വടക്കൻ കേരളത്തിന്റെ സ്വന്തം അനുഷ്‌ഠാനമാണ് തെയ്യം. അവിടുത്തെ പ്രകൃതിയിൽ ലയിച്ചു ചേർന്നിരിക്കുന്ന ഒരു വികാരമാണത്.അവിടെ ഓരോ കാവിലും തറവാട്ടിലും സ്ഥാനത്തിലും കെട്ടിയാടുന്ന ദൈവങ്ങൾ സർവ്വമനുഷ്യരേയും
സസ്യമൃഗാദികളേയും അനുഗ്രഹിക്കുകയും എല്ലാവർക്കും ഗുണം വരുത്തുകയും ചെയ്യുമെന്നാണ് അവിടുത്തെ ജനങ്ങളുടെ ഉറച്ച വിശ്വാസം.
നാനൂറിലധികം തെയ്യങ്ങളുണ്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്. രൂപത്തിലും ഭാവത്തിലും ഐതിഹ്യത്തിലുമെല്ലാം തികച്ചും വ്യത്യസ്തത പുലർത്തുന്ന വിവിധ ദേവീ ദേവന്മാരുടെ കോലങ്ങളാണിവ. അത്തരത്തിൽ കാസർഗോഡ് ജില്ലയിലെ ചുരുക്കം സ്ഥലങ്ങളിൽ മാത്രം കെട്ടിയാടപ്പെടുന്ന ഒരു അപൂർവ്വ തെയ്യമാണ് മാർണഗുളികൻ.
ഗുളികന്റെ പുരാവൃത്തം :
തെയ്യം അനുഷ്‌ഠാനത്തിലെ മന്ത്രമൂർത്തികളിൽ ഒരാളാണ് ഗുളികൻ.പരമശിവനുമായി ബന്ധപ്പെട്ടാണ് ഗുളികന്റെ ഉത്ഭവം.തന്റെ അതീവ ഭക്തനായ മാർക്കണ്ഡേയനെ കാലൻ വധിക്കാൻ ശ്രമിച്ചപ്പോൾ
ശ്രീപരമേശ്വന്റെ കോപാഗ്നിയിൽ കാലനില്ലാതായി.അതോടെ ലോകത്തിൽ മരണം ഇല്ലാതാകുകയും ജീവജാലങ്ങളുടെ ഭാരത്താൽ ഭൂമിദേവി പരിക്ഷീണയാവുകയും ചെയ്തു.ഗത്യന്തരമില്ലാതെ ദേവന്മാർ എല്ലാവരും ചേർന്ന് പരമശിവനെ കണ്ട് സങ്കടം ബോധിപ്പിച്ചു.അപ്പോൾ സംഹാരപ്രക്രിയ നിർവ്വഹിക്കാൻ മഹാദേവൻ സ്വന്തം പുറങ്കാലിൽ നിന്ന് ജന്മം കൊടുത്ത മൂർത്തിയാണ് ഗുളികനെന്നാണു ഐതിഹ്യം. വടക്കൻ കേരളത്തിൽ ഈ ദൈവത്തെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കോലം കെട്ടി ആരാധിച്ചു വരുന്നുണ്ട്.തെയ്യത്തിൽ കുട്ടികളുടെ തോഴനാണ് ഗുളികൻ. തെയ്യക്കാവുകളിൽ കുട്ടികൾ കൂക്കിവിളിച്ചും ആർപ്പുവിളിച്ചും ഗുളികന്റെ പിന്നാലെയുണ്ടാകും.
