'എഴുതാതിരിക്കുവാൻ കഴിയില്ല' എന്നിടത്ത് തൂലിക അന്വേഷിക്കുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ! വേണ്ടിവന്നാൽ ഒരു നാലു ദിവസം എഴുതാതിരിക്കുവാനെങ്കിലും കഴിയാത്തവൻ കൂലി എഴുത്തുകാരൻ! 'കൂടുതൽ എഴുതുന്നവൻ എഴുത്തുകാരൻ' എന്നൊരു വായന നടക്കുന്നതിന്റെ അനന്തരഫലം വികലരചന!
ഒരു കാഴ്ചയും എഴുത്തുകാരൻ മാത്രമായി കാണുന്നില്ല. അയാൾക്കു മാത്രമായി നേരം വെളുക്കുകയുമില്ല. എല്ലാവരും കണ്ടത് അയാളും കാണുന്നു, എല്ലാവരും അറിഞ്ഞത് അയാളും അറിയുന്നു. എന്നാൽ, മറ്റുള്ളവർ കണ്ടു മറന്നതിനെ കൊണ്ടറിയുന്നവനാണ് എഴുത്തുകാരൻ! ആ തിരിച്ചറിവിൽ പിറവി കൊള്ളുന്നതാണ് യഥാർത്ഥ എഴുത്ത്!
കാണുന്നതെല്ലാം അപ്പാടെ പകർത്തുന്നവൻ എഴുത്തുകാരനല്ല. അതിനയാളുടെ ആവശ്യമില്ലതാനും! കാണുന്നതിൽ കവിഞ്ഞും ചൂഴ്ന്നിറങ്ങി കാണുവാനുള്ള കഴിവ് അയാൾക്കു വേണം. വർത്തമാന കാഴ്ചയിൽനിന്നും ഭാവികാല ഫലം പ്രവചിക്കുവാനുള്ള എഴുത്തുകാരന്റെ കഴിവാണ് കാലാതിവർത്തിയായ എഴുത്തിന്റെ മൂലകാരണം! അത്തരം എഴുത്തുകൾ വായനയ്ക്കും പുനർവായനയ്ക്കും പാത്രമാകും.
എഴുത്തുകാരൻ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ വക്താവായിക്കൂടാ! ലോകം മുഴുവൻ ഒറ്റപ്പെടുത്തിയാലും ശരിയെന്നു ബോദ്ധ്യമുള്ളത് ഇച്ഛാശക്തിയോടെ പറയുവാൻ ആർജ്ജവം വേണമയാൾക്ക്! അയാൾക്കു വേണ്ട മറ്റൊരു ഗുണം സാമൂഹിക പ്രതിബദ്ധതയാണ്!
ഓടിപ്പിടിച്ച് എഴുതിത്തീർക്കേണ്ട ഡയറിക്കുറിപ്പല്ല സാഹിത്യം, വിമർശനം, നിരൂപണം.... ഒന്നും! കണ്ട കാഴ്ചയുടെ ബീജം ഉള്ളിൽ നിറച്ച് ദിനങ്ങൾ, ചിലപ്പോൾ ആഴ്ചയോ മാസമോ വർഷങ്ങളോളമോ തന്നെ ഒരു യോഗിയുടെ മനമോടെ കണ്ട കാഴ്ചയുടെ പിന്നാലെ സത്യത്തെ അന്വേഷിച്ച് അലയുവാൻ കഴിയുമ്പോഴാണ് എഴുത്തുകാരനിൽനിന്ന് നല്ലൊരു എഴുത്ത് പിറവികൊള്ളുന്നത്. അതൊരിക്കലും ഒരു നിമിഷത്തെ വർണ്ണനയാകില്ല; അതിന്റെ ആയുസ്സും ഒടുങ്ങില്ല!
മറ്റൊരുത്തൻ പറഞ്ഞത് പറയുവാനോ മറ്റൊരുത്തന് പറയുവാൻ കഴിയുന്നത് പറയുവാനോ എഴുത്തുകാരന്റെ ആവശ്യമില്ല! 'ഇതു പറയുവാൻ തനിക്കു പകരം മറ്റൊരാൾ വരി'ല്ലെന്ന തിരിച്ചറിവാണ് യഥാർത്ഥ വിഷയലബ്ധി! അടക്കമുള്ള ഭാഷയിൽ ശക്തമായി രേഖപ്പെടുത്തുന്ന എഴുത്തുകാരന്റെ അടയാളമാകണം ഓരോ എഴുത്തും! അതാകണം അയാളുടെ നിലപാട്! പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞും കാര്യമില്ലാത്തത് പറഞ്ഞും പറയുവാനുള്ളത് വിഴുങ്ങിയും എഴുതിക്കൂട്ടുന്ന എഴുത്തൊന്നും എഴുത്തല്ല!
