ഇടവപ്പാതിയായി, ഇനി എന്തൊക്കെ ദുരിതങ്ങളാവും ഈ കൊല്ലവും മനുഷ്യൻ നേരിടേണ്ടിവരിക എന്നറിയില്ല. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമൊക്കെയായി പ്രകൃതിദുരന്തങ്ങളുടെ പരമ്പരകൾ തന്നെയാണ് നമ്മുടെ കൊച്ചു കേരളത്തിൽ നടമാടിക്കൊണ്ടിരിക്കുന്നത്.
കൃഷിനാശത്തിൽ പാവപ്പെട്ട കൃഷിക്കാരന്റെ ചങ്കു തകരുന്ന അവസ്ഥകൾ! മലവെള്ളപ്പാച്ചിലിലൂടെ എത്രയധികം ജീവിതങ്ങളാണ് ഒലിച്ചു പോയത്! കഴിഞ്ഞ രണ്ടു വർഷങ്ങളിലെപ്പോലെയുള്ള ദുരന്തങ്ങൾ ഇനിയുമുണ്ടായാൽ നമ്മുടെ നാടിന്റെ അവസ്ഥ തന്നെ എന്തായിത്തീരുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല. എത്ര കുടുംബങ്ങളാണ് അനാഥമായത്. കാണാതായവരുടെ കണക്കുകൾ വേറെ. ഓണ വിപണി ലക്ഷ്യമാക്കിയ കർഷകരുടെ നെഞ്ചിൽ ഇന്ന് ഇടിത്തീയാണ്. കനത്ത മഴയിലൂടെ ഒഴുകിപ്പോകുന്ന തങ്ങളുടെ വിളവുകൾ, നിസ്സഹയതയോടെ നോക്കി നിൽക്കുന്ന
സാധുക്കളുടെ, കുന്നു കൂടിയ കടഭാരങ്ങളാൽ തകർന്നടിയേണ്ടി വരുന്ന ഒട്ടേറെ ജീവിതങ്ങൾ. തകർന്നടിഞ്ഞ റോഡുകളും ഗതാഗതക്കുരുക്കുകളും ഇന്നും ധാരാളം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പോയ കാലത്തിലെ പ്രളയത്തുരുത്തിൽ നിന്നും പൂർണ്ണമായും പഴയ സ്ഥിതിയെ പ്രാപിക്കാത്ത ഒത്തിരി പ്രദേശങ്ങൾ കേരളത്തിൽ ഇന്നും നിലവിലുണ്ട്.
മലഞ്ചെരിവുകളിലും താഴ്ന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും മറ്റും താമസിക്കുന്ന ജനങ്ങളെ, ദുരന്തങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ട് നേരത്തേ തന്നെ മാറ്റിത്താമസിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള അനാസ്ഥകൾക്ക് വളരെ വലിയ വില കൊടുക്കേണ്ടിവരും.
മണ്ണിടിച്ചിൽ മൂലവും ഉരുൾ പൊട്ടലിലും മറ്റും ഭവനങ്ങൾ നഷ്ടപ്പെട്ടവരെ പുനരധിവസിക്കാനും അവരുടെ ആവശ്യങ്ങളിൽ താങ്ങി നിർത്താനും സമൂഹങ്ങളായി, കുടുംബങ്ങളായി, വ്യക്തികളായി നാമോരോരുത്തരും നമ്മളാൽ കഴിയുന്ന വിധത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാൻ ബാദ്ധ്യസ്ഥരാണ്.
2018 ലെ പ്രളയത്തിലുണ്ടായ ദുരിതെക്കെടുതികൾ ഓർക്കുമ്പോൾ തന്നെ മനസ്സിലിന്നും ഭീതിയാണ്. ജാതിയിൽ കേമനും താണവരും, കറുത്തവനും വെളുത്തവനും പണക്കാരനും പാമരനുമെല്ലാം ഒരേ കൂരയുടെ കീഴിൽ ഒരേ പാത്രത്തിൽ നിന്നും ഭക്ഷിച്ചിരുന്നു. ഉച്ച നീചത്വങ്ങൾക്കു അവിടെ സ്ഥാനമില്ലായിരുന്നു. മണിമാളികകളുടെ പകുതിയോളം വെള്ളം വിഴുങ്ങിയപ്പോൾ വീടുകളുടെ ടെറസ്സുകളിൽ അഭയം പ്രാപിച്ച് ഒരു കഷണം റൊട്ടിക്കായ് കൈനീട്ടുന്ന ഹൃദയ ഭേദകമായ കാഴ്ച ഏതു കഠിന ഹൃദയത്തേയും അലിയിക്കുന്നതായിരുന്നു.
