mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ആൾക്കൂട്ടത്തിനിടെ ഒറ്റയ്ക്കാവുന്ന അവസ്ഥ, സമൂഹ മനസ്സുമായി പൊരുത്തപ്പെടാനാവാതെ വരിക, വർത്തമാനകാലസാഹചര്യങ്ങളോട് നിരന്തരം കലഹിച്ചു കൊണ്ടിരിക്കുക... ഇതൊക്കെ

അനുഭവിച്ചവർക്കു മാത്രമേ അത്തരമൊരു അസ്വസ്ഥതയെക്കുറിച്ചു മനസ്സിലാക്കാനാവൂ. ഇത്തരത്തിലുള്ള മാനസിക വൃഥകൾ വരിഞ്ഞുമുറുകി നെഞ്ചകം പിടയുമ്പോൾ സ്നേഹപൂർവ്വംചേർത്തു പിടിച്ച് ആശ്വസിപ്പിച്ചത് പുസ്തകങ്ങൾ തന്നെ.

ഒരു പാട് പുസ്തകങ്ങൾ വായിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട പുസ്തകമേത് എന്നു ചോദിച്ചാൽ ഒരുത്തരം പറയാൻ പ്രയാസമാവും. പ്രിയങ്കരമായവയെക്കുറിച്ചെല്ലാം പറയുക എന്നതും ഈ അവസരത്തിൽ യോജിച്ചതല്ലല്ലോ. അതിനാൽത്തന്നെ അത്രമേൽ ആകർഷിച്ച ഏതാനും പുസ്തകങ്ങളെക്കുറിച്ചൊന്ന് ഓർത്തെടുക്കയാണിവിടെ.

ഡോക്ടർ ജോർജ് ഓണക്കൂർ എഴുതിയ "പ്രണയ താഴ്വരയിലെ ദേവതാരു" എന്ന പുസ്തകം ഇതിനകം മൂന്നു തവണ വായിച്ചു കഴിഞ്ഞു. അത്രമേലിഷ്ടം തോന്നുന്ന രചനാരീതിയും ഉള്ളടക്കവുമായതിനാൽത്തന്നെ ഇനിയും എത്ര തവണ ഞാനതു വായിക്കുമെന്നറിയില്ല. ഈ പുസ്തകം വായിച്ചിരുന്നില്ലെങ്കിൽ വലിയൊരു നഷ്ടമായേനെ എന്നാണ് വായന തുടങ്ങിയപ്പോൾ മുതൽ തോന്നിയത്. ആദ്യവസാനം അതേ തോന്നൽ നിലനിർത്താൻ തക്ക നൈപുണിയുണ്ട് ആ രചനാരീതിയ്ക്ക് എന്നു നിസ്സംശയം പറയാം.

കുടുംബജീവിതം തുടങ്ങുമ്പോഴേ ഭർത്താവു നഷ്ടപ്പെട്ട ആ നാട്ടിൻ പുറത്തുകാരിയായ നിഷ്ക്കളങ്കയായ ഒരു സ്ത്രീ ജീവിതത്തിൻ്റെ മുന്നിൽ പകച്ചു നിൽക്കാതെ തൻ്റെ കുഞ്ഞിനെ വളർത്തുന്നു. അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടു വളർന്ന മകൻ മിടുക്കനായി പഠിച്ച് ഉയരങ്ങളിലെത്തുന്നു. സ്വന്തം വേരുകൾ മറക്കാത്ത വടവൃക്ഷമായി പടർന്നു പന്തലിച്ച ആ മകൻ എത്രയോ പേർക്ക് ജീവിതത്തിൽ താങ്ങും തണലുമാവുന്നു.

