mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോൾ, കേൾക്കുന്ന ആൾ അതേ തോതിലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നുപോയിരിക്കുകയെങ്കിലും വേണം,

അല്ലാത്തവരോട് നമ്മളതു പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും".

സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരമായ ബിരിയാണിയിലെ അർത്ഥവത്തായ വാചകമാണിത്.
"പണ്ട് തളങ്കരയില് നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്.... ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓർമ ശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം." എന്നൊക്കെയുള്ള നാടോടിക്കഥയുമായാണ് സന്തോഷ് ഏച്ചിക്കാനം തുടങ്ങുന്നത്.

സോഷ്യൽ റിയലിസം സൗന്ദര്യശാസ്ത്ര ബോധ്യങ്ങളെ അനുഭവങ്ങളുടെയോ, സാമൂഹികസന്ദർഭങ്ങളുടെയോ ഒറ്റക്കുറ്റിയിൽ കെട്ടുകയും 'ഇത് ഇതാണ് ഇത് മാത്രമാണ്' എന്ന് പറയുകയും ചെയ്യുന്നു. കലാസമൂഹങ്ങൾക്ക് പുറത്തെ ആൾക്കൂട്ടഭാവനയെ അത് എളുപ്പം തൃപ്ത്തിപ്പെടുത്തുകയും ചെയ്യും. കലാ-സാഹിത്യ-രാഷ്ട്രീയ സമ്പന്നമായ ഒരു സർഗാത്മകസമൂഹത്തിൽ 'ബിരിയാണി' പ്രതിഫലിപ്പിക്കുന്നതും അത്തരമൊരു പൊതുഭാവുകത്വത്തിന്റെ ആൾക്കൂട്ടമനശാസ്ത്രമാണ്.

കേരളത്തിൽ ജോലിക്ക് വന്ന ഗോപാൽകൃഷ്ണ യാദവിനെ രാമചന്ദ്രൻ എന്ന കഥാപാത്രം അവിടുത്തെ പുത്തൻപണക്കാരനായ കലന്തൻഹാജിയുടെ വീട്ടിലേക്ക് ഒരു ദിവസത്തെ ജോലി ശരിയാക്കി കൊടുക്കുന്നു. കലന്തൻഹാജിയുടെ മകൾ റുഖിയയുടെ മകൻ റിസ്വാന്റെ വിവാഹത്തിന് പഞ്ചാബിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ബസ്മതി അരി കൊണ്ട് ബിരിയാണി നൽകാനുളള അവസരമായി കലന്തൻഹാജി ഇതിനെ കാണുന്നു. ബാക്കിയാകുന്ന ബിരിയാണി കുഴിച്ചിടാനായി ഒരു വലിയ കുഴിയുണ്ടാക്കാൻ ഗോപാൽ യാദവിനോട് ഹാജി ആവശ്യപ്പെടുന്നു. ഇടയ്ക്ക് ഗോപാൽ യാദവിന്റെ മനസ്സ് ഓർമകളിലേക്ക് പോകുന്നുണ്ട്.
ഗർഭിണിയായ ഭാര്യക്ക് വാക്കൂളായി ബസ്മതി അരി അമ്പതുഗ്രാം വാങ്ങിക്കൊടുക്കുന്നു. വീട്ടിലെത്തും മുമ്പ് മാതംഗി അത് ചവച്ചരച്ചു തിന്നു, "അരിമാവ്; പശുവിന് പാലു പോലെ അവളുടെ കടവായിലൂടെ ഒഴുകി വന്നപ്പോൾ അത് തുടയ്ക്കാൻ സമ്മതിക്കാതെ ഗോപാൽ ആ കണ്ണുകളിലേക്ക് നോക്കിനിന്നു. ഒരു പശുക്കുട്ടിയെ സങ്കല്പിക്കുകയും, ബസ്മതി എന്നുതന്നെ മകൾക്കു പേരിടുകയും, ഒടുക്കം ബിരിയാണിവേസ്റ്റ് കുഴിയിൽ തട്ടി മൂടുമ്പോൾ വിശന്നു ചത്തുപോയ തന്റെ കുഞ്ഞിനെ ഓർക്കുന്ന ഗോപാൽ യാദവ് എന്ന കഥാപാത്രം മറവിയുടെ മണ്ണിട്ട് എത്ര മൂടിയാലും മലയാളിയുടെ മനസാക്ഷിയെ കുത്തിനോവിച്ചുകൊണ്ടിരിക്കും. കഥാന്ത്യത്തിൽ നാം തിരിച്ചറിയുന്നു ഗോപാൽ യാദവിന്റെ മകളായ ബസ്മതി വിശപ്പുമൂലം മരിക്കുകയായിരുന്നു എന്ന്.

അതുപോലെ നായിക്കാപ്പ്, മനുഷ്യാലയങ്ങൾ, UVWXYZ, മരപ്രഭു,ലിഫ്റ്റ്, കർക്കിടക മാസത്തിൽ പടി കടന്നു വന്നിരുന്ന ആടിവേടന്റെ ജീവിതത്തിലേക്ക് എത്തി നോക്കുന്ന 'ആട്ടം' തുടങ്ങി വായനക്കാരന്റെ ഉള്ളം നിറയ്ക്കാൻ പോന്ന കഥകളാണിതിൽ ഉള്ളത്.

വ്യത്യസ്തമായ ഒരുപാടുതരം വ്യാഖ്യാനങ്ങൾക്ക് വഴിവച്ച ഒരു കഥ കൂടിയായ'ബിരിയാണി' വായിച്ചു തീരുമ്പോഴേക്കും വായനക്കാരന്റെ മനസ്സിൽ ഒരു ഓളം തീർക്കുമെന്നുള്ളതും ഉറപ്പാണ്.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