ഗുളികൻ നൂറ്റിയൊന്നു രൂപത്തിലുണ്ടെന്നാണു വിശ്വാസം.അതിൽ വടക്ക് തുളുനാട്ടിൽ നിന്നും തെക്കോട്ടു വന്നതാണത്രെ മാർണഗുളികൻ. ഏതു കഠിനമായ മാരണങ്ങളേയും പ്രതിബന്ധങ്ങളേയും അനായാസം ഇല്ലാതാക്കുന്ന പ്രതാപശാലി ആയതുകൊണ്ടാണ് ഈ പേരു വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
പിലിക്കോട്, കോതോളി മാരണ ഗുളികൻ ദേവസ്ഥാനം :
കാസർഗോഡ് ജില്ലയിലെ പിലിക്കോട്, കോതോളി മാരണ ഗുളികൻ ദേവസ്ഥാനത്ത് ഈ ദൈവം ആരാധിക്കപ്പെട്ടതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. തുളുനാട്ടിൽ നിന്നെത്തിയ അതിശക്തനും ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ മാരണ ഗുളികൻ ദൈവം ഈ പ്രദേശത്തെ പ്രതാപശാലികളായിരുന്ന നായർ തറവാട്ടിലായിരുന്നത്രെ സമാഗതനായത്. തറവാട്ടുകാരുടെ സർവ്വകാര്യങ്ങളും ഒരിടമയെപ്പോലെ ദേവൻ നിർവ്വഹിച്ചപ്പോൾ കാലാന്തരത്തിൽ തറവാട്ടംഗങ്ങളിൽ
അഹങ്കാരം ജനിക്കുകയും അവർ ദേവനെ അവഗണിക്കുകയും ചെയ്തു.ക്രമേണ അവർ ദേവനെ ആവാഹിച്ചിരുന്ന ശില ഇന്നു ദേവസ്ഥാനം സ്ഥിതി ചെയ്യുന്ന കോതോളി എന്ന കാട്ടുപ്രദേശത്ത് ഉപേക്ഷിച്ചു. കുപിതനായ ദേവൻ പ്രദേശവാസികൾക്ക് ഉപദ്രവങ്ങൾ സൃഷ്ടിച്ച് അവരെ പരീക്ഷിക്കുവാൻ തുടങ്ങി. നടന്നു പോകുന്നവരുടെ മേൽ ചക്ക വീഴ്ത്തുക, അവരെ തളളിയിടുക, വിളകൾ നശിപ്പിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളെ നാട്ടുകാർക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഒടുവിൽ ജ്യോതിഷചിന്തയിൽ ഇതെല്ലാം ഭഗവദ് കോപം മൂലമാണെന്നും പരിഹാരമായി ദേവനെ പ്രതിഷ്ഠിച്ചാരാധിച്ച് കെട്ടിക്കോലം വേണമെന്നും വിധിക്കപ്പെട്ടു. അതിനെ തുടർന്ന്,
അനാഥമായിക്കിടന്ന ദൈവത്തെ തദ്ദേശീയരായ ചില ഭക്തന്മാർ വീണ്ടും പ്രതിഷ്ഠിച്ച് ആരാധിക്കുകയും കെട്ടിക്കാലം ആരംഭിക്കുകയും ചെയ്തു.
മാരണ ഗുളികന്റെ ശക്തി വെളിപ്പെടുത്തുന്ന നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്.ദൈവം ആദ്യമെത്തിയ തറവാട്ടിലെ മന്ത്രവാദിയായ കാരണവരുടെ കഥ അതിനൊരുദാഹരണമാണ്.അദ്ദേഹം ഒരിക്കൽ ഗുളികന്റെ ശക്തി പരീക്ഷിക്കാനും ഗുളികനെ തന്റെ ആജ്ഞാനുവർത്തിയാക്കാനുമായി തപസ്സനുഷ്ഠിച്ച് പ്രത്യക്ഷനാക്കിയത്രെ. എന്തു വരമാണ് വേണ്ടതെന്നു ചോദിച്ച ദൈവത്തോട് ''എനിക്കവിടുത്തെ വിശ്വരൂപം കാണണം" എന്നു പറഞ്ഞു. ഭക്തന്റെ ആവശ്യാർത്ഥം ഭൂമി മുതൽ ആകാശം വരെയുള്ള തന്റെ രൂപം കാട്ടിയപ്പോൾ കാരണവർ പറഞ്ഞു '' ഇത്ര വലിയ രൂപം എന്നെ ഭയപ്പെടുത്തുന്നു. എനിക്കങ്ങയെ ചെറുതായി കാണണം". അതു കേട്ട ദൈവം വളരെ ചെറിയ രൂപത്തിൽ ദർശനം നല്കിയപ്പോൾ മന്ത്രവാദിയായ കാരണവർ ദൈവത്തെ ഒരു കുടത്തിലടച്ച് കൂടെ കൊണ്ടുപോവുകയും വഴിയിൽ പുഴ കടക്കുമ്പോൾ കുടം തകർത്ത് ദേവൻ തന്റെ ശക്തി കാണിക്കുകയും ചെയ്തുവത്രെ.തുടർന്ന് ദൈവകോപത്താൽ തറവാട്ടിൽ നിറയെ അനർത്ഥങ്ങളുണ്ടാവുകയും ഒടുവിൽ അവർ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് സർവ്വവിധ പ്രായശ്ചിത്തങ്ങളും ചെയ്ത് ദേവ കോപത്തിൽ നിന്ന് രക്ഷ നേടുകയും ചെയ്തുവെന്നാണ് വാമൊഴി.
