മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

യലിനിലെ വിശ്വവിസ്മയമായ പദ്‌മഭൂഷൺ ലാൽഗുഡി ജയരാമന്റെ നവതി ആയിരുന്നു 2020 സെപ്റ്റംബർ 17. കോവിഡ് സൃഷ്‌ടിച്ച പ്രത്യേക പരിതസ്ഥിതിയിൽ ലോകമാകെയു ള്ള അദ്ദേഹത്തിന്റെ ആരാധകർക്കും ശിഷ്യന്മാർക്കും അത് ആഘോഷിക്കാൻ കഴിയാതെപോയി.

1930 സെപ്റ്റംബർ 17ന് തിരുച്ചിറപ്പള്ളിക്കടുത്തുള്ള ലാൽഗുഡി എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്ഛൻ ശ്രീ. വി. ആർ. ഗോപാലയ്യർ. അമ്മ ശ്രീമതി.രാജലക്ഷ്മി. രണ്ടുമക്കളാണിവർക്കുള്ളത്,  ലാൽഗുഡി ജി. ജെ. ആർ. കൃഷ്ണനും ലാൽഗുഡി വിജയലക്ഷ്മിയും. രണ്ടുപേരും അച്ഛന്റെ പാത സ്വീകരിച്ച, വിഖ്യാതരായ വയലിനിസ്റ്റുകളാണ്.

ത്യാഗരാജസ്വാമികളുടെ ശിഷ്യപരമ്പരയിൽപ്പെട്ട കുടുംബമാണ് അദ്ദേഹത്തിന്റേത്. ലാൽഗുഡി ജയരാമന്റെ അച്ഛച്ഛന്റെ അച്ഛൻ ലാൽഗുഡി രാമഅയ്യർ ത്യഗരാജ സ്വാമികളുടെ ശിഷ്യനും മൈസൂർ രാജാവിന്റെ ആസ്ഥാന സംഗീതജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് പ്രശസ്ത വയലിൻ വാദകനായിരുന്ന വലാഡി  രാധാകൃഷ്ണഅയ്യർ,  ലാൽഗുഡി ജയരാമന്റെ അച്ഛച്ഛൻ . രാധാകൃഷ്ണഅയ്യരുടെ മകൻ ലാൽഗുഡി വി.ആർ. ഗോപാല അയ്യരാണ് ലാൽഗുഡി ജയരാമന്റെ. പിതാവ്. വയലിനിസ്റ്റ്, കവി, കമ്പോസർ, അദ്ധ്യാപകൻ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച ആളായിരുന്നു അദ്ദേഹം. മാത്രമല്ല, ശുദ്ധതരംഗിണി, ഗന്ധർവ്വ മനോഹരി, മേഘരഞ്ജിനി തുടങ്ങിയ നിരവധി അപൂർവ്വ രാഗങ്ങളിൽ കൃതികൾ രചിച്ച് കമ്പോസ് ചെയ്യാനും ആലപിക്കാനും അപാരമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്.

ത്യാഗരാജസ്വാമികൾ ശ്രീരംഗം സന്ദർശിച്ചു മടങ്ങുമ്പോൾ രാമയ്യരുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കുക മാത്രമല്ല അഞ്ചു മഹത്തായ കൃതികൾ രചിക്കുകയും ചെയ്തിരുന്നു. 'ലാൽഗുഡി പഞ്ചരത്നം' എന്ന പേരിൽ പിന്നീട് ഇവ പ്രസിദ്ധിയാർജ്ജിച്ചു. ത്യഗരാജ സന്ദർശനത്തെക്കുറിച്ച് ശ്രീ. ലാൽഗുഡി പറഞ്ഞത് തന്റെ സംഗീതക്കണക്കിലെ ഏറ്റവും വലിയ നിധിയായ മഹാഭാഗ്യമാണതെന്നാണ്.

സംഗീതപാണ്ഡിത്യത്തോടൊപ്പം മികച്ച അദ്ധ്യാപകനുമായ അച്ഛൻ ഗോപാല അയ്യർ, അച്ഛന്റെ ജ്യേഷ്‌ഠനും പ്രഗത്ഭ വയലിനിസ്റ്റുമായ മധുരൈ കന്ദസ്വാമി ഭാഗവതർ എന്നിവരുടെ ശിക്ഷണവും അവരുടെ സമകാലികരായിരുന്ന മഹാസംഗീതജ്ഞരായ മധുരൈ പുഷ്പവനം അയ്യർ, വേദാന്തഭാഗവതർ, മഴവരായനേണ്ടൽ സുബ്ബരാമ ഭാഗവതർ, ഹരികേശനല്ലുർ മുത്തയ്യ ഭാഗവതർ തുടങ്ങിയ അനേകം സംഗീതജ്ഞരുമായുള്ള സാമീപ്യവുമാണ് ലാൽഗുഡി ജയരാമനിലെ സംഗീതത്തെ വളർത്തി വലുതാക്കിയത്.

