aksharangal by M T Vasudevan Nair

Binoby Kizhakkalbalam

ആറ് - അക്ഷരങ്ങൾ (1984)

Read Full

എം ടി വാസുദേവൻ നായരുടെ രചനയിൽ, ഐവി ശശി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചിത്രമാണ് അക്ഷരങ്ങൾ. മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥകളാണ് പലപ്പോഴും എംടിയുടെ  തൂലികയിൽ നിന്ന് പിറക്കാറ്. അത് പലപ്പോഴും ജീവിതത്തോട് ചേർന്ന് നിൽക്കുന്നതും ആയിരിക്കും. അത്തരത്തിലുള്ള ഒരു മനോഹര ചിത്രമാണ് അക്ഷരങ്ങൾ.

 മനോഹരമായ ഗാനങ്ങൾ, മമ്മൂട്ടി, ഭരത് ഗോപി,സീമ, സുഹാസിനി എന്നീ താരങ്ങളുടെ മത്സരിച്ചുള്ള അഭിനയ മുഹൂർത്തങ്ങൾ....

 കഥയിലേക്ക് നാം വരുമ്പോൾ ജയദേവൻ എന്ന എഴുത്തുകാരന്റെ ജീവിത കഥയാണ് ഈ ചിത്രം.

 ജയദേവൻ അറിയപ്പെടുന്ന എഴുത്തുകാരനാണ്. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് ഭാരതിയെയാണ്. ഭാരതിയുടെ ചേട്ടൻ വിപി മേനോൻ പ്രശസ്തനായ എഴുത്തുകാരനാണ്. അയാളിലൂടെയാണ് ജയദേവന്റെ വളർച്ച. എന്നാൽ ജയദേവന് ഒരു കാമുകിയുണ്ട്... ഗീത. പ്രശസ്തിയും, പണവും ജയദേവനെ ഒരു മദ്യപാനി ആക്കി മാറ്റുന്നു.

 ഗീതയുടെ കാര്യം പറഞ്ഞ്  ഭാരതി അയാളിൽ നിന്ന് അകലുന്നു.

 ഇതിനിടെ ജയദേവൻ രോഗിയായി മാറുന്നു. ഭാരതി അപ്പോഴും അയാളോട് അകലം പാലിക്കുന്നു.

 രോഗബാധിതനായ ജയദേവന്റെ കാര്യങ്ങൾ ഗീത ഏറ്റെടുക്കുന്നു. മരണക്കിടക്കയിൽ വച്ചുള്ള ജയദേവന്റെയും അയാളോട് ചേർന്ന് നിൽക്കുന്നവരുടെയും ഓർമ്മകളാണ് ഈ ചിത്രം.

 അവസാനം ജയദേവൻ എന്ന എഴുത്തുകാരൻ മരണത്തിന് കീഴടങ്ങുമ്പോൾ അത് പ്രേക്ഷകനിൽ നൊമ്പരമുളവാക്കുന്നു.

 ജയദേവൻ എന്ന എഴുത്തുകാരന്റെ ഹൃദയ വേദനകളെ, അത് പ്രേക്ഷകനെ സ്പർശിക്കുന്ന തരത്തിൽ അവതരിപ്പിക്കുവാൻ എംടിയുടെ തൂലികയ്ക്ക് കഴിഞ്ഞു.

 ജയദേവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. ഈ കഥാപാത്രത്തിന് മുമ്പും പിമ്പും എംടി യുടെ പല കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. 1980 -90 കാലഘട്ടം പലപ്പോഴും അദ്ദേഹത്തെ കുടുംബ നാഥന്റെ റോളിൽ തളച്ചിടുമായിരുന്നു. അദ്ദേഹത്തിന് അതിൽ നിന്ന് പലപ്പോഴും മോചനം ലഭിച്ചിരുന്നത് ഇതുപോലെയുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ജയദേവൻ എന്ന കഥാപാത്രം തീർച്ചയായും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് അദ്ദേഹം ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

 പിന്നെ എടുത്തു പറയേണ്ടത് സീമയുടെ അഭിനയമാണ്. സീമ അഭിനയിച്ച ഗീത എന്ന കഥാപാത്രം ഒട്ടേറെ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു. ആ കഥാപാത്രം അവരുടെ കയ്യിൽ ഭദ്രവും ആയിരുന്നു. അതിനുള്ള അംഗീകാരമാണ് 1984ലെ ഏറ്റവും നല്ല നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവർക്ക് അക്ഷരങ്ങളിലൂടെ ലഭിച്ചത്.

 1984ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ ഒഎൻവി നേടിയെടുത്തു. അദ്ദേഹം രചിച്ച കുറച്ചു നല്ല മനോഹരമായ ഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ.

" തൊഴുതു മടങ്ങും സന്ധ്യയും ഏതോ... "

" കറുത്ത തോണിക്കാരാ ... കടത്തു തോണിക്കാരാ ... "

" ഒരു മഞ്ഞുതുള്ളിയിൽ നീലവാനം.... "

 എന്നീ മൂന്നു ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആയിരുന്നു.

 ജീവിതഗന്ധിയായ രചനകൾ ആയിരുന്നു എംടിയുടെ തൂലികയിൽ നിന്ന് പിറന്നിരുന്നത്. അത് പലപ്പോഴും ഹൃദയത്തെ തൊടുന്ന തരത്തിൽ ആയിരുന്നു. അതു മലയാളികൾ പല ചിത്രങ്ങളിലും തൊട്ടറിഞ്ഞിട്ടുമുണ്ട്.

 ഐവി ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ എടുത്താൽ അതിൽ ഒരു നല്ല ചിത്രമായി അക്ഷരങ്ങളെയും പരിഗണിക്കാം. കലാപരമായും വാണിജ്യപരമായും അക്ഷരങ്ങൾ ഒരു വിജയചിത്രം തന്നെയായിരുന്നു.

 ജീവിതഗന്ധിയായ കഥകൾ അന്യമായ ഈ കാലഘട്ടത്തിൽ, മനസ്സിനെ സ്പർശിക്കുന്ന ഒരു ചിത്രം നിങ്ങൾക്ക് കാണണമെങ്കിൽ തീർച്ചയായും അക്ഷരങ്ങളെ തിരഞ്ഞെടുക്കാം.

തുടരും

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