ഉത്തമ ഭക്തന്റെ ജീവിതത്തിലെ സകല മാരണങ്ങളും നീക്കി സൗഖ്യമരുളുന്ന മാരണഗുളികന്റെ രൂപത്തിനും അനുഷ്ഠാനങ്ങൾക്കും നിരവധി സവിശേഷതകളുണ്ട്. കോപ്പാള സമുദായക്കാരാണ് പിലിക്കോട് ഈ തെയ്യം കെട്ടുന്നത്.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയുള്ള മാരണഗുളികന്റെ പുറപ്പെടൽ ഒരനുഭവം തന്നെയാണ്.വ്യത്യസ്തമാർന്ന മുഖത്തെഴുത്തും വേഷവിധാനവുമായി ഇറങ്ങുന്ന തെയ്യത്തിന്റെ തുടർന്നുള്ള ചൂട്ടുമായുള്ള നടനത്തിലെ അതിരൗദ്രഭാവവും ചടുലമായ കലാശങ്ങളും തെയ്യത്തിന്റെ പേര് അന്വർത്ഥമാക്കും വിധം വിവരണാതീതമാണ്.
കാവിലെ ചടങ്ങുകൾ പൂർത്തിയാക്കി ദേശദേവതയായ രയരമംഗലത്തു ഭഗവതിയെ തൊഴുത് ദേശവാസികളെ അനുഗ്രഹിക്കാനിറങ്ങുന്ന തെയ്യം അടുത്ത ദിവസം പുലർച്ചെ മാത്രമെ കാവിൽ തിരിച്ചെത്തുകയുള്ളു.
ഒരു രാത്രി മുഴുവൻ തെയ്യം നൂറുകണക്കിനാളുകളുടെ ആഹ്ലാദാരവങ്ങളുടെ അകമ്പടിയോടെ താളമേളങ്ങളുമായി നേർച്ചകളും വഴിപാടുകളും സ്വീകരിച്ച് അനുഗ്രഹം ചൊരിയാ നായി ദേശസഞ്ചാരം ചെയ്യുന്നു.തുടർന്നുള്ള കുറച്ചു ദിവസങ്ങളിലും ദേശസഞ്ചാരമൊഴികെയുള്ള എല്ലാ ചടങ്ങുകളുമായി ഇവിടെ മാരണഗുളികന്റെ നേർച്ച തെയ്യമുണ്ട്.മാരണ ഗുളികനു പുറമേ ഉച്ചഗുളികനും ഇവിടെ തെയ്യമുണ്ട്. മാരണഗുളികൻ ഇറങ്ങുന്നതിനു മുമ്പാണ് ഈ തെയ്യത്തിന്റെ പുറപ്പാട്.
കണ്ണൂർ - കാസർഗോഡ് റൂട്ടിൽ പിലിക്കോട് തോട്ടം സ്റ്റോപ്പിൽ നിന്ന് എതാണ്ട് 2 കി.മി. ചെന്നാൽ പ്രകൃതിഭംഗി നിറഞ്ഞ ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ കാവിലെത്താം.