പന്ത്രണ്ടാം വയസ്സിൽ സപ്ത ഋഷീശ്വരസ്വാമി ക്ഷേത്രത്തിൽ സാത്തൂർ സുബ്രഹ്മണ്യത്തിന്റെ കച്ചേരിക്ക് വായിച്ചുകൊണ്ടായിരുന്നു വയലിനിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം. അച്ഛന്റെ കർശനമായ ശിക്ഷണമാണ് അദ്ദേഹത്തിലെ സംഗീതജ്ഞനെ വളർത്തി വികസിപ്പിച്ചത്. കഠിനാദ്ധ്വാനമാണ് ഒരു നല്ല കലാകാരനാകാനുള്ള ഏക മാർഗ്ഗം എന്ന് ലോകത്തിനു തെളിയിച്ചുകൊടുത്ത മഹാനായ സംഗീതജ്ഞനായിരുന്നു ലാൽഗുഡി ജയരാമൻ. ചെറുപ്പം മുതൽ പുലർച്ചെ നാലുമണിക്ക് അച്ഛൻ അദ്ദേഹത്തെ ഉണർത്തി സാധകം ചെയ്യിക്കും.ഇത് മിക്കവാറും ഏഴ് - എട്ടു മണി വരെ തുടരും.പരിശീലനത്തിടയിൽ എവിടെയെങ്കിലും തെറ്റു വന്നാൽ അച്ഛൻ ഒന്നു മൂളും. അതു കേട്ടാലറിയാം എവിടെയോ പിഴച്ചെന്ന്. അതെന്താണെന്നു കണ്ടെത്തി സ്വയം തിരുത്തും. ഇതായിരുന്നു അദ്ദേഹത്തിന്റെ പരിശീലന രീതി.കച്ചേരിക്കു പോയിത്തുടങ്ങിയപ്പോഴാകട്ടെ ഓരോ കച്ചേരിക്കു ശേഷവും അദ്ദേഹം തനിക്കു സംഭവിച്ച പിഴവുകൾ ഒരു നോട്ട്ബുക്കിൽ
കുറിച്ചുവയ്ക്കുകയും അവ സ്വയം തിരുത്തുകയും ചെയ്യുമായിരുന്നു.അച്ഛൻ പ്രോത്സാഹിപ്പിച്ച ഈ രീതിയിലുള്ള സ്വയം നവീകരണമാണ് പൂർണതയോടടുത്ത സംഗീതം ലോകത്തിനു നൽകാൻ ലാൽഗുഡിക്കു കഴിഞ്ഞത്. അതുകൊണ്ടാണ്, തന്റെ സംഗീതവിജയത്തിനു പൂർണമായും താൻ അച്ഛനോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറയാൻ കാരണം.

തന്റെ സംഗീത ജീവിതത്തിലെ അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങളിൽ രണ്ടു സംഭവങ്ങൾ അദ്ദേഹം പ്രത്യേകമായി ഓർക്കുന്നുണ്ട്.

അതിൽ ഒന്ന് മഹാനായ അരിയക്കുടി രാമാനുജ അയ്യങ്കാരുടെ കച്ചേരിക്ക് ആദ്യമായി വയലിൻ വായിച്ചതാണ്.പുതുക്കോട്ട ത്യാഗരാജോത്സവത്തിനായിരുന്നുഅത്. രാത്രി ഒമ്പതു മണിക്കായിരുന്നു അരിയക്കുടിയുടെ കച്ചേരിയുടെ സമയം. അദ്ദേഹത്തോടൊപ്പം വയലിൻ വായിക്കേണ്ടിയിരുന്നത്‌ മഹാനായ പാപ്പ വെങ്കടരാമയ്യയും മൃദംഗം പാലക്കാട് മണിയുമായിരുന്നു. എന്നാൽ അവസാന നിമിഷമാണ് പാപ്പയ്ക്ക് വരാൻ കഴിയില്ലെന്നറിയിച്ചത്. ഇതറിഞ്ഞപ്പോൾ അരിയക്കുടി ചുറ്റും നോക്കി പറഞ്ഞു ," മധുര കന്ദസ്വാമി ഭാഗവതരുടെ മരുമകൻ ഇവിടെയുണ്ടെങ്കിൽ അവനോട് വായിക്കാൻ പറയൂ " എന്ന്.അരിയക്കുടിയെപ്പോലുള്ള ഒരു സംഗീത ചക്രവർത്തി ഒരു കൊച്ചുപയ്യനായ അദ്ദേഹത്തെ ഓർത്തു വച്ചു എന്നതും കച്ചേരിക്കു വായിക്കാൻ ക്ഷണിച്ചുവെന്നതും സ്വതസിദ്ധമായ അദ്ദേഹത്തിന്റെ കഴിവിനു ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം തന്നെയായിരുന്നു.

