മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(ശ്രീകുമാർ എഴുത്താണി)
 
ഒരു രാജ്യത്തിനു വേണ്ടി ഒരു ഗ്രാമത്തെയും ഒരു കുടുംബത്തിന് വേണ്ടി ഒരു കുടുംബാഗത്തെയും ബലി കൊടുക്കാമെന്ന പ്രാകൃത ചിന്തയെ ആധുനിക യുഗത്തിലെ രാഷ്ട്രീയ മീമാംസകളും തള്ളിക്കളഞ്ഞിട്ടില്ല എന്നതിന്റെ തെളിവുകളാണ് പത്രത്തിലെ വാർത്തകൾ പലതും. പലപ്പോഴും സർവ്വസാധാരണത്വം കൊണ്ട് ഇവ വാർത്തകൾ പോലുമാകാറില്ല. ഇതിനോടൊപ്പമാണ് ജീവിതത്തിലെ വിരോധാഭാസങ്ങളും.
ഒരു സാഹിത്യകാരന് ഒറ്റപ്പെട്ട ജീവിതങ്ങളും ആൾക്കൂട്ടങ്ങളും ഒരു പോലെ പ്രധാനപ്പെട്ടതാണ്. എങ്കിലും വ്യക്തിയുടെ ജീവിതമാണ് പലപ്പോഴും കൂടുതൽ പ്രധാനപ്പെട്ടതായി ഒരു കലാകാരന് തോന്നുന്നത്.
"ഒരു വായനക്കാരൻ എഴുതിയ കഥകൾ" എന്ന പേരിൽ ശ്രീ നവീൻ എഴുതിയ കഥകളുടെ സമാഹാരം ഒരു രീതിയിലേ ആ പേരിനെ അന്വര്ഥമാക്കുന്നുള്ളൂ. അത് കഥകളുടെ ശൈലിയുടെ കാര്യത്തിലാണ്. ശ്രദ്ധാപൂർവമാണ് ഈ കഥകൾ രൂപപ്പെടുത്തിയിട്ടുള്ളതും അതിനു അനുയോജ്യമായ ഭാഷ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിട്ടുള്ളതും. ആദ്യത്തെ കഥയിലെ അവസാന വാചകം തന്നെ ഇത്തരം മിതത്വവും ശക്തിയും ഒരുപോലെ നിറഞ്ഞ ഭാഷയ്ക്ക് ഉദാഹരണമാണ്:
"അയാൾ മണലിലേക്ക് കമിഴ്ന്നു വീണു. "മരണം" എന്ന ഇൻസ്റ്റലേഷന് ചുറ്റും ആളുകൾ കൂടിത്തുടങ്ങി." (ഇന്സ്റ്റലേഷൻ)
"ദിവസങ്ങൾ പഴക്കമുള്ള വിശപ്പ് അവന്റെ പാത്രത്തിൽ ചത്തു മലച്ച് കിടന്നിരുന്നു." (ഓവര് ടൈം)
കുറഞ്ഞൊരു കാലയളവിനുള്ളിൻ നവീൻ എഴുതിയ ഇരുപത്തിയഞ്ചു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കഥയുടെ ആശയങ്ങൾ, ജീവിതവീക്ഷണം, കഥാതന്തു തുടങ്ങിയുള്ള അകക്കാമ്പുകൾ നവീന്റെ നിരീക്ഷണത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്.
ഇവയിൽ കൂടുതലും സാമൂഹ്യപ്രശ്നങ്ങളോടുള്ള ഒരു സുമനസ്സിന്റെ പ്രതീകരണങ്ങളാണ്. ആധുനിക ചിന്തയ്ക്ക് അനുസരണമായി ഈ കഥകളിലൊക്കെ നമ്മൾ പ്രതിനായകന്റെ സ്ഥാനത്ത് കാണുന്നത് വ്യക്തിയെയല്ല മറിച്ച് വ്യവസ്ഥിതിയെയാണ്.
