സിനിമയും ജീവിതവും - നിർമ്മാല്യം (1973)
എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി, നിർമ്മിച്ച്, സംവിധാനം ചെയ്ത ചലച്ചിത്രമാണ് നിർമ്മാല്യം. 1973ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നിർമ്മാല്യം നേടിയിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഭരത് അവാർഡ് പി ജെ ആന്റണിക്ക് ലഭിച്ചു.
പിജെ ആന്റണി, രവി മേനോൻ, സുകുമാരൻ, കവിയൂർ പൊന്നമ്മ, സുമിത്ര, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.
എം. ടി തന്നെ എഴുതിയ 'പള്ളിവാളും കാൽ ചിലമ്പും' എന്ന കഥയുടെ ചലച്ചിത്രവിഷ്കാരമായിരുന്നു നിർമ്മാല്യം.
ഒരു ഗ്രാമത്തിലെ ദേവി ക്ഷേത്രവും, അവിടത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും അവരുടെ ജീവിതവുമാണ് ഈ സിനിമ പറയുന്നത്. ദാരിദ്ര്യം കൊടികുത്തി വാഴുമ്പോഴും മതാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് കഥയിലെ നായകൻ. അയാളുടെ ഈ വിശ്വാസം അയാളുടെ കുടുംബത്തെ തകർച്ചയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു.
താൻ ഉപാസിച്ച ദേവി തന്റെ രക്ഷയ്ക്ക് എത്തില്ല എന്ന് മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവി വിഗ്രഹത്തിന് മുന്നിൽ ആത്മഹത്യ ചെയ്യുന്നു.
ഗ്രാമത്തിന്റെ സൗന്ദര്യം ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. ചെറിയ ഇടവഴികളും, ചെമ്മണ്ണ് നിറഞ്ഞ പാതകളും അതിന് ഇരുവശങ്ങളിലെ മുള്ളുവേലികളും, അരയാൽ മരവും, അമ്പലവും അതിനോട് ചേർന്ന അമ്പല കുളവും എല്ലാം ഈ ചിത്രത്തെ ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുന്നു.
മനോഹരമായ ഒരു കഥയെ അതിന്റെ എല്ലാ ഭാവത്തോടും കൂടെ എം. ടി നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നു. ഒരു കഥ ജനിക്കുമ്പോൾ ഒരു കഥാകൃത്ത് അനുഭവിച്ച വികാരത്തെ അതിന്റെ പതിന്മടങ്ങ് ശക്തിയോടെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ഇതിന്റെ കഥാകൃത്തും സംവിധായകനും എംടി വാസുദേവൻ നായർ തന്നെയായിരുന്നു.
പി ജെ ആന്റണി എന്ന അഭിനയ പ്രതിഭയുടെ പകരം വയ്ക്കാനില്ലാത്ത പ്രകടനം ആയിരുന്നു ഈ ചിത്രത്തിലേത്. ഈ വെളിച്ചപ്പാടിന്റെ കഥാപാത്രത്തിലേക്ക് എംടി ആദ്യം ആലോചിച്ചത് ശങ്കരാടിയെ ആയിരുന്നു. എന്നാൽ ശങ്കരാടിയാണ് പിജെ ആന്റണിയെ ഈ കഥാപാത്രത്തിനായി നിർദ്ദേശിച്ചത്. ഒരു പകരക്കാരനായി വന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുക തന്നെ ചെയ്തു പി ജെ ആന്റണി.
എം ടി വാസുദേവൻ നായർ ആദ്യമായി ഒരു സംവിധായകന്റെ മേലങ്കി അണിയുന്നത് ഈ ചിത്രത്തിലൂടെയാണ്. അതുപോലെ സുകുമാരന്റെയും സുമിത്രയുടെയും ആദ്യചിത്രം ആയിരുന്നു നിർമ്മാല്യം.
ഈ ചിത്രം ശരിക്കും ഒരു വെളിച്ചപ്പാടിലൂടെയാണ് കടന്നുപോകുന്നത്. അയാളുടെ വിശ്വാസത്തിന്റെയും, വിശ്വാസത കർച്ചയുടെയും കഥയാണിത്.
വിശ്വാസ തകർച്ചയിൽ തകർന്നുപോകുന്ന വെളിച്ചപ്പാട്, ദേവി വിഗ്രഹത്തിന് നേരെ തിരിയുന്ന ഒരു രംഗമുണ്ട്. അയാളുടെ മനസ്സിലെ രോഷം മുഴുവൻ അയാൾ ആ വിഗ്രഹത്തോട് തീർക്കുകയാണ്. ഇന്നത്തെകാലത്തായിരുന്നുവെങ്കിൽ ആ പ്രവർത്തി വലിയ ഒച്ചപ്പാട് വിളിച്ചു വരുത്തുമായിരുന്നു. എന്നാൽ ആ വെളിച്ചപ്പാടിനെയും അയാളുടെ മനസ്സിലെ നൊമ്പരങ്ങളെയും, പ്രേക്ഷകർ അതേ രീതിയിൽ തന്നെ സ്വീകരിച്ചു.
കൂടല്ലൂരിന്റെ സന്തതിയായ എം ടി വാസുദേവൻ നായർ, എന്നും താൻ ജനിച്ചു വളർന്ന തന്റെ ഗ്രാമത്തെയും അതിനോട് ചേർന്നുള്ള കുറേ ജീവിതങ്ങളെയും തന്റെ തൂലികത്തുമ്പിൽ ഒപ്പിയെടുക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. അത് വായനക്കാരിൽ ആയാലും പ്രേക്ഷകനിൽ ആയാലും ആഴത്തിൽ സ്പർശിക്കാൻ പോകുന്ന തരത്തിലുള്ളതായിരുന്നു. മാറുന്ന കാലത്തെ അംഗീകരിക്കാൻ ആകാതെ, പാരമ്പര്യവും, വിശ്വാസവും മുറുകെ പിടിക്കുന്ന ഒരു മനുഷ്യന്റെ നിലവിളിയായിരുന്നു ഈ ചിത്രത്തിൽ മുഴങ്ങിക്കേട്ടത്.
വിശ്വാസത്തിന്റെ ചട്ടക്കൂടിൽ തളയ്ക്കപ്പെടുന്ന ഒരു മനുഷ്യന്റെ വിലാപം.... അതിൽനിന്ന് പുറത്തു കടക്കുമ്പോൾ അയാൾ ഈ സമൂഹത്തിന് നേരെ ഒരു ചോദ്യചിഹ്നമായി മാറുകയാണ്... ആ ചോദ്യത്തിന് ഉത്തരം നൽകുന്നത് അയാൾ തന്റെ ജീവിതം ഹോമിച്ചു കൊണ്ടാണ്....
നിർമ്മാല്യം എന്ന ചിത്രം ഇന്നത്തെ കാലത്തും പ്രസക്തമാകുന്നത് ഇതുകൊണ്ട് തന്നെയാണ്.
(തുടരും)