പുഴകളായ് മാറിയ പാതകളിൽ കൂടി വള്ളങ്ങളിൽ പങ്കായം തുഴഞ്ഞ് ജനങ്ങളെ സുരക്ഷിത താവളത്തിലെത്തിച്ച കടലിന്റെ മക്കളെ ഓർക്കാതെ തരമില്ല. സ്വജീവൻ പണയപ്പെടുത്തി അവശരായവർക്കു ചവിട്ടി ക്കയറാൻ തന്റെ മുതുക് പാലമാക്കിയ ധീരനായ അരയ യുവാവിന്റെ ആത്മാർത്ഥതയ്ക്കും സ്നേഹത്തിനും എന്തു പകരം കൊടുത്താലും മതിയാവില്ല.
പൂർണ ഗർഭിണിയെ ബന്ധിച്ച് ആകാശത്തിലേക്കുയർത്തി ഹെലിപാഡിലെത്തിക്കുന്നു സാഹസികമായ കാഴ്ച പിടയുന്ന ഹൃദയത്തോടെ മാത്രമേ കണ്ടു നിൽക്കാൻ കഴിയുമായിരുന്നുള്ളൂ.... മലവെള്ളപ്പാച്ചിലിൽ നീന്തലറിയാതെ കൈകാലിട്ടടിച്ച് വെള്ളത്തിലൂടെ ഒഴുകി മൃത്യുവിന്റെ താഴ്വരയിൽ എത്തിച്ചേരുന്ന സ്ത്രീകളേയും കുഞ്ഞുങ്ങളേയും വൃദ്ധരേയും രക്ഷിക്കാനാവാതെ നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയുമായിരുന്നുള്ളൂ..
മണ്ണിന്റെ മക്കളും കടലിന്റെ മക്കളും തോളോടു തോൾ ചേർന്ന് ഏകമനസ്സോടെ മുങ്ങിപ്പരതി നിവരുമ്പോൾ കൈകളിൽ തടഞ്ഞ ജീവനുള്ളതും ജീവനില്ലാത്തതുമായ ശരീരങ്ങൾ കരയിലെത്തിക്കുന്ന വേളയിൽ ഉയർന്ന അലമുറകളുടെ അലകൾ ഇന്നും കാതിൽ ഒരു ഇരമ്പലായി മുഴങ്ങുന്നു.
മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടേയും അനാഥരായ പൈതങ്ങളുടേയും ചുടുനെടുവീർപ്പുകൾ മണ്ണിനെ ചുട്ടു പൊള്ളിക്കുന്ന കണ്ണുനീർത്തുള്ളികളായി അടർന്നു വീണു. സാധു മനുഷ്യരുടെ വിയർപ്പിന്റെ ഫലമായി കരുതി വച്ച സമ്പാദ്യങ്ങൾ തങ്ങളുടെ കണ്ണിനു മുൻപിൽ കൂടി ഒലിച്ചു പോയി. ഭവനങ്ങൾ, വളർത്തുമൃഗങ്ങൾ, അമ്പലങ്ങൾ, പള്ളികൾ, പള്ളിക്കൂടങ്ങൾ എന്നു വേണ്ട, സകലതും പ്രളയം വിഴുങ്ങി. ഈ ദുരന്തത്തിൽ നിന്നും മുക്തി നേടാനാവാതെ കണ്ണീർക്കായലിൽ മുങ്ങുന്ന സാധുജനങ്ങൾ ഇന്നും നിരവധിയാണ്. പരമ്പരകളായ പ്രകൃതിദുരന്തങൾക്കു സാക്ഷ്യം വഹിച്ച് ഭൂമി ദേവിയും കണ്ണീർ പൊഴിക്കുന്നു.