"താനൊരാൾ വിചാരിച്ചാല് ഈ ലോകം നന്നാവില്ല എന്ന തിരിച്ചറിവില് സ്വന്തം ജീവിതം നന്നാക്കാനുള്ള തീരുമാനമെടുത്തതില് അപ്പോഴെനിക്ക് വല്ലാത്ത അഭിമാനം തോന്നി." (ഓവര് ടൈം)
പാർശ്വവൽക്കരിക്കപ്പെട്ടുപോകുന്ന വ്യക്തികളുടെ പ്രശ്നങ്ങൾക്ക് കാരണം പലപ്പോഴും പുരോഗമനപരം എന്നൊക്കെ നമ്മൾ കരുതുന്ന സ്ഥാപനവൽക്കരണത്തിൽ അടങ്ങിയിരിക്കുന്ന നിസ്സംഗതയും നിർവികാരതയുമാണ്.
“അതൊക്കെ നല്ല രാസവളമിട്ടു കീടനാശിനിയൊക്കെ തളിച്ചു ചുമന്നു തുടുത്തിരിക്കണ തക്കാളിക്കാ. അല്ലാതെ താൻ വല്ല വെണ്ണീറും ചാണകപ്പൊടീമിട്ടുണ്ടാക്കുന്ന ഈ പുഴുക്കുത്തുള്ള സാധനത്തിനല്ല. മുപ്പതു രൂപേന്നു ഒരു പൈസ കൂട്ടി തരില്ല. വേണ്ടെങ്കി എടുത്തോണ്ട് പൊയ്ക്കോ..”
എന്ന വാചകം കോർപറേറ്റുകളുടെ നാവിൻതുമ്പത്തുണ്ട് എന്ന് നമ്മൾ പത്രദ്വാരാ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു . ഈ കഥ തന്നെ വരാൻപോകുന്ന കാർഷികവിപണി എന്ന അറവുശാലയുടെ ഒരു അലിഗറിയാണ്.
നവീന്റെ പല കഥകളിലും നമ്മൾ കാണുന്നത് അനാർദ്രചിത്തരായ ചില മനുഷ്യർ കാരണം ജീവിതം ദുരിതപൂർണ്ണമായിത്തീർന്ന ചില നിർഭാഗ്യവാന്മാരെയാണ് .
"എടീ പെണ്ണെ...എന്തായാലും നെന്റെ ശരീരത്തിന് ആവശ്യക്കാരുണ്ട്. നീ കൊടുത്താലും ഇല്ലേലും അവര് വന്നെടുത്തോണ്ട് പോണൂണ്ട്. എന്നാപ്പിന്നെ നെനക്ക് തന്നെ അതിനൊരു വെലയിട്ടൂടേ?"
അക്കച്ചിയുടെ ആ ചോദ്യത്തിനുള്ള ശരിയുത്തരമാണ് അവളുടെ ഇപ്പോഴത്തെ ജീവിതം. (തെരുവുവേശ്യയുടെ സദാചാരപ്രസംഗം)
"വര്ഷങ്ങള്ക്കിപ്പുറം, ബൈപ്പാസിന്റെ നീളൻ മുറിവടയാളം പേറുന്ന നെഞ്ചും തടവി ബൈപ്പാസിലേക്ക് കണ്ണും നട്ടിരിക്കുന്ന അപ്പ്വേട്ടൻ നാട്ടുകാർക്കൊരു പരിചിത കാഴ്ചയായിരുന്നു."(ബൈപ്പാസ് )
"ആ പിന്നെ...ചുമ്മാ പോയങ്ങു മരിച്ചു കളഞ്ഞാൽ ഇതൊന്നും നടക്കില്ല കേട്ടോ. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, "മസ്തിഷ്ക മരണം" സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാത്രമേ മറ്റൊരാൾക്ക് മാറ്റി വെക്കാൻ പറ്റൂ. ആഹ്... അക്കാര്യങ്ങളൊക്കെ നിങ്ങളെനിക്ക് വിട്ടേക്ക്. എന്താ വേണ്ടതെന്നു നന്നായി ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി. പിന്നൊരു കാര്യം. ഇപ്പറഞ്ഞതൊന്നും മൂന്നാമതൊരാൾ അറിയരുത് കേട്ടോ. പറഞ്ഞേക്കാം...." (അവയവദാനം )
ഒരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെയാകുന്നത് നമുക്ക് വിശ്വാസം എന്ന കഥയിൽ കാണാം അവിടെപ്പോലും കഥാകൃത്ത് ഞാൻ എന്ന കഥാപാത്രത്തിലൂടെ സ്വയം ആ കുരിശ് ചുമക്കാൻ തയ്യാറാവുന്നു എന്നത് ശ്രദ്ധേയമാണ്.
