എനിക്ക് വയസ് ഒന്‍പത് അല്ലെങ്കില്‍ പത്ത്. വീടിന്റെ മുന്നില്‍ ഒരു പാടമാണ്. മഴക്കാലത്ത് പാടത്ത് വെള്ളം നിറയും. ഞങ്ങള്‍ക്ക് ഉല്ലാസക്കാലമാണത്. രാവിലെമുതല്‍ ഉച്ചവരെ മുങ്ങിക്കുളിക്കുക, നീന്തുക, ചൂണ്ടയിടുക..വിനോദംതന്നെ വിനോദം. ഇടയ്ക്ക് ഞാന്‍ വള്ളമെടുത്ത് പാടത്തിന്റെ അക്കരെ
താമസിക്കുന്ന കൊച്ചമ്മയുടെ വീട്ടില്‍പോകും. കൊച്ചമ്മഎന്നാല്‍ ഗ്രാന്‍ഡ്‌മദറിന്റെ അനുജത്തി. അവര്‍ക്ക് കുട്ടികളില്ല. അതുകൊണ്ട് ഞങ്ങളോടൊക്കെ വലിയ വാത്സല്യമാണ്. അവിടെ പോകുന്നത് എനിക്കു വളരെ ഇഷ്ടമാണ്. നല്ല കാറ്റ്. മിക്കപ്പോഴും നിറയെ പഴുത്തുകിടക്കുന്ന ചാമ്പയ്ക്ക. കൊച്ചമ്മയുടെവക അരിയുണ്ട, കുഴലപ്പം തുടങ്ങിയ പലഹാരങ്ങള്‍ വേറെ.
അന്നൊക്കെ വിശപ്പ് ഒരു തീരാവ്യാധി ആയിരുന്നു. പലഹാരം കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും തിന്നാന്‍ തയ്യാര്‍.
ഒരു ദിവസം ചെന്നപ്പോള്‍ എന്റെ കൈയില്‍ അല്പം പണം തന്നിട്ടു കൊച്ചമ്മ പറഞ്ഞു - "നീ ശാസ്താങ്കല്‍ പോയി ഈ കാശിന് മെഴുകുതിരി വാങ്ങിവാ.."
കൊച്ചമ്മയുടെ ശബ്ദത്തില്‍ വല്ലാത്തൊരു അര്‍ജന്‍സി ഉണ്ടായിരുന്നു.
"എന്തിനാ കൊച്ചമ്മേ ഇപ്പോള്‍ മെഴുകുതിരി?"
"നീ അറിഞ്ഞില്ലേ? മറ്റന്നാള്‍ ലോകം അവസാനിക്കാന്‍ പോകുന്നു..."
ലോകാവസാനവും മെഴുകുതിരിയുമായി എന്തു ബന്ധം എന്നൊന്നും ചിന്തിക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല. ഏതായാലും ഞാന്‍ മെഴുകുതിരി വാങ്ങിക്കൊടുത്തു.
അതിനുശേഷം എത്രയെത്ര മഹാന്മാര്‍ എത്രവട്ടം ലോകാവസാനം പ്രവചിച്ചു.. എത്ര മന്ദബുദ്ധികള്‍ അതെല്ലാം വിശ്വസിച്ചു!
ഈ ലോകാവസാനനാടകം ലോകാവസാനംവരെ തുടരും.
എനിക്ക് തീര്‍ച്ചയാണ്.