"നിനക്ക് പോകണമെങ്കിൽ പോകാം പക്ഷെ മോനെ കൊണ്ട് പോകാൻ പറ്റില്ല."
"പിന്നെ. അവനെ പ്രസവിച്ചത് ഞാനാണെങ്കിൽ ഞാൻ എവിടെയാണോ അവിടെ അവനുമുണ്ടാവും."
"അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ."
"അതെ ഞാനാണ് അവന്റെ കാര്യം തീരുമാനിക്കുന്നത്."
"നമുക്ക് കാണാം."
"ആഹ് കാണാം."
ഇത് ഒരു കുടുംബ കാഴ്ച. പ്രണയിച്ചു വിവാഹം കഴിച്ച ഉദ്യോഗസ്ഥ ദമ്പതികൾ. വീട്ടുകാർ പോലും അറിയാതെ രജിസ്റ്റർ മാര്യേജു ചെയ്തു. വർഷങ്ങൾ മൂന്നാല് കഴിഞ്ഞതോടെ അവർക്കിടയിൽ ശ്വാസം മുട്ടി നിന്ന പ്രണയം മറ്റെവിടെയ്‌ക്കോ രക്ഷപെട്ടു പോയി!. ഇന്ന് അവർക്കിടയിൽ ഉള്ളത് ഈഗോയും പിടിവാശികളും തന്നിഷ്ടവും മാത്രം!
2. ഭർത്താവ് മരിച്ചു കഴിഞ്ഞും മറ്റൊരു വിവാഹമേ വേണ്ട. ആണും പെണ്ണുമായി ആകെയുള്ള മകനുമായി ശിഷ്ട കാലം കഴിഞ്ഞോളാം എന്ന് ഉറപ്പിച്ചു സ്വന്തം വീട്ടിൽ നിൽക്കുമ്പോഴാണ് അവളുടെ മനസ്സിൽ എങ്ങനെയോ അയല്പക്കത്തെ ചേട്ടൻ ചെറിയ ചലനങ്ങൾ സൃഷ്ടിച്ചത്. ആദ്യ വിവാഹം ഒരു ഒളിച്ചോട്ടമായിരുന്നു. തന്റെ കുഞ്ഞിന് വെറും നാലു വയസ്സുള്ളപ്പോഴാണ് വിദേശത്ത് ഉണ്ടായ ഒരപകടത്തിൽ ഭർത്താവ് നഷ്ടപ്പെടുന്നത്.
മകൾ ചെറുപ്പമാണ് നല്ല ആലോചന വന്നാൽ നടത്താം എന്ന് കരുതിയിരുന്ന പ്രായമായ മാതാപിതാക്കൾക്ക് വീണ്ടും ഒരു തിരിച്ചടി കൊടുത്തുകൊണ്ടാണ് മകനെ ഭർത്താവിന്റെ വീട്ടിൽ കൊണ്ട് വിട്ട് അവൾ കാമുകനോടൊപ്പം ഒളിച്ചോടിയത്. ഇന്ന് ആ മകൻ വലിയ നിലയിൽ എത്തിയെങ്കിലും അമ്മ എന്ന വാക്ക് കേൾക്കുന്നതേ അവന് അലർജ്ജിയായിരിക്കുന്നു. രണ്ടാമത്തെ ബന്ധത്തിൽ ഒരു മകൾ ഉണ്ടായെങ്കിലും അവർ തന്റെ ആദ്യത്തെ മകനെ ഓർത്ത് ഉള്ള് നീറ്റി കഴിയുന്നു.
3. അന്ന് പുലർച്ചെ എല്ലാവരും ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഉണർന്നത്. മൂന്ന് പെൺ കുഞ്ഞുങ്ങളുള്ള അവൾ വീട്ടിൽ പണിക്ക് വന്ന ബംഗാളിയോടൊപ്പം ഒളിച്ചോടി. ഭർത്താവ് കുഞ്ഞുങ്ങളെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയി. പേപ്പറിലും ഓൺലൈൻ മാധ്യമങ്ങളിലും അവളുടെ മുഖം ഇല്ലാത്ത വാർത്തകൾ നിറഞ്ഞാടി.
കേട്ടവർ പറഞ്ഞത്, പോയവളെ ഇനി തിരികെ കൊണ്ട് വന്നിട്ട് എന്തിനാണ്. അവനൊരു കോന്തനായിട്ടല്ലേ പരാതി കൊടുക്കാൻ പോയത്. പോട്ടെ പുല്ല് എന്ന് കരുതണം..
4. ഭർത്താവിന്റെ രഹസ്യ ബന്ധം കണ്ടു പിടിച്ച ഭാര്യ പ്രതികാരം ചെയ്യാൻ മറ്റൊരാളുമായി ബന്ധം തുടങ്ങുകയും അയാൾ വീട്ടിൽ ഇല്ലാത്ത നേരത്ത് കാമുകനെ വിളിച്ചു വരുത്തി സൽക്കരിക്കുകയും ചെയ്യുന്നു.
