ആരാണ് കൃഷ്ണൻ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദൈവമാണ് ശ്രീ കൃഷ്ണൻ. അതുപോലെതന്നെ ഏറ്റവും കുറ്റാരോപിതനും. സ്വന്തം അമ്മാവനെ കൊന്നവൻ, പതിനാറായിരം സ്ത്രീകളെ ഭാര്യമാരാക്കി വെച്ചവൻ, ചതിയിലൂടെ യുദ്ധവിജയം നേടുന്നവൻ.... അങ്ങനെ ഒരുപാടൊരുപാട്.
അതിനിടയിൽ ഭഗവാൻ കൃഷ്ണൻ മാത്രമാണ് ഈശ്വരൻ, മറ്റെല്ലാം മായ മാത്രം എന്ന് വിശ്വസിക്കുകയും അതിൽ മാത്രം മുഴുകി ജീവിക്കുകയും ചെയ്യുന്ന ഹരേ കൃഷ്ണ എന്നറിയപ്പെടുന്ന ഇസ്കോൺ പോലെയുള്ള ഗ്രൂപ്പുകൾ വേറെയും.
സത്യത്തിൽ ആരാണ് കൃഷ്ണൻ?
കൃഷ്ണൻ ഒരു മനുഷ്യൻ മാത്രമായിരുന്നു. അതീന്ദ്രിയജ്ഞാനവും അതിമാനുഷിക കഴിവുകളും ദീർഘവീക്ഷണവും ഉള്ള ഒരു മനുഷ്യൻ.അതിലുപരി ഒരു യഥാർത്ഥ ജനസേവകനും ജനനേതാവും. താരതമ്യേന ദുർബ്ബലരും അസംഘടിതരുമായ ഒരു ഗണത്തെ മുഴുവനും സംഘടനാശക്തിയുടെ സുരക്ഷിതത്വത്തെ പറ്റി മനസ്സിലാക്കികൊടുത്ത വിപ്ലവകാരി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്. അമ്മാവന്റെ ദുർഭരണത്തിൽ നിന്നും സ്വജനങ്ങളെ രക്ഷിക്കാനും സ്വന്തം നിലനിൽപ്പിനും വേണ്ടി പന്ത്രണ്ടാം വയസ്സിൽ തന്നെ അമ്മാവനെ കൊന്ന വിപ്ലവകാരി. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ഉറ്റതോഴനും കണ്ണിലുണ്ണിയുമായിരുന്നു കണ്ണൻ. അവർക്കിടയിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളിലുംമധ്യസ്ഥത വഹിച്ചു രമ്യമായി പരിഹരിക്കുന്ന കൃഷ്ണൻ കാലക്രമേണ അവരുടെ അനിഷേധ്യ നേതാവായിത്തീർന്നു.
ഇന്ത്യാഉപഭൂഖണ്ഡത്തിലേക്ക് ഹിമാലയം കടന്നെത്തിയ ആര്യന്മാർ നരകാസുരന്റെ നേതൃത്വത്തിൽ ദ്രാവിഡഭരണാധികാരികളെ വധിക്കുകയും സ്ത്രീകളെ അപഹരിക്കുകയും ചെയ്തു. ദ്രാവിഡജനതക്കുമേൽ നടന്ന ആര്യ അധിനിവേശത്തിന്റെ ഫലമായുണ്ടായ ഈ അപഹരണത്തിൽ എല്ലാ സ്ത്രീകളും നരകാസുരന്റെ തുറുങ്കിലടക്കപ്പെട്ടു. ജനങ്ങൾക്ക് അവരുടെ ഭാര്യമാരെ നഷ്ടപ്പെട്ടു. പിഞ്ചുകുട്ടികൾക്ക് അമ്മമാരെ നഷ്ടപ്പെട്ടു.എങ്കിലും ഈ സ്ത്രീകൾ നരകാസുരന്റെ രാജകന്യകമാർ എന്നറിയപ്പെട്ടു.
ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം കൃഷ്ണൻ ഒരു സൈന്യത്തെ രൂപീകരിച്ച് നരകാസുരനെ വധിച്ച് എല്ലാ സ്ത്രീകളെയും മോചിപ്പിച്ചു. പക്ഷെ ദുരഭിമാനികളായ പുരുഷന്മാർ മറ്റൊരാളുടെ അന്ത:പുരത്തിൽ കഴിഞ്ഞവളെ ഇനി ഭാര്യയായി സ്വീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കൈയൊഴിഞ്ഞു. അക്ഷരാർത്ഥത്തിൽ വിധവകളായിത്തീർന്ന ആ ആയിരക്കണക്കിന് വരുന്ന പാവങ്ങൾ സ്വയം ജീവത്യാഗത്തിന് മുതിർന്നു. ഇതറിഞ്ഞ കൃഷ്ണൻ അവരെ തടഞ്ഞു. അവർ പറഞ്ഞു"കൃഷ്ണാ ആൺതുണയില്ലാത്ത സ്ത്രീകൾ ഈ ലോകത്തിനപമാനമാണ്. ഞങ്ങൾക്ക് ഇന്ന് ഒരു മേൽവിലാസമില്ല. ആളുകൾ ഞങ്ങളെ നശിച്ചവരായി മുദ്രകുത്തും. മറ്റുള്ളവരുടെ ആട്ടും തുപ്പും ഏറ്റുവാങ്ങാൻ മാത്രമുള്ള ഒരു സമുദായമായി മാറും ഞങ്ങൾ. അതുകൊണ്ട് ഞങ്ങൾ ഇനി ഈ ലോകത്ത് വേണ്ട. അനുവദിക്കണം"
പക്ഷെ കൃഷ്ണന് അവിടെയും തന്റേതായ തീരുമാനങ്ങളുണ്ടായിരുന്നു. "ഒരാൾ ആരെ രക്ഷിക്കുന്നുവോ അവരാണ് രക്ഷകർത്താവ് എന്നറിയപ്പെടുന്നത്. ഞാനാണ് നിങ്ങളെ രക്ഷിച്ച് ഇവിടെയെത്തിച്ചത്. അപ്പോൾ നിങ്ങളുടെയെല്ലാം രക്ഷകർത്താവ് ഞാനാണ്. പിന്നെങ്ങനെയാണ് നിങ്ങൾ ആൺതുണയില്ലാത്തവരാവുന്നത്? നിങ്ങൾക്ക് വ്യക്തമായ ഒരു മേൽ വിലാസമുണ്ട്. അത് ഞാനാണ്. നിങ്ങൾക്ക് ആരുടെ മുൻപിലും ധൈര്യമായി പറയാം എന്റെ നാഥൻ കൃഷ്ണനാണ് എന്ന്" ഈ പതിനാറായിരം പേർ കൃഷ്ണന്റെ ഭാര്യമാരല്ല.കൃഷ്ണനെ ആശ്രയിച്ചു കഴിയുന്നവരാണ്.
അങ്ങനെ അവർക്ക് ജീവിതമാർഗ്ഗമെന്ന നിലയിൽ പശുപരിപാലനവും പാലുത്പാദനവും ഉപദേശിക്കുകയും അതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്തു കൃഷ്ണൻ. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ ക്ഷീരസഹകരണസംഘം കൃഷ്ണന്റെ നേതൃത്വത്തിൽ അവിടെ നിലവിൽ വന്നു. സ്വയം നിലനില്പില്ലാത്ത നട്ടെല്ലില്ലാത്ത പുരുഷന്മാർ ഇവരുടെ സഹായികളായി അവിടെത്തന്നെ കൂടി.
കൃഷ്ണന്റെ നേതൃത്വത്തിൽ തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന തിരിച്ചറിവിൽ യാദവർ അഹങ്കാരികളായിത്തീർന്നു. സാക്ഷാൽ കൃഷ്ണന്റെ മുന്നറിയിപ്പുകൾ പ്പോലും അവർ വകവെച്ചില്ല. പക്ഷെ ജ്ഞാനിയും ദീർഘ വീക്ഷണനുമായ കൃഷ്ണൻ യാദവകുലത്തിന്റെ അന്ത്യം മുന്നേ തന്നെ മനസിലാക്കിയിരുന്നു.
തന്റെ ജന്മോദ്ദേശ്യം ഭൂമിയിലെ അധികഭാരം കുറക്കുക എന്നതാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ അതിനായി മന:പൂർവം സൃഷ്ടിച്ച ഒന്നായിരുന്നു മഹാഭാരതയുദ്ധം. തനിക്ക് വളരെ ലളിതമായി ഒഴിവാക്കാൻ കഴിയുമായിരുന്ന ഒന്നായിരുന്നിട്ടും കൃഷ്ണൻ പാണ്ഡവരും കൗരവരും തമ്മിലുള്ള വൈരത്തെ ആളിക്കത്തിച്ചു കൊണ്ടുവന്നു യുദ്ധത്തിലെത്തിച്ചു. മരണങ്ങളിൽ ദുഷ്ടജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാൻ രണ്ടു ഭാഗത്തും ഒരുപോലെ കൗശലം ചെയ്തു. കൃഷ്ണന്റെ ബുദ്ധിപൂർവ്വമായ മറ്റൊരു നീക്കമായിരുന്നു തന്റെ നിഷ്പക്ഷ മനോഭാവം കാണിക്കാനെന്ന വണ്ണം യാദവ യോദ്ധാക്കളെ കൗരവർക്ക് നൽകുകയും സ്വയം പാണ്ഡവപക്ഷത്തു നിലയുറപ്പിക്കുകയും ചെയ്‌തത്. തന്റെ ജന്മോദ്ദേശ്യം പൂർത്തീകരിച്ചതായി മനസിലാക്കിയ കൃഷ്ണൻ തന്റെ മരണം മുൻകൂട്ടി കണ്ട് വേണ്ടപ്പെട്ടവരെ അറിയിച്ചതിനു ശേഷം തനിക്കായി ഒരുക്കിവച്ച ആ ഒരമ്പിലേക്ക് നടന്നടുത്തു. ഒരു മഹത്തായ വിപ്ലവകാരിയുടെ അന്ത്യം.