ഞാൻ ജനിക്കുന്നതിലും മുൻപ് നടന്ന സംഭവമാണ്. ഇതേ ദിവസം (ഒക്ടോബർ 31) 1964 ൽ ജർമൻ ജനതയെ രണ്ടായി തിരിച്ചിരുന്ന മതിൽ താത്കാലികമായി തുറന്നു കൊടുത്തു. പടിഞ്ഞാറൻ ജർമനിയിൽ നിന്നും
കിഴക്കൻ ജർമനിയിലേക്ക് മാത്രമേ അന്നു യാത്ര അനുവദിച്ചിരുന്നൊള്ളു. 20,000 ആളുകൾ കിട്ടിയ സമയം കൊണ്ടു തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുവാനായി കിഴക്കൻ ജർമനിയിലേക്ക് ഒഴുകി. യാത്ര പോകുന്നവർ തിരികെ വന്നില്ലെങ്കിലോ എന്നു സംശയിച്ച കിഴക്കൻ ജർമ്മനി തങ്ങളുടെ ജനതയെ പടിഞ്ഞാറോട്ടു പോകാൻ അനുവദിച്ചില്ല.
രണ്ടാം യുദ്ധത്തിന്റെ പ്രധാന കാരണക്കാരായിരുന്ന ജർമനിയെ സ്വതന്ത്രമായി വിടാൻ സഖ്യ കക്ഷികൾ തയാറായിരുന്നില്ല. യുദ്ധത്തിൽ ശിഥിലമായ ജർമനിയുടെ നിയന്ത്രണം സഖ്യകക്ഷികൾ ഏറ്റെടുത്തു.
പിന്നീടുണ്ടായ ശീതസമരം ജർമനിയെ രണ്ടു കഷണങ്ങളായി വെട്ടി മുറിക്കുന്നതിൽ കലാശിച്ചു. സോവിയറ്റ് നിയന്ത്രണത്തിലായ കിഴക്കൻ ജർമനി വളർച്ചയിൽ പിന്നോട്ട് പോയപ്പോൾ, മറ്റു സഖ്യകക്ഷികളുടെ നിയന്ത്രണത്തിലായിരുന്ന പടിഞ്ഞാറൻ ജർമ്മനി ഭൗതികമായി വളരുകയായിരുന്നു. മെച്ചപ്പെട്ട ജീവിത നിലവാരം പടിഞ്ഞാറു തന്നെയായിരുന്നു. അതുകൊണ്ടു കിഴക്കു നിന്നും പടിഞ്ഞാറേയ്ക്കു ശാശ്വതമായി കുടിയേറാൻ ആഗ്രഹിച്ചവർ വളരെയുണ്ടായിരുന്നു. 1961 കിഴക്കൻ ജർമ്മനി ഉയർത്തിയ ബെർലിൻ മതിൽ പൊളിച്ചുകളയാനുള്ള തീരുമാനമുണ്ടാവാൻ 1989 വരെ ലോകം കാത്തിരിക്കേണ്ടി വന്നു. 1990 ഒക്ടോബറിൽ ജർമ്മൻ ഏകീകരണം നടന്നു. 1991 അവസാനം മതിൽ പൂർണമായും പൊളിച്ചുമാറ്റിയപ്പോൾ അതിന്റെ കഷണങ്ങൾ ശേഖരിക്കാൻ ആളുകൾ തടിച്ചു കൂടി. മനുഷ്യ മനസ്സുകളെ വിഭജിച്ചതിന്റെ ചരിത്ര സ്മാരകമായി ഇന്നു പലരും ആ സിമന്റ് കട്ടകൾ സൂക്ഷിക്കുന്നു.