ഇനിയും എത്ര അക്കമിട്ടാലും തികയാത്ത എത്രയെത്ര കഥകൾ സംഭവങ്ങൾ. മുൻപ് വിദേശത്ത് നടന്നത് ഇവിടെ നിത്യസംഭവം ആയിരിക്കുന്നു. പങ്കാളികളെ മാറുന്നതിലാണ് ഇന്ന് നമ്മുടെ നാട് മത്സരിക്കുന്നതെന്ന് തോന്നുന്നു. ഇതിന്റെയെല്ലാം പിന്നിൽ നിമിഷ നേരത്തെ കാമ സുഖത്തിനു വേണ്ടിയുള്ള പരക്കം പാച്ചിൽ മാത്രമാണുള്ളത്. ബന്ധങ്ങളുടെ പവിത്രത അവിടെ നിന്നും ലജ്ജയോടെ പിൻവാങ്ങുന്നു !!
പങ്കാളികളുടെ മാനസീകവും ശാരീരികവുമായ പീഡനങ്ങളുടെ തുറന്നു പറച്ചിലോടെ പലരും കുടുംബ ബന്ധങ്ങളിൽ നിന്ന് നൈസ് ആയി ഊരി പോകുന്നു.
മക്കളുടെ മാനസീക വ്യഥകളോ ഭാവിയിൽ അവർക്കുണ്ടാകുന്ന നാണക്കേടുകളോ ഒന്നും ആരും പരിഗണിക്കുന്നില്ല. തന്റെ മനസ്സുഖം അല്ലെങ്കിൽ ശരീര സുഖം, പ്രലോഭനം ഇതുമാത്രമായിരിക്കും ഓരോരുത്തരെയും അപ്പോൾ ഭരിക്കുന്നത്.
ഇന്ന് ബന്ധങ്ങളിൽ വന്നിരിക്കുന്ന ഉലച്ചിലുകൾക്ക് പലരും മൊബൈൽ ഫോണുകളെ ആണ് കുറ്റപ്പെടുത്തുന്നത്. അവൾ ഏതു നേരവും അതിനകത്താണ്. ആരോടാണോ ഇത്രയും സൊള്ളാൻ എന്ന് വീട്ടിലുള്ളവർ പറയുന്നത് കൂടാതെ എപ്പോഴും ഓൺലൈനിൽ ആണല്ലോ എന്ന സദാചാര വാദികളായവരുടെ അന്വേഷണം വേറെയും.
ഒരു സ്മാർട്ട് ഫോൺ വാങ്ങി തന്നപ്പോൾ കുടുംബത്തിൽ പലർക്കും ഇഷ്ടപ്പെട്ടില്ല. വാങ്ങിച്ചു കൊടുക്കട്ടെ. അവൻ തന്നെ അനുഭവിച്ചോളും എന്ന് പറഞ്ഞവരോട് പറയാൻ ഒന്നേയുള്ളൂ പോകേണ്ടവർ പോകും അല്ലാത്തവർ ജീവിതത്തിൽ എന്തൊക്കെ ദുരിതങ്ങൾ വന്നാലും അതൊക്കെ സഹിച്ചും ക്ഷമിച്ചും നിൽക്കും. ഒരു മൊബൈൽ ഫോൺ കയ്യിലോട്ട് കിട്ടിയാലുടനെ ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോകുന്ന തരം താഴ്‌ന്ന നിലവാരത്തിലാണ് പല പഴയ ആൾക്കാരുടെയും ഇന്നത്തെ സ്ത്രീകളെക്കുറിച്ചുള്ള ചിന്താഗതി.
എനിക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും ത്രാണിയും വരുമാനവുമുണ്ട് അതുകൊണ്ട് ആരുടെയും കാൽക്കീഴിൽ ചുരുണ്ടു കൂടി കിടക്കേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു കൊണ്ട് കുടുംബത്തോട് സലാം പറഞ്ഞു പോകുന്നവരെ നോക്കി ഇതൊന്നും തന്നെ കൊണ്ടാവില്ലല്ലോ എന്ന് നിരാശപ്പെടുന്നവരും നമുക്കിടയിൽ തന്നെ ഉണ്ട്..
ബന്ധങ്ങൾ ബന്ധനങ്ങൾ ആകാതെ നോക്കാനുള്ള ബാധ്യത ഒരാൾക്ക് മാത്രമല്ല. കൂടെ കിടക്കാൻ അസൗകര്യം പറഞ്ഞാൽ നിനക്ക് ഇപ്പോൾ എന്നോടല്ല താല്പര്യം മറ്റവനോടാണ് എന്ന് പറഞ്ഞ് കുട്ടികൾ പോലും കേൾക്കെ ആക്രോശിക്കുന്ന ഭർത്താവിനോട് കടുത്ത അമർഷവും വെറുപ്പും ഉണ്ടാകാതെ തരമില്ലല്ലോ.
