കലയും സാഹിത്യവും ജീവിതത്തെ പരിപോഷിപ്പിക്കാനുള്ളതാണ് എന്ന അടിസ്ഥാന പ്രമാണത്തിനു അടിവരയിടുന്നു തമിഴ് - മലയാളം എഴുത്തുകാരനായ ബി. ജയമോഹന്റെ 'ആന ഡോക്ടർ' എന്ന കഥ. ജീവിതത്തിൽ 'ആനഡോക്ടർ' എന്നറിയപ്പെട്ടിരുന്ന ഡോക്ടർ വി. കൃഷ്‌ണമൂർത്തിയെ അതേപടി കഥയിലേക്ക് ആവാഹിച്ചുകൊണ്ട്, സംരക്ഷണത്തിന്റെ വലിയ സന്ദേശം അനുവാചകരിലേക്കു പകരുന്നു എന്നതാണ് ഈ കൃതിയുടെ രണ്ടാമത്തെ വലിയ പ്രത്യേകത. ഉത്തമപുരുഷനായി നിന്നുകൊണ്ട്, തമിഴ് ചുവയുള്ള മലയാളത്തിൽ കഥ പറച്ചിലിന്റെ ആയാസ രഹിതമായ ഒരു ദൃഷ്ടാന്തം കുറിക്കുന്നു എന്നതാണ് സുവ്യക്തമായ ഒന്നാമത്തെ പ്രത്യേകത. വായനക്കാർ സഹൃദയരായതുകൊണ്ടും, അവരുടെ ജീവിതം ആനക്കമ്പക്കാരുടെയും ഉത്സവങ്ങളുടെയും നാടായ കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടും, ഈ രണ്ടു കാര്യങ്ങളും തുല്യ പ്രാധാന്യം അർഹിക്കുന്നു.

ഒരു രചന ഇഷ്ടപ്പെടാൻ ഒരുപാടു കാരണങ്ങൾ ഉണ്ടാവാം. രചനയുടെ രൂപകൽപ്പനയോ, വായനയുടെ സുഖമോ, വായിച്ചശേഷം അതുണർത്തുന്ന ഉദാത്തമായ ചിന്തകളോ ഒക്കെ അതിൽപ്പെടാം. എന്റെ മനസ്സു ചേർത്തുപിടിച്ചത് 'ആന ഡോക്ടർ' നൽകുന്ന സംരക്ഷണത്തിന്റെ മഹത്തായ സന്ദേശത്തിലായിപ്പോയെങ്കിൽ അതിനെന്റെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിക്കൊള്ളൂ. മനുഷ്യരാശിയുടെ കടമയാണ് പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നുള്ളത്. ഒരു തിരിച്ചു പോക്കിന്റെ വക്കിൽ നിൽക്കുന്ന മാനവരാശി അത് തിരിച്ചറിയേണ്ടതുണ്ട്.

മറ്റുള്ളവരുടെ വേദന അറിയാനുള്ള നേർവഴി, അവരായി കുറച്ചു സമയം ജീവിക്കുക എന്നതാണ്. അങ്ങിനെ ഞാൻ കുറച്ചു നേരം സഹ്യപുത്രനായ ഒരു ദുന്ദുഭിയായി. കാടുകാണാൻ വന്ന നാട്ടിലെ പരിഷ്കാരികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പിയുടെ ചില്ലുകൾ എന്റെ കാലിൽ തുളഞ്ഞു കയറി. അവർ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കഴിച്ചെന്റെ വയർ സ്തംഭിച്ചു. എന്നെ മനസ്സിലാക്കാത്ത, എന്റെ ആവാസ വ്യവസ്ഥിതികളെ മനസ്സിലാക്കാത്ത 'ബുദ്ധിമാനായ' മനുഷ്യനോട് എനിക്ക് ദേഷ്യവും, പകയും തോന്നി. ഒരു മൃഗ ചികിത്സകനായി തുടർന്നിരുന്നുവെങ്കിൽ ഇങ്ങനെ ഒക്കെ ഞാൻ ചിന്തിക്കുമായിരുന്നുവോ എന്നെനിക്കറിയില്ല. ഞാൻ കടന്നുപോയ അടിസ്ഥാന ഔപചാരിക വിദ്യാഭ്യാസം, മാറ്റങ്ങൾക്കുള്ള പ്രേരകമോ, ഒരു പരിഹാരമോ ആണെന്നു തോന്നിയിട്ടില്ല. ചുറ്റുമുള്ള പ്രകൃതിയെ അനുകമ്പയോടെ നോക്കിക്കാണാൻ വ്യക്തികളെ സജ്ജമാക്കുന്ന തരത്തിൽ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്തു അനിവാര്യമാണെന്ന് ഈ നീണ്ട കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും തോന്നിപ്പോയി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