ഇന്നു വായന പൂർത്തിയാക്കിയത് ONV യുടെ 'സ്വയംവരം' എന്ന ദീർഘമായ കാവ്യമാണ്. ഡോ. എം. ലീലാവതിയുടെ അവതാരികയും ഈ കാവ്യം പോലെ സുദീർഘമാണ്. തിരുവാഴ്ത്തു മുതൽ
ഉത്തരായനകാണ്ഡം വരെയുള്ള പത്തു ഭാഗങ്ങളിൽ, പ്രായേണ അപ്രസക്തമായ ഒരു മഹാഭാരത ഉപകഥ ഏറെക്കുറെ സ്വതന്ത്രമായി പുനരാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. മാധവി എന്ന യയാതിയുടെ പുത്രിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം.
"യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാം"
(എവിടെ ത്രീ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവന്മാർ രമിക്കുന്നു)
ആപ്ത വാക്യങ്ങൾ കൊണ്ടു നാരിയെ സ്തുതിക്കുകയും, പ്രവർത്തികൊണ്ടു നാരിയെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന നമ്മുടെ നെറികെട്ട സംസ്കാരത്തിന്റെ മകുടോദാഹരണമാണ് മാധവീചരിതം. മാധവിയെന്ന രാജകുമാരിയെ കൊണ്ടു നടന്നു വിൽക്കുന്ന ഗാലവനെന്ന വിശ്വാമിത്ര ശിഷ്യൻ നമ്മെ പല വർത്തമാന വാർത്തകളും ദൂഖകരമായി ഓർമ്മിപ്പിക്കുന്നു.
ഗുരുദക്ഷിണയായി വിശ്വാമിത്രൻ ഗാലവനോട് ആവശ്യപ്പെടുന്നത്, ഒരു ചെവി മാത്രം കറുത്ത എണ്ണൂറു വെള്ളക്കുതിരകളെയാണ്. എന്നാൽ സ്വയംകൃതാനർത്ഥമായി ഗാലവന്റെ തലയിൽ വന്നുവീഴുന്ന ഈ വിപത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് മാധവിയാണ്. അത്തരം കുതിരകളെ നൽകാനില്ലാത്തനിനാൽ യയാതി, തന്റെ മകളെ ഗാലവനു കൊടുക്കുന്നു. ഗാലവൻ മാധവിയെ അയോദ്ധ്യാധിപനും, കാശിരാജനും പിന്നെ ഭോജരാജനും കാഴ്ചവയ്ക്കുന്നു. ഇത്രയുമായിട്ടും കുതിരകൾ എണ്ണൂറു തികഞ്ഞില്ല. ഒടുവിൽ മാധവിയെ തന്റെ ഗുരുവായ വിശ്വാമിത്രന്റെ മുന്നിലെത്തിക്കുന്നു. നാലു വർഷം കൊണ്ടു നാലു പുത്രന്മാരുടെ അമ്മയായി മാറിയ മാധവിയെ അവസാനം ഗാലവൻ യയാതിയ്ക്കു തിരികെ നൽകുന്നു. യയാതി, മാധവിയുടെ സ്വയംവരം നടത്തുന്നു. അവിടെവച്ചു തന്നെ കാമിച്ചെത്തിയ നൃപന്മാരെ തിരസ്കരിച്ചുകൊണ്ടു മാധവി വനത്തെ സ്വീകരിക്കുന്നു. (ഭൂമിയിലേക്കു തിരികെപ്പോയ ജനകാത്മജയെ ഓർമ്മിപ്പിക്കുന്നു)
തിരുവാഴ്ത്തിൽ കവി പറയുന്നു,
"ഭാരതം പൂജിച്ചു വഞ്ചിച്ചു നിന്ദിച്ചൊ-
രായിരം നാരിമാർക്കെൻ തിരുവാഴ്ത്തുകൾ"
സമത്വമിന്നും ഏട്ടിലെ പശുവാണ്. തട്ടിൻ പുറത്തുനിന്നു പ്രസംഗിക്കും. ഉദാഹരണമായി കമലാഹാരിസിനെ ഉയർത്തിക്കാട്ടും. കേട്ടുനില്കുന്ന നമ്മൾ കൈയടിക്കും. പ്രവർത്തിയോടടുക്കുമ്പോൾ അവൾ കൃഷിയിടം മാത്രമാണ്. അതിനെ ശരിവയ്ക്കുന്നു സംഘടിത മതങ്ങളും, മഹത്വവൽക്കരിക്കപ്പെടുന്ന പൗരാണിക സംസ്കാരാവശിഷ്ടങ്ങളും. സംശയമുണ്ടെങ്കിൽ സ്ഥാനാർത്ഥിപ്പട്ടിക പരിശോധിച്ചാൽ മാത്രം മതി.
(തൽക്കാലം നമുക്കു ഹാരിയുടെ ഭാര്യയെപ്പറ്റി അപവാദം പറഞ്ഞിരിക്കാം! അതല്ലേ സുഖം?)