അതുപോലെ പങ്കാളികളിൽ ഉണ്ടാകുന്ന സംശയം ഒരു രോഗമായി മനസ്സിനെ കാർന്നു തിന്നുമ്പോൾ കാണുന്നതും നോക്കുന്നതും എല്ലാം പ്രശ്നങ്ങൾ ആയിമാറുന്നു.
ഭാര്യയെ കുറിച്ച് മറ്റുള്ളവർ അപവാദം പറഞ്ഞാലും നിന്നെ എനിക്കറിയാം എന്നൊരൊറ്റ വാക്കിന്റെ അഭിമാനത്തോടെ വേലി ചാടാൻ ഒരു പെണ്ണും മുതിരില്ല !
പരസ്പരം സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതെ ഭാര്യയും ഭർത്താവും അവരവരുടെ മൊബൈലിലേക്ക് മുഖവും പൂഴ്ത്തിയിരുന്നാൽ ദാമ്പത്യം വിരസത നിറഞ്ഞതാകാതെ തരമില്ലല്ലോ !
മാടിനെ പോലെ എപ്പോഴും ജോലി ചെയ്‌തും, വീടും പരിസരവും വൃത്തിയാക്കുകയും ഒരു കാര്യങ്ങളിലും കുറവുകൾ വരുത്താതെയും ഒന്നിരിക്കാൻ പോലും നേരമില്ലാതെ ഓടിനടക്കുകയും ചെയ്യുന്ന ഒരു ഭാര്യ ആണ് മിക്ക പുരുഷന്മ്മാരുടെയും സങ്കല്പത്തിലും ഇഷ്ടങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.
കാലങ്ങളുടെ പുരോഗതിയിൽ അതിൽ നിന്നൊക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുകയും പെണ്ണുങ്ങൾ ജോലിക്ക് പോവുകയും ഓൺലൈൻ മാധ്യമങ്ങളിൽ സജീവമാവുകയും അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്യുമ്പോൾ കുടുംബ ബന്ധങ്ങളിൽ ചെറിയ കല്ലു കടി ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.
ഏത് ബന്ധങ്ങളിൽ ആയാലും സത്യസന്ധത എന്നത് പ്രവർത്തിയിൽ കൂടി കൊണ്ട് വരണം.
ഭർത്താവിനെ ചിരിച്ചു കളിച്ചു ജോലിസ്ഥലത്തേക്ക് യാത്രയാക്കിക്കഴിഞ്ഞു കാമുകനുമായി സല്ലപിക്കുന്ന കുലസ്ത്രീകളുടെ ഉള്ളിൽ ഒരിക്കലും തൃപ്തി ഉണ്ടാവാൻ പോകുന്നില്ല. അസംതൃപ്തി പുകയുന്ന മനസ്സോടെയായിരിക്കും അവർ ഭർത്താക്കന്മ്മാരുടെ മുന്നിൽ പതിവ്രതയായി നിന്നു കൊടുക്കുന്നത്.
രണ്ടു കൂട്ടരിലും തെറ്റുകൾ സംഭവിക്കാം. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് ആ തെറ്റിലൂടെ മുന്നോട്ട് പോകുമ്പോഴാണ് ദാമ്പത്യ ബന്ധത്തിൽ ചതിയും വഞ്ചനയും നിറയുന്നത്. ജീവിതം തകർത്തെറിയുന്ന അനാവശ്യ ബന്ധങ്ങൾ ഒഴിവാക്കുന്നത് തന്നെയാണ്
ഭാര്യയ്ക്കും ഭർത്താവിനും അഭികാമ്യം..
ഒരു രഹസ്യം സൂക്ഷിക്കുമ്പോൾ മനസ്സ് സദാ ജാകരൂകമാകും. അത് പോലെയാണ് രഹസ്യ ബന്ധങ്ങൾ ഒളിപ്പിക്കുമ്പോഴും !
പിടിക്കപ്പെടുമോ എന്നൊരു ഭയം ഉള്ളിലുണ്ടാവുമ്പോൾ മനസ്സമാധാനം നഷ്ടപ്പെടുന്നു. പിന്നെ അതിന് വേണ്ടി എന്ത് കുറ്റ കൃത്യങ്ങളും ചെയ്യുന്നത് ആണ് വാർത്തകളിൽ കൂടി അറിയുന്ന പല അവിഹിതങ്ങളുടെയും അന്ത്യം !
സന്തോഷത്തോടെ മനഃസമാധാനത്തോടെ നിലാവിന്റെ പരിശുദ്ധിപോലെ കളങ്കമില്ലാത്ത മനസ്സും ശരീരവും ഹൃദയവും പരസ്പരം സമ്മാനിക്കൂ.. അവിടെ ഒരു സ്വർഗ്ഗം തന്നെ നമുക്ക് പണിതുയർത്താം..