ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം രണ്ടു ദിവസം കൊണ്ട് മൂന്നു തവണ വായിച്ചു തീർത്തു. രണ്ടാഴ്ചക്കു മുൻപ് കോഴിക്കോട്ടെ മാതൃഭൂമി book stall ൽ നിന്നും വാങ്ങിയതാണ്, ജെ കൃഷ്ണമൂർത്തി യുടെ 'മനസ്സിന്റെ അനന്ത വിസ്തൃതി' എന്ന 'ചെറിയ' വലിയ ഗ്രന്ഥം.
ഉള്ളിലുള്ള മഹാ പ്രപഞ്ചത്തെ ദർശിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? സ്വന്തം ജീവിതമെന്ന മഹാ ഗ്രന്ഥം മറ്റൊരാളുടെ സഹായമില്ലാതെ വായിക്കേണ്ടത് എന്തുകൊണ്ടാണ്? പ്രവാചകന്മാരിലും, ഗുരുക്കന്മാരിലും, ദൈവങ്ങളിലും, ഏക ദൈവത്തിലും, പുരോഹിതന്മാരിലും, ഒക്കെ വിശ്വസിക്കുന്നവനും ഒന്നിലും വിശ്വസിക്കാത്തവനും ജീവിതം ഒരുപോലെ സംഘർഷഭരിതവും ദുഃഖ പൂർണ്ണവുമാണ്. ഒരുവിശ്വാസിയും കഷ്ടപ്പാടിൽ നിന്നും പൂർണ്ണമായി രക്ഷപ്പെടുന്നില്ല. താൽക്കാലികമായ ചില നീക്കു പോക്കുകൾ മാത്രം. ദുഖവും ദുരിതവും എല്ലാവരെയും നിരന്തരം പിന്തുടരുന്നു. എന്തുകൊണ്ടിതു സംഭവിക്കുന്നു?
തന്നെ പിന്തുടർന്നവരോട് സ്വതന്ത്രരാവാൻ ആഹ്വാനം ചെയ്ത ജെ.കൃഷ്ണമൂർത്തി പറയുന്നു. 'ഒരുവനുള്ള വഴി കണ്ടെത്തേണ്ടത് അവനവൻ തന്നെ ആവണം. സ്വന്തം മനസ്സിനെ ഉപാധികൾ ഇല്ലാതെ നിരീക്ഷിക്കുക. അത് താനെന്ന പുസ്തകത്തിന്റെ വായനയാണ്. ആ വായനയിൽ ഉത്തരങ്ങൾ ലഭിച്ചുകൊണ്ടേ ഇരിക്കും. സത്യം അന്വേഷിക്കുന്ന ആൾ ആരെങ്കിലും പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുകയും അനുസരിക്കുകയും അല്ല ചെയ്യേണ്ടത്. മറിച്ചു, സ്വയം കണ്ടെത്തുന്നത് മാത്രമാണ് വിശ്വസിക്കേണ്ടത്.'
സുഹൃത്തായ ജോസ് ആന്റണി ആണ് വീണ്ടും എന്നെ കൃഷ്ണമൂർത്തിയിലേക്ക് തിരിച്ചത്. ജോസിന് നന്ദി. പ്രിയപ്പെട്ട ജിബിൻ, കഴിയുമെങ്കിൽ ഈ മഹാഗ്രന്ഥം നീ വായിക്കുക; വെറും 92 പേജുകൾ മാത്രം