"കറകളഞ്ഞ വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണല്ലോ വീട് പണയപ്പെടുത്തിയും കടം വാങ്ങിയും പെങ്ങളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം അച്ഛനമ്മമാർ എന്നെ സൂക്ഷിക്കാനേൽപ്പിച്ചതും അതുമായി എനിക്ക് നാടു വിടാനായതും. ഒപ്പം ഞാനുമുണ്ടാകും എന്ന അന്ധമായ വിശ്വാസത്തിലാണ് ഗർഭിണിയായ കാമുകി കടലിലേക്കെടുത്തു ചാടിയത്. പോലീസുകാരന് എന്റെ മേലുണ്ടായ വിശ്വാസം കാരണമാണ് കോടതിയിലേക്കുള്ള വഴിമധ്യേ എനിക്ക് രക്ഷപ്പെടാനായത്." (വിശ്വാസം)
ഇൻസ്റ്റലേഷൻ എന്ന ആദ്യത്തെ കഥയിൽ ഈ സ്വഭാവം ഒരു കലാകാരനിലാണ് ആരോപിച്ചിരിക്കുന്നത്. അയാളും ഒറ്റയ്ക്കല്ല, കൂട്ടായി ഒരു സമൂഹം ഉണ്ട്. ഓർഗാനിക് എന്ന കഥയിൽ ഈ സ്വാഭാവമുള്ളത് ഒരു കച്ചവടക്കാരനാണ്. ബൈപ്പാസ് എന്ന കഥയിൽ ഈ ഹൃദയശൂന്യത വ്യവസ്ഥിതിക്കാണ്. അവയവദാനം എന്ന കഥയിലും അങ്ങനെ തന്നെ. തെരുവുവേശ്യയുടെ സദാചാരപ്രസംഗം എന്ന കഥയുടെ തലക്കെട്ട് തന്നെ വിരോധാഭാസത്തിനു ഉദാഹരണമാണ്. ഉയർന്ന മൂല്യങ്ങളുള്ള ഒരു ലൈംഗികത്തൊഴിലാളിയുടെ ചുറ്റുമുള്ളവരാണ് ഇവിടെ സദാചാരപ്രസംഗം നടത്തേണ്ടി വരുന്നവർ. അവളുടെ പ്രവൃത്തി തന്നെ അവളുടെ ശുദ്ധമനസ്സിന് തെളിവാണ്. വൈറ്റ്നർ എന്ന കഥയിലാണ് അനാർദ്രചിത്തത അതിന്റെ പരകോടിയിൽ എത്തിയതായി കാണിച്ചിരിക്കുന്നത്.
മറ്റു ചില കഥകളിൽ മനുഷ്യരുടെയുള്ളിലെ നന്മയും ആർദ്രതയും സഹജാവബോധവും എങ്ങിനെ അപ്രതീക്ഷിത സന്ദർഭങ്ങളിൽ പുറത്ത് വരുന്നു എന്ന് കാട്ടിത്തരുന്നു. "നിഷ്ക്രിയ ആസ്തി" ഇങ്ങനെയുള്ളൊരു കഥയാണ് . കർമ്മഫലത്തെക്കുറിച്ച് ഈ കഥയിലും "അഗമ്യഗമനം" എന്ന കഥയിലും സൂചനയുണ്ട്. "ഓട്ടോക്കാരൻ, മകൾ" എന്നീ കഥകളും അതിരുകളെയോ പരിമിതികളെയോ കൂസാത്ത സ്നേഹത്തിന്റെ കഥകളാണ്.
വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും എന്ന നിർവചനം ഐറണി എന്ന അലങ്കാരത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല. പ്രതീക്ഷയ്ക്ക് വിരുദ്ധമായി കഥാഗതി നീങ്ങുമ്പോഴാണ് അതിനെ സധാരണ ഐറണി എന്ന് പറയുന്നത്. ഐറണി പലതരമുണ്ട്. അവയിൽ ചിലത് നവീന്റെ കഥകളിൽ വ്യക്തമായി കാണാം. മറ്റു കഥകളിലെല്ലാം ഇതിന്റെ മിന്നലാട്ടവും കാണാം. പല കഥകളിലും ഐറണിക്ക് മനുഷ്യന്റെ ക്രമരഹിതമായ പ്രവൃത്തികൾ കാരണമാകുമ്പോൾ മറ്റു ചില കഥകളിൽ ജീവിതത്തിന്റെ പൊതുസ്വഭാവം തന്നെ ഐറണിയായി വരുന്നു. ലോകത്തിലെ ഓരോ സംഭവങ്ങളും ഏറെ സങ്കീർണ്ണവും അനേകം ഘടകങ്ങളുടെ പ്രതിപ്രവർത്തനം കൊണ്ട് സംഭവിക്കുന്നവയുമാണ്. അതുകൊണ്ടു വരുംകാലം പ്രവചനാതീതമാണ്. കാലാവസ്ഥ പോലെയെന്ന് സാരം. ഇംഗ്ലീഷ് നോവലിസ്റ്റായ തോമസ് ഹാർഡി തന്റെ നോവലുകളിൽ ജീവിതത്തിന്റെ ഈ സ്വഭാവം നന്നായി ഉപയോഗിച്ചിട്ടുണ്ട്.
നവീന്റെ കഥകളിലും ഇത് കാണാം. "അജ്ഞാതം" എന്ന കഥയുടെ തലക്കെട്ടിൽത്തന്നെ ഈ സൂചനയുണ്ട്. "വിശ്വാസം" എന്ന തലക്കെട്ടും കഥയെക്കുറിച്ച് നൽകുന്ന സൂചന ഇത് തന്നെ. "സ്മാർട്ട് ഫോൺ, അഗമ്യഗമനം ഓവര് ടൈം, ഓണം സ്‌പെഷ്യൽ ട്രെയിൻ" എന്നീ കഥകളും ജീവിതത്തിന്റെ ഈ അനിശ്ചിതാവസ്ഥ വരച്ചു കാട്ടി നമ്മെ വിസ്മയിപ്പിക്കുന്നു.
വർത്തമാനകാലത്തോടും ഭൂതകാലത്തോടും അങ്ങേയറ്റം നീതിപുലർത്തുന്നവയാണ് നവീന്റെ കഥകൾ. വ്യക്തിദുഃഖങ്ങൾ ചിത്രീകരിക്കുമ്പോഴും അതിന്റെ കാരണങ്ങളുടെ ചരിത്ര പശ്ചാത്തലം വിട്ടുകളയുന്നില്ല. ഓരോ വ്യക്തിയുടെയും ഭൂതകാലത്തിലാണ് പലപ്പോഴും അവരുടെ വർത്തമാനകാലജീവിതത്തിന്റെ ബീജാവാപം നടന്നിട്ടുള്ളത്. മറക്കാൻ ശ്രമിച്ചാലും അത് ഒരിക്കൽ ഒരു യാഥാർഥ്യമായി അവരെ തേടിയെത്തുന്നു.
