നിൻ വിരലിൻ ചലനം
ചൂടൻ കല്ലിൻ ചുംബനം
കല്ലിന് പുറത്തെ ശീല്‍ക്കാരം
ദോശയുടെ പിറവി
മനോരാജ്യം കാണാൻ പറ്റിയ സമയം എപ്പോളാണ്????
അത് രാവിലെ ദോശ ചുടുമ്പോളാണ്....
ദീർഘ ദൂര ബസ്‌യാത്രകളിലെ window സീറ്റിനെക്കാളും, ഷവറിനടിയിലെ മായാലോകത്തിനേക്കാളും, ചക്രവാളത്തിലേക്കും കണ്ണെറിഞ്ഞുള്ള ഇരുപ്പിനെക്കാളും ഒക്കെ നിറമുള്ള മനോരാജ്യങ്ങൾ ദോശ ചുടുമ്പോളാണ് ചമക്കപ്പെടുന്നത്!
ആദ്യമായി ദോശചുടുന്നവർക്കു ആ ലോകത്തേക്കുള്ള വാതിലുകൾ കണ്ടെത്താൻ പ്രയാസമായേക്കാം! ശ്രദ്ധമുഴുവൻ അടുപ്പിലേക്കായിരിക്കുമല്ലോ....
വര്ഷങ്ങളായി ദോശ ചുട്ടുള്ള പഴക്കമാണ് ആദ്യത്തെ പടി!!!
ചെമ്പിൽ നിന്നും മാവ്‌കോരിയെടുത്തു, എണ്ണതേച്ചുമിനുക്കിയ ചുട്ടുപൊള്ളുന്ന കല്ലിലേക്കൊഴിച്ചു, ഘടികാര വിപരീത ദിശയിൽ വട്ടത്തിൽ പരത്തി, മുഴച്ചുനിൽക്കുന്നിടം ഘടികാരദിശയിൽ പിന്നെയും പടർത്തി, കാഴ്ചയായും ഗന്ധമായും പാകം അളന്നു , പരന്ന ചട്ടുകംകൊണ്ട് തിരിച്ചിട്ടു, ഒന്നുകൂടെ മൊരിയിച്ചു കാസറോളിലെ ദോശക്കൂട്ടത്തിലേക്കു വലിച്ചെറിയപ്പെടുന്ന ദോശയുടെ എല്ലാം നിർമ്മാണം ഒരേ രീതിയിൽ തന്നെ!!!
കാലങ്ങൾകൊണ്ട് മനസ്സിന്റെ നേരിട്ടുള്ള ഇടപെടൽകൂടാതെത്തന്നെ ഇന്ദ്രിയങ്ങൾ ഈ കർമം യാന്ത്രികമായി നടത്താൻ തുടങ്ങും. കുടുംബത്തിലേക്കുള്ള ദോശകൾ മുഴുവൻ ചുട്ടെടുക്കുക എന്ന സമയമെടുക്കുന്ന പ്രവൃത്തിയിൽ പങ്കുചേരാതെ യാത്ര തിരിക്കും കുറുമ്പൻ മനസ്സ്!
മേഘങ്ങൾക്കിടയിലൂടെ മനോരാജ്യത്തിന്റെ കോട്ടവാതിലിൽ എത്തുമ്പോളേക്കും കാഴ്ച്ചയിൽ ദോശയുടെ നിറവും കേൾവിയിൽ ശീ.. ശബ്ദവും നാസികയിൽ മൊരിഞ്ഞ ഗന്ധവും നിറയുന്നത് നമ്മൾ അറിയാതെ ആയിട്ടുണ്ടാകും!
ഓരോതവണ തുറക്കപ്പെടുമ്പോളും അകത്തു അത്ഭുതങ്ങൾ നിറച്ചുവെച്ചേക്കാവുന്ന ആ വലിയ കോട്ടവാതിൽ തള്ളിതുറക്കപ്പെടുന്നതും നിറങ്ങൾ നിറഞ്ഞ ആ ലോകത്തു ആറാടി രാജകുമാരന്റെ ഒറ്റക്കൊമ്പുള്ള കുതിരപ്പുറത്തു ഒരുമിച്ചു സവാരിപോകുന്നതും എല്ലാം പുറത്തുള്ളവർക്ക് അതിവിദഗ്ധമായി ദോശചുടലിന്റെ വിവിധ ഘട്ടങ്ങളായാണ് അനുഭവേദ്യമാകുക!
അങ്ങിനെയങ്ങിനെ ചുട്ടുതീരുന്ന ദോശയും കണ്ടുതീരുന്ന സ്വപ്നങ്ങളുംകൂടെ സുന്ദരമാക്കുന്ന പ്രഭാതങ്ങൾ ഏറ്റവും മികച്ചവ എന്ന് തന്നെ പറയാം...