സാധാരണ ഒരു നോവൽ വായിക്കുന്നതിലും ഒരല്പം സമയം കൂടുതലെടുത്തു ഇരു വായിച്ചു തീർക്കാൻ. ഇതൊരു ചരിത്ര നോവലായതു കൊണ്ടോ വായനാസുഖം ഇല്ലാത്തത് കൊണ്ടോ അല്ല. ആ ലോകത്തു നിന്നും മനുഷ്യരിൽ നിന്നും ഒറ്റയടിക്ക് ഇറങ്ങിവരാനുള്ള മടി കൊണ്ടാണ്.
ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ചു തീർന്നു പോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. മുക്കാൽ ഭാഗത്തോളമാകുമ്പോൾ വായന നിർത്തും. കഥാപാത്രങ്ങളിലൂടെയും കഥാ സന്ദർഭങ്ങളിലൂടെയും വീണ്ടും സഞ്ചരിക്കും. ക്ലൈമാക്സ് എന്തായിരിക്കുമെന്ന് വിഭാവനം ചെയ്യും.
വായനാസുഖം ആവോളമുള്ള നോവലാണ് ഇരു. ഇരുന്നൂറു പേജുകളോളം ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്. പക്ഷെ, ചരിത്രമെന്നു കരുതി ഞാൻ വായിച്ച പലതും ഭാവനയാണെന്ന് മനസ്സിലായത് നോവൽ വായന കഴിഞ്ഞ് അവതാരിക വായിച്ചപ്പോഴാണ്. അത് അത്ഭുതപ്പെടുത്തിക്കളഞ്ഞു. കായനദിയും ലബ്ബയും ഇരുവിലെത്തി നിൽക്കുന്ന വെട്ടേക്കാട്ട് തമ്പിമാരുടെയും വേടർ കുലത്തിന്റെയും വംശാവലിയുമൊക്കെ എത്ര സമർത്ഥമായാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്! ഒരുവേള, അരയ്ക്കു മുകൾഭാഗം നിലാവിന്റെ വെളുപ്പും കീഴ്ഭാഗം അമാവാസിയുടെ കറുപ്പുമായി ജനിച്ച ഇരു പോലും ചരിത്രത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചുപോയി.
എഴുത്തുകാരന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ, 'കാടറുത്ത് നടന്നാൽ മഹാപർവ്വതങ്ങളിലെ വിള്ളലുകളും ചുരങ്ങളും കാണാനാവും. അപ്പോൾ പർവ്വതം പുതിയതാകും. ഇതുവരെ കണ്ട മലയല്ല അത്. പുതിയ നടത്ത, പുതിയ കാഴ്ച. പുറംകാട് തെളിച്ച് അകത്തു കയറിയാൽ ഭ്രമിപ്പിക്കുന്ന മറ്റനേകം ലോകങ്ങൾ തെളിഞ്ഞു വരും.'
ഇരുവും അങ്ങനെയൊരു പർവ്വതമാണ്. ഭ്രമിപ്പിക്കുന്ന അനേകം ലോകങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒന്ന്. പുതിയ നടത്ത, പുതിയ കാഴ്ച. എന്നാൽ എല്ലാം ഒരു ദേജാവു പോലെ ...
മാർത്താണ്ഡവർമ്മയിൽ സി വി ഒഴിച്ചിട്ടിരിക്കുന്നതൊക്കെ ഷിനിലാൽ ഇരുവിൽ പൂരിപ്പിക്കുന്നു. അതിനിടയിലൂടെ മുഖ്യധാരാമലയാള സാഹിത്യത്തിൽ അടയാളപ്പെടാത്ത ആദിമനിവാസികളായ കാണിക്കാരുടെ കഥപറയുന്നു. ഇരു എന്ന കഥാപാത്രത്തിലൂടെ പുതിയ തലമുറയുമായവരെ ബന്ധിപ്പിക്കുന്നു.
പി കെ രാജശേഖരൻ അവതാരികയിൽ പറയുന്നതു പോലെ 'പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുള്ളതും പ്രതിനിധാനം ചെയ്യപ്പെടാതെ പോയതുമായ ഭൂതകാലത്തെ നോവലിന്റെ ആഖ്യാനത്തിൽ ഷിനിലാൽ പുനർഭാവന ചെയ്യുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നു. പരോക്ഷമായി, ആധുനിക കേരളത്തെ നിർമ്മിച്ച സാമൂഹിക ശക്തികളുടെയും ബന്ധങ്ങളുടെയും വർഗ- വംശസങ്കരങ്ങളുടെയും പുനർഭാവന കൂടിയാണ് ഇരു.'
ഒരുപാട് അംഗീകാരങ്ങൾ ഈ കൃതിയെ തേടിയെത്തുമെന്ന് നിസ്സംശയം പറയാം.