നേരിട്ടനുഭവിക്കേണ്ടിവരുമ്പോഴാണ് അതിൻ്റെ യഥാർത്ഥ ദൃശ്യം അടുത്തുവരുന്നത്. അപ്പോൾ മാത്രമാണ് നന്മകളും തിന്മകളും വ്യക്തമാകുന്നതും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