മറ്റൊരു അവിസ്മരണീയ സംഭവം മദ്രാസിൽ വച്ചാണുണ്ടായത്. മദ്രാസ് മ്യൂസിക് അക്കാദമിയുടെ ഒരു സംഗീത 'സീസണി'ൽ മാമ്പലത്തെ ശിവ വിഷ്ണു ക്ഷേത്രത്തിൽ കെ. വി. നാരായണസ്വാമിയുടെ കച്ചരിക്ക് വയലിൻ വായിക്കേണ്ടത് ലാൽഗുഡി ആയിരുന്നു.
അദ്ദേഹത്തിന്റെ മദ്രാസിലെ ആദ്യ കച്ചേരിയായിരുന്നു അത്. വയലിൻ നന്നായി വായിക്കുന്ന ഒരു ചെറുപ്പക്കാരൻh ലാൽഗുഡിയിൽ നിന്നു വന്നിട്ടുണ്ടെന്നു കേട്ട് പ്രശസ്തരായ നിരവധി സംഗീതജ്ഞർ ശ്രോതാക്കളായി എത്തിയിട്ടുണ്ടെന്ന് അദ്ദേഹവും അറിഞ്ഞിരുന്നു.വേദിയിൽ എത്തിയപ്പോഴാണ് സദസ്സിന്റെ മുൻനിരയിൽ ഇരിക്കുന്നവരെ ശ്രദ്ധിച്ചത്. ജി. എൻ. ബാലസുബ്രഹ്മണ്യം, ആലത്തൂർ സഹോദരന്മാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ, ചൗഡയ്യ തുടങ്ങിയ കർണാടക സംഗീതത്തിലെ എക്കാലത്തേയും മഹാരഥന്മാർ മുന്നിൽ നിരന്നിരിക്കുന്നു. അതു തനിക്ക് ജീവിതത്തിലെ ഒരു പരീക്ഷണ നിമിഷമായിരുന്നുവെന്ന് ലാൽഗുഡി പിന്നീട് പറഞ്ഞിട്ടുണ്ട്.
ഒരു വയലിനിസ്റ്റായുള്ള ആദ്യഘട്ടത്തിൽ ഈ സംഗീതമഹാസാഗരങ്ങളോടൊപ്പമെല്ലാം അദ്ദേഹം വയലിൻ വായിച്ചു. പിന്നീടാണ് അദ്ദേഹം വായ്പ്പാട്ട് കച്ചേരിയിലെ വയലിൻ അനുധാവകൻ എന്ന നിലയിൽ നിന്ന് ഏകനായുള്ള വയലിൻ കച്ചേരിയിലേക്കു മാറിയത്.

പഠനത്തിൽ വിദ്യാർഥികൾ കർശനമായ അച്ചടക്കം പാലിക്കണമെന്നു  നിർബന്ധമുള്ള ഗുരുവായിരുന്നു അദ്ദേഹം.അതേസമയം വ്യക്തിപരമായി അവരോട് അതിരറ്റ സ്നേഹവും വാത്സല്യവുമായിരുന്നു.അദ്ദേഹം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക്  അവർ എത്തുന്നില്ലെങ്കിൽ  അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു. ആ നിലവാരത്തിലേക്ക്  അവരെ എത്തിക്കുവാൻ എത്ര സമയം വേണമെങ്കിലും അദ്ദേഹം അവരോടൊപ്പം ചെലവഴിക്കും. 
ഗുരു എന്ന നിലയിൽ എല്ലാവരോടും സമഭാവനയോടെ, പക്ഷഭേദമില്ലാതെ പെരുമാറാൻ അദ്ദേഹം  പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽപ്പോലും അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. മാത്രമല്ല ഒരു മുതിർന്ന വിദ്യാർത്ഥിക്കു നൽകുന്ന അതേ പരിഗണന തന്നെ ഒരു ചെറിയ കുട്ടിക്കും അദ്ദേഹം നൽകുമായിരുന്നു.

