mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Daivathinte vikrithikal - Malayalam film

Binoby

ദൈവത്തിന്റെ വികൃതികൾ  (1992)

എം മുകുന്ദന്റെ  പ്രശസ്തമായ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ.  നോവൽ ചലച്ചിത്രമാക്കിയപ്പോൾ വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കണ്ടതും. നോവൽ നമ്മൾ വായിക്കുമ്പോൾ മയ്യഴിക്കും അതിലെ കഥാപാത്രങ്ങൾക്ക് ഒപ്പം ആ ദേശത്തിലൂടെ നാം സഞ്ചരിക്കുന്നത് പോലെ തോന്നും. എന്നാൽ സിനിമയിൽ കാലഘട്ടത്തിന് പ്രസക്തി ഇല്ലാത്തതുപോലെ തോന്നിപ്പോകും. എന്നിരുന്നാലും ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ആവർത്തി തീർച്ചയായും കാണാം.

മായാജാലക്കാരനായ അൽഫോൻസാച്ചന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്. ഫ്രഞ്ചുകാർ മാഹി വിട്ടു പോയിട്ടും മാഹിയോടുള്ള സ്നേഹത്തെ പ്രതി മാഹിയിൽ തുടരുന്ന അയാൾക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ..... അതിൽ നിന്നും അഭയം കണ്ടെത്താൻ അയാൾ മദ്യപാനി ആയിത്തീരുന്നു.

അയാളുടെ ഭാര്യ മഗ്ഗി മദാമ്മയ്ക്ക് അയാളോട് എന്നും അമർഷമായിരുന്നു. കാരണം സമൃദ്ധിയുടെ വാഗ്ദത്ത ഭൂമിയായ ഫ്രാൻസിന് പോകാത്തതിന്റെ ദേഷ്യമായിരുന്നു മദാമ്മയുടെ മനസ്സ് മുഴുവൻ. മകൻ മൈക്കിൾ ഒരു അവസരം കിട്ടിയപ്പോൾ ഫ്രാൻസിലേക്ക് കടന്നു. മകൾ എൽസി  അവർക്കൊപ്പം കഴിയുന്നു.

ഫ്രഞ്ചുകാർ സ്വദേശത്തേക്ക് മടങ്ങിയപ്പോൾ ദാരിദ്ര്യത്തിലേക്ക് വീണുപോയ നാട്ടുകാർക്ക് മുമ്പിൽ  അൽഫോൻസാച്ചന്റെ ജാല വിദ്യകൾ ഏറ്റില്ല. അയാളുടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങി. മാഹി പഴയ മാഹി അല്ല എന്നുള്ള കാര്യം അയാൾ അറിഞ്ഞില്ല.

കാരണം അയാൾ സ്വയം തീർത്ത ജാലവിദ്യകളുടെ സ്വപ്നലോകത്തായിരുന്നു.

രഘുവരൻ, ശ്രീവിദ്യ,മാളവിക, തിലകൻ, വിനീത്, സുധീഷ്, രാജൻ പി ദേവ് തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. അൽഫോൻസാച്ചനായി രഘുവരനും, മഗ്ഗി മദാമ്മ യായി ശ്രീവിദ്യയും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

1992ലെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ശ്രീവിദ്യ നേടി. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രവും ഇതായിരുന്നു.

ഈ ചിത്രത്തിൽ "ഇരുളിൽ മഹാനിദ്രയിൽ നിന്നും" എന്നു തുടങ്ങുന്ന ഒരു മനോഹരമായ കവിതയുണ്ട്. അത് എഴുതിആലപിച്ചിരിക്കുന്നത് മധുസൂദനൻ നായരാണ്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് ഈ വരികളിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത്.

മയ്യഴിയെ സ്നേഹിച്ച അൽഫോൻസാച്ചനും, അയാളെ പുച്ഛത്തോടെ കാണുന്ന മഗ്ഗി മദാമ്മയും, ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന അവരുടെ മകൾ എൽസിയും, എല്ലാറ്റിനും ഉപരി മയ്യഴി എന്ന ഗ്രാമവും.... ആ ഗ്രാമത്തിലെ മനുഷ്യരും..... ദൈവത്തിന്റെ വികൃതികളിൽ നിറഞ്ഞു നിൽക്കുന്നത് ഇവരൊക്കെയാണ്.

ഒരു നോവൽ ചലച്ചിത്രം ആകുമ്പോൾ നാം ആദ്യം ശ്രദ്ധിക്കേണ്ടത് അത്, ആ, കഥ പറയുന്ന കാലഘട്ടത്തോട് നീതിപുലർത്തുന്നുണ്ടോ എന്നാണ്.... അങ്ങനെയെങ്കിൽ അത് പ്രേക്ഷകന് ആസ്വാദന യോഗ്യമായി തീരും. മറിച്ച് കാലഘട്ടത്തെ മറന്ന് കഥാപാത്രങ്ങളുടെ ജീവിതം മാത്രം സിനിമയിൽ കേന്ദ്രീകരിക്കുമ്പോൾ അത് ആ ചലച്ചിത്രത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തും. അങ്ങനെ ഒരു അനുഭവം ഈ ചിത്രത്തിൽ നിന്ന് ഉണ്ടായതുപോലെ എനിക്ക് തോന്നുന്നു.

വിമർശനത്തെക്കാൾ ഉപരി ഒരു നല്ല സാഹിത്യസൃഷ്ടിയെ തന്റെ പരിമിതികളിൽ നിന്നുകൊണ്ട് മനോഹരമാക്കാൻ സംവിധായകൻ ലെനിൻ രാജേന്ദ്രൻ ശ്രമിച്ചിട്ടുണ്ട്.

ഈ ചിത്രത്തിന്റെ കഥാപാത്രങ്ങൾക്ക് ഒപ്പം ആണ് അദ്ദേഹം സഞ്ചരിച്ചിരിക്കുന്നത്. ആ കഥാപാത്രങ്ങളുടെ നോവ് ഈ ചിത്രം കണ്ടു കഴിയുമ്പോൾ നമ്മുടെ മനസ്സിനെയും നൊമ്പരപ്പെടുത്തും. മയ്യഴിയുടെ സൗന്ദര്യത്തെക്കാൾ ഏറെ, അവിടെ ജീവിച്ച കുറച്ചു മനുഷ്യരുടെ ജീവിതനൊമ്പരങ്ങളാണ് ഈ ചിത്രം പ്രേക്ഷകനു മുന്നിൽ വരച്ചിടുന്നത്.

തുടരും 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