വ്യവസ്ഥിതികളെയും, പ്രസ്ഥാനങ്ങളെയും എതിർക്കുമ്പോൾ പോലും അവയെ പ്രതിനിധീകരിക്കുന്ന വ്യക്തികളോട് അഹിംസാ പരമായ സമീപനം

ഉറപ്പാക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത ഒരാൾ ഭൂമിയിൽ ഉണ്ടായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ മുന്നേറ്റങ്ങളിൽ ഒന്നിനെ സമാധാനപരമായി നയിച്ച ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടായിരുന്നു.  അഞ്ചു തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു പരിഗണിക്കപ്പെടുകയും (മരണാനന്തരമായി അത് നൽകാൻ 1948 ൽ  പരിഗണിക്കപ്പെട്ടത് ഉൾപ്പടെ) നോർവീജിയൻ നോബൽ കമ്മിറ്റിയ്ക്ക്  തീരാ കളങ്കമായി കാലയവനികയിൽ മറയുകയും ചെയ്ത  ഒരു മഹാത്മാവുണ്ടായിരുന്നു. അനുദിനം ഹിംസാത്മകമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തു ഗാന്ധി ഒരു വലിയ സാധ്യതയാണ്; ഒരു ഉത്തരമാണ്. തന്റെ ആത്മകഥയിൽ പറഞ്ഞതു പോലെ അഹിംസ  ലോകത്തിനു മുമ്പിൽ അദ്ദേഹം പുതുതായി അവതരിപ്പിച്ച ആശയമല്ല. പക്ഷെ അതുപയോഗിച്ചു ലോകം കണ്ട ഏറ്റവും വലിയ കുടിലതയെ, അടിച്ചമർത്തലിനെ, ചൂഷണത്തെ നേരിട്ടു  വിജയം വരിച്ച പ്രയോക്താവായിരുന്നു അദ്ദേഹം. വ്യക്തിപരമായ അദ്ദേഹത്തിന്റെ മറ്റു ചില നിലപാടുകളെ ചോദ്യം ചെയ്തു തേജോവധം ചെയ്യുന്നവർ, മനുഷ്യക്കുരുതികൾ നടത്തി ചോരയിലൂടെ നീന്തി ക്കയറിയവരാണ് എന്ന സത്യം നമുക്കു മറക്കാതിരിക്കാം. സ്വന്തം ആൾക്കാർ കൊല്ലപ്പെടുമ്പോൾ മാത്രമല്ല അഹിംസയെപ്പറ്റി നാം ചിന്തിക്കേണ്ടത്; ശത്രു കൊല്ലപ്പെടുമ്പോഴും അതു പ്രസക്തമാണ്. മാനവികതയുടെ ഏറ്റവും ഉന്നതമായ തലമാണ് അഹിംസ. ഭൗതികവും, മാനസികവും ആയ അഹിംസ. അതു മനുഷ്യനായിരിക്കുന്നതിൽ അഭിമാനിക്കുകയും, മറ്റുള്ളവർ തന്നെപ്പോലെ ആണെന്നു കരുതുകയും ചെയ്യന്ന ഉദാത്തമായ മാനസിക അവസ്ഥയാണ്. 

'നിഷാദൻ' എന്ന വാക്ക് ഉച്ചനീചത്വത്തിന്റെ പര്യായമായി കരുതില്ലെങ്കിൽ ഞാനതുപയോഗിക്കട്ടെ - 'മാ നിഷാദാ!'

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