mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Krishnakumar Mapranam)

ഒരു സൃഷ്ടിയെങ്കിലും അച്ചടിച്ചുവരുമെന്നുള്ള ആശയോടെയാണ് മാസങ്ങളോളമുള്ള പലരുടേയും കാത്തിരിപ്പ്. ഒന്നിനുമല്ല. ഒരെഴുത്തുകാരൻ്റെ ചെറിയൊരു ആശ. ഒരിക്കലും നമ്മളെ പോലെയുള്ളവരുടെ എഴുത്തിനെ ആരും കാണില്ല. ''എഴുത്ത് അത്ര പോരാ '' എന്നതുകൊണ്ടായിരിക്കില്ല ചവറ്റുകുട്ടയിൽ വീഴുന്നതും. 

സാഹിത്യമണ്ഡലങ്ങളിൽ അത്രയ്ക്കൊന്നും അറിയപ്പെടാത്തൊരാള്. അവൻ്റെ/അവളുടെ രചനയെ വളർത്തിയിട്ടെന്തു കിട്ടാനാണ്. എന്നാൽ ചിലരുടെ എഴുത്ത് മോശമായാലും എടുത്തുയർത്താനാളുണ്ടാകും. അതിനു പിറകിൽ ചില നേട്ടങ്ങൾ മറഞ്ഞു കിടപ്പുണ്ടാകും. പലരും നേട്ടത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. ഇവൻ്റെ/ഇവളുടെ രചന വന്നാൽ എനിക്കെന്തുനേട്ടം എന്നാണ് ചിന്തിക്കുന്നത്. 

നമ്മളുടെയൊക്കെ ആത്മവിശ്വാസം തകർത്തുകൊണ്ട് അവ ഏതെങ്കിലും ചവറ്റുകുട്ടയിൽ വീണിരിക്കും. എത്രയോ തവണ അയച്ചുകൊടുത്തിട്ടും ഒരു മറുപടിപോലും ലഭിക്കാത്തവർ നിരാശയുടെ പടുകുഴിയിൽ വീഴുകയും ചെയ്യുന്നു.

പരിചയപ്പെടുത്താനൊരു ആൾബലമോ പിൻബലമോ ഒന്നുമില്ലാത്തവർ തഴയപ്പെടുന്നു. നല്ലരചനയായിട്ടും സ്വാധീനമില്ലാത്തവർ ആരുമല്ലാതാവുന്നു. ചിലർ എന്തെങ്കിലുമൊന്ന് എഴുതിയാൽ അവയെ ഉത്തുംഗ ശൃംഘത്തിലേയ്ക്ക് എത്തിയ്ക്കാൻ ഗോഡ്ഫാദേഴ്സ് ഉണ്ടാകും. 

നവമാധ്യമങ്ങൾ, സമാന്തര പ്രസിദ്ധീകരണങ്ങൾ, ഫേസ്ബുക്ക്, ഓൺലൈൻ മാസികകൾ തുടങ്ങിയവയുടെ വരവോടെ കുറെയധികം പേരുടെ രചനകൾ വെളിച്ചം കണ്ടു. സമാന്തര പ്രസിദ്ധീകരണങ്ങൾ പലതും മുഖ്യധാരാപ്രസിദ്ധീകരണങ്ങളേക്കാൾ മികച്ചതുമാണ്. പ്രശസ്തരായവരേക്കാൾ മികച്ച രീതിയിൽ എഴുതുന്ന എത്രയോ എഴുത്തുകാരുമുണ്ട്.        

പുറത്തുള്ളവരേക്കാൾ മികവുപുലർത്തുന്ന എത്രയോപേർ മറഞ്ഞിരിപ്പുണ്ടാവും. 

കുറച്ചുകാലം മുൻപ് ഒരു കവി സുഹൃത്ത് പറയുകയുണ്ടായി. കവിയരങ്ങിൽ കാത്തുകെട്ടി കിടക്കേണ്ടതിൻ്റെ ദുര്യോഗം. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കൊരു കവിയരങ്ങിന് കൃത്യസമയത്തെത്തി ചേർന്ന കവി സുഹൃത്തിനെ ഏറ്റവും ഒടുവിലാണ് കവിതചൊല്ലാൻ ക്ഷണിച്ചത്. സംഘാടകരിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള പരസ്പരധാരണകളും ചിലയിടങ്ങൾ കിട്ടുന്നതു കൊണ്ടുമാത്രമാണ് തിരിച്ചൊരു ഇടം നൽകാനാവാത്ത പാവം കവി സുഹൃത്തിന് അവസാനം കസേരകളോട് സംവദിക്കേണ്ടിവന്നത്.

നമ്മുടെ ചുറ്റിലും ഇത്തരം അവസ്ഥകളിപ്പോഴും തുടരുന്നു. പുരസ്ക്കാരം കൊടുക്കലും ഇമ്മാതിരിയാണ്. ഇത്തവണ അവനു/അവൾക്കു കൊടുക്കണം. അതിൽ സ്വാധീനം ചെലുത്തി അത് വേണ്ടപ്പെട്ടവരിൽ എത്തിയ്ക്കും.

ഇപ്പോൾ കാക്കതൊള്ളായിരം പുരസ്ക്കാരങ്ങളുണ്ട്. ആരുടെ പേരിലും പുരസ്ക്കാരം കൊടുക്കാം. ഒരു കമ്മിറ്റിയും തട്ടികൂട്ടും. ചില മാനദണ്ഡങ്ങൾക്കനുസരിച്ച് അവാർഡ് നേടിയെടുക്കാവുന്നതുമാണ്.     പ്രശസ്തരായവരുടെ പേരിൽ പ്രശസ്തരാവാത്തവർക്ക് കൊടുത്താൽ അപ്രശസ്തൻ പ്രശസ്തനാവും. അപ്രശസ്തൻ്റെ പേരിലേർപ്പെടുത്തുന്ന പുരസ്ക്കാരം പ്രശസ്തനു കൊടുത്താൽ അപ്പോഴും അപ്രശസ്തൻ പ്രശസ്തനാവും.

എല്ലാമേഖലകളിലും അസൂയക്കാരുണ്ട്. എഴുത്തിലും അസൂയക്കാർ. ''ഓ..അവൻ നമ്മളെയെങ്ങാനും വെട്ടിമലർത്തി മോളിലേയ്ക്ക് കേറുമോ? ''  '' ഇവനു/ഇവൾക്കുമുൻപ് ഈ ഫീൽഡിലെത്തിയ തനിക്കുമുൻപേ കയറിപോകുന്നോ..'' ഇത്തരം ചിന്തപുലർത്തുന്നവരെ ധാരാളം കാണാം. എന്നാൽ കാണുമ്പോൾ നമ്മളൊന്നും വിചാരിക്കില്ല. വലിയ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുക. അഴകിയ ഒരു ചിരിയുണ്ട്. പുറത്ത് പൂവിൻ്റെ അഴക്. അകം നിറയെ വിഷമുള്ളുകളായിരിക്കും. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