മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മലയാളസാഹിത്യ രംഗത്ത് എന്നും നിറഞ്ഞു നിൽക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തിനുടമയായ  ലളിതാംബികാ അന്തര്‍ജനത്തെ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടോ...? എന്നത് ആവശ്യമില്ലാത്ത

ഒരുചോദ്യമാണ്. എങ്കിലും ജീവിതത്തിൽ മടുപ്പ് ഉളവാക്കുന്ന അവസരങ്ങളിൽ മലയാളിക്ക് ഹൃദയത്തിൽ ചേർത്ത് വയ്ക്കാൻ പറ്റിയൊരു കൃതിയാണ് അഗ്നിസാക്ഷി എന്ന നോവൽ.
പേര് സൂചിപ്പിക്കുന്നതു പോലെ! അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത അല്ലെങ്കില്‍, ജീവിത ബലിപീഠത്തില്‍  ആര്‍ക്കോ വേണ്ടി ബലിയായി തീരുന്ന ജ്വലിക്കുന്ന ഒരു കൂട്ടം ഹൃദയങ്ങളുടെ കഥയാണിത്‌. കഥക്കപ്പുറം ചില യാഥാര്‍ഥ്യത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നുണ്ട്.

ബ്രാഹ്മണ സമൂഹത്തില്‍ ഒരു കാലത്ത് അലിഖിത നിയമം പോലെ നടമാടിയ സംബന്ധം എന്ന അസംബന്ധവും, അതിലുണ്ടാകുന്ന മക്കള്‍ക്ക്‌ തന്‍റെ പിതാവിനെ കാണാനോ സ്നേഹിക്കാനോ, പിതാവിന്‍റെ ശവശരീരത്തില്‍ തൊടാനോ സ്വതന്ത്ര്യം ഇല്ലായിരുന്ന അവസ്ഥയും, തൊട്ടുകൂടായ്മയും, അടിച്ചമര്‍ത്തപ്പെട്ട ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീകളുടെ കണ്ണുനീരും എടുത്തു പറയുന്ന ഈ കഥ എഴുതാൻ കാണിച്ച സാഹസം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ജീവജാലങ്ങളുടെ ഭാഗങ്ങള്‍ ഫോസിലുകലായി രൂപാന്തരം പ്രാപിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ആകുന്നപോലെ, ഒരു കഥാകൃത്തിന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്ന അനുഭവങ്ങള്‍ കാലാന്തരത്തില്‍  ഹൃദയ വിചാര വികാരങ്ങളിലൂടെ രൂപാന്തരം പ്രാപിച്ച് തീവ്രമായ ഒരു കൃതി രൂപം കൊണ്ടതായിരിക്കണം.
ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ കടന്നു പോകുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാവാം ഈ നോവൽ.

കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവുമായ പരിവർത്തനങ്ങളുടെ കഥയും സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിദാനമായി കൊടുത്ത മാമ്പള്ളി ഇല്ലത്ത്‌ ഉണ്ണി നമ്പൂരിയുടെ വേളി യാ യി 'അഗ്നിസാക്ഷി'യായി 'കുടി' കയറിയെത്തിയ തേതിക്കുട്ടി
എന്ന കഥാപാത്രം അനുഭവിക്കുന്ന അഗ്നിപരീക്ഷണങ്ങളിലൂടെയും, ആകുലതകളിലൂടെയും ഒടുവിലവള്‍ കണ്ടെത്തുന്ന വിമോചന മാര്‍ഗ്ഗത്തിലൂടെയും ആവിഷ്കൃതമാവുന്നതാണ്  ഇതിന്റെ ഇതിവൃത്തം. ജീവിതത്തിലെ തീവ്രാനുഭവങ്ങള്‍ തേതിക്കുട്ടിയെ ഒരു വിപ്ലവകാരിയാക്കുകയും ഒടുവില്‍ ജീവിത സായാഹ്നം ഒരു ആശ്രമത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുക്കുകയും ചെയ്യേണ്ടി വരുന്നു അഗ്നിസാക്ഷിയിലെ നായികയ്ക്ക്. 

തങ്കം നായര്‍, ഉണ്ണി നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രമുഖ കഥാപാത്രങ്ങള്‍. ഇരുളടഞ്ഞ അറകളിലും മറക്കുടയുടെ പിന്നിലും യാത്ര ചെയ്യേണ്ടി വന്ന അന്തര്‍ജ്ജനങ്ങളുടെ കഥ കേരള സമൂഹത്തിലെ ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രമാണു വായനക്കാര്‍ക്കു നല്‍കുന്നത്. ആഖ്യാനശൈലി കൊണ്ടും ഏറെ പ്രത്യേകതകള്‍ പുലര്‍ത്തുന്നതാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി. 
നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അന്ധമായ ആചാരങ്ങളുടെ ബന്ധനത്തില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന സ്ത്രീകളുടെ . ഒരു കാലഘട്ടത്തിന്റെ ഐതിഹാസിക ചരിത്രത്തിന്റെ നേര്‍ സാക്ഷ്യം കൂടി രേഖപ്പെടുത്തി വയ്ക്കുന്ന മനോഹരമായ കൃതി കൂടിയാണിത്. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