കർണാടക സംഗീത ചരിത്രത്തിലെ സുവർണ ഏടുകളിൽ രേഖപ്പെടുത്തേണ്ടതാണ് ലാൽഗുഡിയുടെ സംഗീത ജീവിതം. വയലിനിസ്റ്റ്, കമ്പോസർ ,അദ്ധ്യാപകൻ, എന്നിങ്ങനെ സംഗീതത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യവും വൈദഗ്ദ്ധ്യവും സമാനതകൾ ഇല്ലാത്തതാണ്. ഭാവി തലമുറയ്ക്കായി നിരവധി വർണങ്ങളും പദവർണങ്ങളും തില്ലാനകളും കൃതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവ സംഗീതജ്ഞർക്കു മാത്രമല്ല നൃത്തവിദഗ്ദ്ധർക്ക്   നൃത്തങ്ങൾ കംപോസ് ചെയ്യാനും ഏറെ പ്രയോജനപ്രദമായി. 

സംഗീതത്തിന്റെ വിവിധ മേഖലകളിലെ നിരവധി മഹാ പ്രതിഭകളുടെ നിറ സാന്നിധ്യം കാരണം ഇരുപതാം നൂറ്റാണ്ട് കർണാടക സംഗീത ചരിത്രത്തിലെ പുഷ്കല കാലമാണെന്നു സംഗീത ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.അതിനൊരു നല്ല ഉദാഹരണമാണ് ലാൽഗുഡിയും അദ്ദേഹത്തിന്റെ സമകാലികരായ വയലിൻ ആചാര്യന്മാർ സർവ്വശ്രീ. ടി. എൻ.കൃഷ്ണൻ,​ എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ. കർണ്ണാടകസംഗീതത്തിലെ ആധുനിക 'വയലിൻ ത്രയങ്ങൾ' എന്നാണു ഇവരെ വിശേഷിപ്പിക്കുന്നത്.


ഏതാണ്ട് ഏഴര പതിറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിൽ കർണാടക സംഗീതത്തിലെ  മിക്ക  മഹാരഥന്മാരോടൊപ്പവും പ്രവർത്തിച്ചതിനു പുറമേ ഹിന്ദുസ്താനി സംഗീതത്തിലെ വിലായത്‌ഖാൻ, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ നിരവധി 'ജീനിയസു'കളോടൊപ്പം 'ജുഗൽബന്ദികൾ ' അവതരിപ്പിച്ചും അദ്ദേഹം ആരാധകരുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടി.ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും അദ്ദേഹം സംഗീത പരിപാടികൾ നടത്തിയിട്ടുണ്ട്. ബ്രിട്ടനിലെ എഡിൻബർഗ് സംഗീതോത്സവത്തിൽ വച്ച് അദ്ദേഹത്തിന്റെ വയലിൻ കച്ചേരി കേട്ട് ലോകപ്രശസ്ത വയലിൻ വിദഗ്ദ്ധൻ യഹൂദി മെനുഹിൻ അത്ഭുതപ്പെട്ടു.അദ്ദേഹം ഒരു ഇറ്റാലിയൻ വയലിൻ ലാൽഗുഡിക്ക് സമ്മാനമായി നൽകി. തിരിച്ച് ആനക്കൊമ്പിൽ തീർത്ത ഒരു നടരാജ ശിൽപം അദ്ദേഹവും നൽകി.

പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ സംഗീത ജീവിതത്തിൽ വയലിനിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 'ലാൽഗുഡി ബാണി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ശൈലി പാരമ്പര്യത്തിന് ഊന്നൽ കൊടുത്തുള്ള ഒന്നാണ്.

ശ്രീ. ലാൽഗുഡി ജയരാമനെത്തേടി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റ് പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ സംഗീതനാടക അക്കാദമി പുരസ്കാരം, നാദവിദ്യ രത്നാകര പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന വിദ്വാൻ പദവി എന്നിങ്ങനെ അദ്ദേഹത്തിനു ലഭിക്കാത്ത പുരസ്‌കാരങ്ങൾ ദുർലഭമാണ്.2006 ൽ 'ശൃംഗാരം 'എന്ന സിനിമയുടെ സംഗീതസം‌വിധാനത്തിനു ദേശീയ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


2013ഏപ്രിൽ 22ന് കർണാടകസംഗീതത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ ശ്രീ. ലാൽഗുഡി ജയരാമൻ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു. പക്ഷേ ആ വിരലുകൾ പകർന്ന മഹത്തായ സംഗീതത്തിനു ഒരിക്കലും മരണമില്ല.അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരകളിലൂടെയും ആരാധകരിലൂടെയും അത് എന്നെന്നും നിലനിൽക്കും.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