പരാശ്രയമില്ലാതെ കഠിനാദ്ധ്വാനം ചെയ്ത് തന്നെ വളർത്തിയ അമ്മയിൽ നിന്നും നേടിയ നന്മകൾ ഹൃദയത്തോട് ചേർത്തുവെച്ച് ആ മകൻ ഉയരങ്ങൾ കീഴടക്കുമ്പോൾ വായനക്കാർ ഉൾപ്പുളകമണിയുന്നു.
തനിക്ക് ജന്മദായിനിയായ പെറ്റമ്മയും കാവിലെ ദേവിയും കുരിശുപള്ളിയിലെ പരിശുദ്ധ മാതാവും എന്നും തനിക്കു തുണയായുണ്ട് എന്ന വിശ്വാസം ഉണ്ണിയ്ക്കു (അമ്മ മകനെ വിളിക്കുന്ന തങ്ങനെയാണ് ) നൽകുന്ന ആത്മധൈര്യം ഓരോ വായനക്കാരനും പകർന്നു നൽകാൻ രചയിതാവിനു കഴിഞ്ഞിട്ടുണ്ട് എന്നതു തന്നെയാണിതിൻ്റെ വിജയവും.
ആകസ്മികമായി

ഇസ്രായേലിൻ്റെ പുത്രിയായ സൈറയെ കണ്ടെത്തുന്നതും അവർ മനസ്സുകൊണ്ടൊരു മിക്കുന്നതുമെല്ലാം അനായാസമായ രചനാ വൈദഗ്ദ്ധ്യത്തോടെ കൃതിയിൽ ഇതൾ വിരിയുന്നു.
തന്നെ മനസ്സിൽ വെച്ച് ആരാധിക്കുന്ന അശ്വതിയ്ക്ക് താൻ സഹോദര സ്ഥാനീയനാണ് എന്ന് ബോദ്ധ്യപ്പെടുത്താനും അനുയോജ്യനായ ഒരാളെ അവൾക്കു വേണ്ടി കണ്ടെത്താനും ഉണ്ണിക്കു കഴിയുന്നു. ഈയൊരു ഭാഗം വായനക്കാരുടെ മനസ്സും അല്പമൊന്ന് ചഞ്ചലപ്പെടുക തന്നെ ചെയ്യും. പക്ഷേ തൊട്ടടുത്ത നിമിഷം പൂർവ്വാധികം ഊർജ്ജസ്വലമായി കഥാഗതി വായനക്കാരനു പ്രിയങ്കരമാവുന്ന രചനാരീതിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല തന്നെ.

അടുത്തതായി പ്രതിപാദിക്കുന്നത് മറാഠി സാഹിത്യകാരനായ ശിവജി സാവന്ത് എഴുതിയ "മൃത്യുഞ്ജയ'' എന്ന നോവലിൻ്റെ മലയാളം പരിഭാഷയായ 'കർണൻ' എന്ന കൃതിയാണ്. ശൂരസേന രാജാവിൻ്റെ പുത്രിയായ കുന്തീദേവിയുടേയും സഹസ്രകിരണനായ സൂര്യദേവൻ്റെയും മകനായി ആകസ്മികമായി ജന്മം കൊണ്ട കർണൻ അനുഭവിച്ച വ്യഥകൾക്ക് കൈയ്യും കണക്കുമില്ല. സൂതനായ അധിരഥൻ്റേയും രാധയുടേയും മകനായി വളർന്ന കണ്ട് പരിഹാസശരങ്ങളും അപഹാസൃങ്ങളുമേറ്റ് തല കുനിച്ചത് എത്രയോ തവണ .കർണൻ മഹാഭാരതകഥയിലെ ഏറ്റവും തേജസ്വിയായ കഥാപാത്രമായങ്ങനെ ജ്വലിച്ചു നിൽക്കുന്നതു പോലെ വായനക്കാരൻ്റെ മനസ്സിലും തിളങ്ങി നിൽക്കുക തന്നെ ചെയ്യും. ചെയ്യാത്ത തെറ്റിനായി എത്രയോ തവണ ശിക്ഷിക്കപ്പെടുന്നവൻ്റെ വ്യഥ അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ ഇറ്റുവീഴുന്ന ചോരത്തുള്ളികളെ വായനക്കാർക്കു ദൃശ്യമാക്കുന്ന രചനാവൈഭവത്തിനു മുന്നിൽ നാം ശിരസ്സുകാരിക്കുക തന്നെ ചെയ്യും.നിരവധി ശാപവാക്കുകൾ ഏറ്റുവാങ്ങി ഒടുവിൽ കുരുക്ഷേത്രഭൂവിൽ ജന്മം ഒടുങ്ങുന്നതു വരെ വിധി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. മഹാരഥനായ കർണൻ അനശ്വരനായി വായനക്കാരുടെ മനസ്സിൽ സ്ഥാനം നേടുക തന്നെ ചെയ്യും. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