 
ഈ സമാഹാരത്തിലെ മിക്കവാറും എല്ലാ കഥകളും വ്യക്തിയുടെ പക്ഷം പിടിക്കുമ്പോൾ വില്ലന്റെ വേഷത്തിൽ വരുന്നത് സാമൂഹികവ്യവസ്ഥകളാണ് എന്ന് പറഞ്ഞല്ലോ. എങ്കിലും കഥാപാത്രങ്ങൾ പ്രതീക്ഷ കൈവിടുന്നവരല്ല. നോക്കൂ ഒരു വൃദ്ധയുടെ ശുഭപ്രതീക്ഷ:
"ഡോക്ടർ സാറേം സ്റ്റേഷൻ മാഷേം കുട്ടീനേം പോലുള്ളോരൊക്കെ ഉള്ളിടത്തോളം ഇബ്ടെ കലികാലൊന്നും വന്നിട്ടില്ല...ഇനിക്കുറപ്പാ..." (കഥാബീജം)
അങ്ങനെ മിക്ക കഥകളും നിശിതമായ സാമൂഹിക വിമർശനവുമായി മാറുന്നു. ദുർഗ്രാഹ്യതയോ നിലംതൊടാത്ത തത്വചിന്തകളോ ഈ കഥകളിൽ കണ്ടില്ല. അതേ സമയം അതിഭാവുകത്വമോ കാൽപ്പനികതയോ ഇല്ലാതെതന്നെ രസകരമായി കഥപറയാൻ നവീന് കഴിഞ്ഞിട്ടുമുണ്ട്.
"കണ്ടങ്കുട്ടിക്ക് എങ്ങനേയും മാളുവിനടുത്ത് എത്തണം. അനങ്ങുമ്പോൾ കാലിൽ നിന്നുയരുന്ന ചങ്ങലക്കിലുക്കം അയാളുടെ ചിന്തകളേയും വിശ്വാസങ്ങളേയും മാറ്റി മറിച്ചു. വെള്ളമെത്ര കുടിച്ചിട്ടും ശമിക്കാൻ കൂട്ടാക്കാത്ത ദാഹം സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ കൈയ്യിൽ നിന്നും വഴുതിപ്പോയ കൈക്കോട്ട് ഇടം കാലിലെ തള്ള വിരൽ അറുത്തെടുത്തു. തെക്കേത്തൊടിയിൽ നിന്നും കുടിയിലേക്കുള്ള ദൂരം അയാൾ രക്തത്താൽ അടയാളപ്പെടുത്തി." (ആൾദൈവം)
കഥാകാരൻ തന്നെ പറയുന്നതുപോലെ വിപുലമായവായനയിലൂടെയായിരിക്കാം ഈശൈലി സ്വായത്തമാക്കാൻ സാധിച്ചത്.
കഥാകാരൻ നിഷ്പക്ഷനായി നിൽക്കണം എന്ന് പറയുന്നത് കക്ഷിരാഷ്ട്രീയത്തിൽ പെട്ട് ശ്വാസം മുട്ടിപ്പിടഞ്ഞു ചാകരുത് എന്ന്കരുതിത്തന്നെ ആയിരിക്കണം. നവീൻ തന്റെ നിലപാടുകൾ മറച്ചുവെച്ച് "അങ്ങനെയുമാകാം ഇങ്ങനെയുമാകാം" എന്നൊന്നും പറയുന്നില്ല. ഈകഥകളിലെല്ലാം നമുക്ക് കഥാകൃത്തിനെ വ്യക്തമായി കാണുവാൻ കഴിയും.
സംഭാവ്യമായ കഥാതന്തുക്കളിലൂടെ ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിൽ നിന്നും നോക്കിക്കാണുവാൻ ശ്രമിക്കുന്ന ഈ കഥകൾ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ സാധിച്ചു. ഒരു കഥ പോലും വിരസമായി തോന്നിയില്ല. ആർദ്രമായ ആഖ്യാനത്തിന്റെ മറവിൽ ചിന്തിക്കാനുള്ളതും കരുതിവെച്ചിട്ടുണ്ട്.

ആവശ്യക്കാർക്ക് പുസ്തകം ഇവിടെ ലഭിക്കുന്നതാണ് :
https://www.amazon.in/dp/9390118379/ref=cm_sw_r_fb_apa_fabc_CD3NFKA24K954DZRKJMB
കോപ്പികൾക്കായി വാട്ട്സാപ്പ് ചെയ്യേണ്ട നമ്പറുകൾ :
9744991099
8086126024
7510995588
8281291849
 
 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