mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

thiruvathira

Saraswathi Thampi

ഇന്ന് ധനുമാസത്തിരുവാതിര. എല്ലാമാസവും തിരുവാതിര നക്ഷത്രമുണ്ടെങ്കിലും ഭഗവാൻ ശ്രീ പരമേശ്വരൻ്റെ ജന്മദിനമാണ് ഈ തിരുവാതിര എന്നാണ് വിശ്വാസം.

അശ്വതി നാൾ മുതൽ നേരം പുലരുന്നതിനു മുമ്പുതന്നെ സ്ത്രീകളും കുട്ടികളും സമീപസ്ഥമായ ജലാശയങ്ങളിൽ തുടിച്ചു കുളിക്കുക എന്നൊരു പതിവുണ്ടായിരുന്നു.
കുളി കഴിയുമ്പോഴേക്ക് കുട്ടികൾ കരിയിലകൾ കൂട്ടി കത്തിച്ച് ചൂടുകായാനുള്ള സംവിധാനമുണ്ടാക്കുമായിരുന്നു. കുളി കഴിഞ്ഞെത്തിയാൽ കൂവപ്പൊടി കൊണ്ടുള്ള വെള്ളക്കുറിയും നെറ്റിയിലണിയും.

തിരുവാതിര ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്കു മുമ്പേ തുടങ്ങും. മഴക്കാലത്തിനു ശേഷം ഇടിഞ്ഞു പൊളിഞ്ഞ മൺതിട്ടകളും മതിലുകളുമെല്ലാം പുനർനിർമ്മിക്കയും മുറ്റമെല്ലാം മണ്ണു കൊണ്ട് മെഴുകിശരിയാക്കി നല്ല പച്ച ചാണകം കൊണ്ട് തേച്ച് വൃത്തിയാക്കുകയുമെല്ലാം തകൃതിയായി നടക്കുന്നുണ്ടാവും. അടുത്തന്നെ വരാനിരിക്കുന്ന മകരക്കൊയ്ത്തിനു കൂടിയുള്ള നിലമൊരുക്കൽ കൂടിയാണിത് എന്നു പറയേണ്ടതില്ലല്ലോ.

ഇലകളെല്ലാം വാടി നിൽക്കുന്ന കൂവ പറിച്ചു ഇടിച്ചു പിഴിഞ്ഞ് ഊറ്റിയെടുത്ത് വരും വർഷങ്ങളിലേക്കു വേണ്ടുന്നതായ കൂവപ്പൊടിയും മിക്കവാറും എല്ലാ വീടുകളിലും തയ്യാറാക്കും.ചൂടിനെ പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കുന്ന കൂവപ്പൊടി അന്യസംസ്ഥാനങ്ങളിലും  മറ്റു രാജ്യങ്ങളിലും ഔദ്യോഗികാവശ്യാർത്ഥം താമസിക്കുന്ന പ്രിയപ്പെട്ടവർക്കു കൂടി കരുതി വെക്കേണ്ടതുണ്ട്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി തിരുവാതിര ദിവസം കൂവപ്പായസവും (കൂവ പൊടിയും തേങ്ങാക്കഷണങ്ങളും ശർക്കരയുമിട്ട് അല്പം നെയ്യും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവത്തെ കൂവ വെരകിയത് എന്നാണ് പ്രാദേശികമായ പേര്) മുതിരപ്പുഴുക്കും പപ്പടം കാച്ചിയതും ചെറുപഴവുമായിരിക്കും പ്രാതൽ വിഭവങ്ങൾ.

വിഭവസമൃദ്ധമായ വിഭവങ്ങൾ ആണുങ്ങൾക്കും കുട്ടികൾക്കുമായി തയ്യാറാക്കുക പതിവുണ്ടെങ്കിലും സ്ത്രീകൾ തിരുവാതിര വ്രതാനുഷ്ഠാനനത്തിലായിരിക്കും. അതിനാൽത്തന്നെ അന്നേ ദിവസം അരി ഭക്ഷണം വർജ്യം.
രാവിലെ ശിവക്ഷേത്ര ദർശനവും പതിവാണ്.

കുടുംബാംഗങ്ങൾക്കു ഭക്ഷണം നൽകിക്കഴിഞ്ഞാൽ സ്ത്രീകളെല്ലാം അയൽപക്കത്തെ ഏതെങ്കിലുമൊരു വീട്ടിൽ ഒത്തുചേരും. മനോഹരമായ ചുവടുകൾക്കൊപ്പം തിരുവാതിരപ്പാട്ടുകൾ പാടി ആഘോഷിക്കുമ്പോൾ വലിയ മരക്കൊമ്പിലിട്ട മുളയൂഞ്ഞാലിനു ചുവട്ടിലായിരിക്കും കുട്ടികൾ. ഊഞ്ഞാലിൽ കുതിച്ച് ഏറെ ഉയരത്തിൽ പോവാൻ കഴിയുന്നവരെ മറ്റുള്ളവർ ആദരവോടെ നോക്കാറുണ്ട്.

മിക്കവാറും തിരുവാതിര  ക്രിസ്മസ് അവധിക്കിടയിൽ വന്നെത്തുന്നതു കൊണ്ട് വിരുന്നുകാരെല്ലാം എത്തിച്ചേരാറുമുണ്ട്. എന്തായാലും ഏറെ സന്തോഷത്തോടെ ആഘോഷിച്ചിരുന്ന തിരുവാതിരക്കാലമെല്ലാം ഇന്ന് വെറും ഓർമകളിൽ മാത്രമായൊതുങ്ങി. ഊഞ്ഞാലുമില്ല തിരുവാതിരക്കളിയുമില്ല.ചില ക്ലബ്ബുകളുടേയും ക്ഷേത്രക്കമ്മിറ്റികളുടേയും നേതൃത്വത്തിൽ ചിലയിടങ്ങളിലെല്ലാം മെഗാ തിരുവാതിര നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിയുന്നതാണ് ഈ കലാരൂപം നിലനിൽക്കുന്നു എന്നതിന് ആകെയുള്ള തെളിവ്.യുവജനോത്സവ (അതോ കലോത്സവമോ) വേദികളിലെ ഒരു മത്സരയിനം മാത്രമായി സ്ത്രീകളുടെ  വ്യായാമത്തിനും മാനസികോല്ലാസത്തിനും പര്യാപ്തമായ ഈ കലാരൂപം ഒതുങ്ങിക്കഴിഞ്ഞെന്നു തോന്നുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