സ്വന്തമായി നിലപാടില്ലാത്തവൻ മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാൻ എഴുതിക്കൂട്ടുന്നു. ആ എഴുത്തിന് ആത്മാവില്ല. ആരെങ്കിലും പിണങ്ങുമോ, കൂട്ടത്തിൽനിന്നും അകറ്റുമോ, മറ്റുള്ളവർ എന്തു വിചാരിക്കും തുടങ്ങിയ ചിന്തകളുടെ അനന്തരഫലമാണ് ഒരുവന്റെ എഴുത്തെങ്കിൽ അത് മാലിന്യമാണ്!
ഓരോ എഴുത്തും എഴുത്തുകാരന്റെ ഉള്ളിലേക്കുള്ള തിരിഞ്ഞുനോട്ടത്തിൽ നിന്നുകൂടിയാകണം ഉണ്ടാകേണ്ടത്. കാലങ്ങളായി എഴുതിയതൊക്കെയും എഴുതേണ്ടതായിരുന്നെന്ന ഉറപ്പില്ലാതെ വന്നാൽ, ആരെയും ഭയക്കാതെ, ഒന്നിലും കൂസാതെ എഴുതിക്കൂട്ടിയ ചപ്പും ചവറും കൂട്ടിയിട്ടു കത്തിക്കുവാൻ അയാൾ മടിക്കരുത്! എന്നിട്ട് ശരിയായ പാത കണ്ടെത്തി മുന്നോട്ടു പോകണം. അതിനു വയ്യാതെ, പെറ്റുപോയ വൈകല്യം നിറഞ്ഞ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കുവാൻ മനസ്സില്ലാത്ത അമ്മയുടെ ഗതികേട് നിങ്ങളെ അലട്ടിയാൽ നിങ്ങൾ വെറും ചവറെഴുത്തിൽ അടയിരിക്കുന്ന കൂലിയെഴുത്തുകാരൻ/ കാരി മാത്രമാണ്! പ്രതിഫലം മാത്രമാണ് നിങ്ങളുടെ ലക്ഷ്യം! 5* നക്ഷത്രത്തിളക്കമോ പ്രശസ്തിയോ റിവ്യൂ ആഘോഷമോ ഒക്കെയാകാം ആ പ്രതിഫലം! അതിൽ അടയിരിക്കുന്നവന് ആയിരം പുസ്തകം അച്ചടിക്കുവാനും എഴുത്തുകാരന്റെ ബാഡ്ജ് നെഞ്ചത്ത് കുത്തിയിറക്കി പല്ലിളിക്കുവാനും കഴിയുമെന്നത് ഒഴിച്ചാൽ ആർക്കെന്തു പ്രയോജനം!
ഭാവനയെന്നാൽ ഭാവന ഒന്നല്ല! അതിൽ ഭാവി- ഭൂതങ്ങളെ അനുസ്മരിപ്പിക്കുവാൻ പോന്ന വർത്തമാന യാഥാർത്ഥ്യം- കുറഞ്ഞ പക്ഷം, പുതിയ ചിന്തയിലേക്കും കാഴ്ചയിലേക്കും അനുവാചകനെ നയിക്കുവാൻ പോന്ന പുതുമ- എങ്കിലും ശക്തമായ ഭാഷയിൽ സന്നിവേശിപ്പിച്ചിരിക്കണം. എഴുത്ത് തുടങ്ങിയ കാലം മുതൽ ഉപയോഗിക്കുന്ന പദം, ബിംബം, പ്രയോഗം, ഇതിവൃത്തം, ഭാഷ, വിഷയം എന്നിവയിൽ ഒരുവന് യാതൊരു മാറ്റവും വരുത്തുവാൻ കഴിയുന്നില്ലെങ്കിൽ അയാൾ എഴുതുന്നത് എഴുത്തല്ല! പറഞ്ഞത് തന്നെയും പിന്നെയും പറഞ്ഞാൽ നവീന സൃഷ്ടിയാകില്ല!
'അയ്യേ! ഇതൊരു വിഷയമാണോ!' എന്നു മറ്റുള്ളവർ പുച്ഛിക്കുന്നതിൽനിന്നും വിഷയം കണ്ടെത്തി, അത് സ്വന്തം ഭാഷയിൽ തന്റെ നിലപാട് ചേർന്ന എഴുത്താക്കി വായനക്കാരനെക്കൊണ്ട് വായിപ്പിച്ച്, അയാളുടെ ചിന്തയ്ക്കു വെളിയിൽ ചിന്തിക്കുവാൻ പ്രേരണ നൽകുന്നവനാണ് നല്ല എഴുത്തുകാരൻ!