സീതമാർ ഇന്നും ആരണ്യത്തിൽ ഉപേക്ഷിക്കപെടുന്നു. പടുരാക്ഷസചക്രവർത്തിമാർ ഇന്നും സീതയുടെ ഉടൽ മോഹിക്കുന്നു, ദുരുപയോഗം ചെയ്യുന്നു, അപമാനിക്കുന്നു.
ഇന്നത്തേക്കാൾ കുറച്ചുകൂടി പുരുഷ കേന്ദ്രീകൃതമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു കുമാരനാശാൻ സീതയെക്കൊണ്ടു ഭർതൃവിചാരണ ചെയ്യിക്കുന്നത്. സീതയെ ചൂണ്ടി 'പാവയോ ഇവൾ' എന്ന് പുരുഷോത്തമനായ രാമനോടു ചോദിക്കാൻ ആശാനുമാത്രമേ അക്കാലത്തു ധൈര്യമുണ്ടായിരുന്നൊള്ളു. വെറുതെ ചോദിക്കുകയായിരുന്നില്ല. കാര്യകാരണങ്ങൾ നിരത്തി, എവിടെയും സ്ത്രീയെ രണ്ടാമതാക്കി, അപ്രധാനയാക്കി, ഉപഭോഗവസ്തുവാക്കുന്ന നീതി ബോധങ്ങളെയും, പൊതു ബോധങ്ങളെയും പിടിച്ചു കുലുക്കിക്കൊണ്ടാണ് 'മാറ്റുവിൻ ചട്ടങ്ങളെ' എന്നു പറഞ്ഞ കവി, മലയാളി മനുസ്സുകളിലേക്കു ഈ കവിത കോറിയിട്ടത്. അതു മലായാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിതയായി മാറി. പൊതുബോധവും, സാമാന്യ നീതിയും സമൂഹത്തിൽ ഉരുത്തിരിഞ്ഞു വരുന്നതിൽ മിത്തുകൾക്കും, പുരാണങ്ങൾക്കും വലിയ പങ്കുണ്ട്. മഹാഭാരതവും, രാമായണവും ഭാരതീയ ജീവിതങ്ങളിൽ അനുവാദം ചോദിക്കാതെ കടന്നുകൂടിയ പശ്ചാത്തല സംഗീതമാണ്. രാമനാകാനും, സീതയാകാനും, അർജുനനാകാനുമാണ് പ്രായമുള്ളവർ കുഞ്ഞുങ്ങളോട് ഓതിക്കൊടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് പുരാണകഥാപാത്രങ്ങളെ വർത്തമാനകാലത്തിന്റെ ഉച്ചവെളിച്ചത്തിൽ നിറുത്തി ആധുനിക മനുഷ്യരായി പുനരവതരിപ്പിക്കാൻ എഴുത്തുകാരും, കലോപാസകരും വ്യഗ്രത കാട്ടുന്നത്. മറ്റൊരുകാലത്തെ നീതിബോധവും, ആചാരങ്ങളുമല്ല വർത്തമാനകാലത്തിനു വേണ്ടത് എന്നു തിരിച്ചറിയുന്നവർക്കുമാത്രമേ ഇത്തരം അനുരണനങ്ങൾ ഉണ്ടാക്കുവാൻ കഴിയുകയുള്ളു. അങ്ങനെയുള്ളവർക്കെതിരെ മാമൂലുകളുടെ ഉപാസകർ എക്കാലത്തും വിശുദ്ധ യുദ്ധങ്ങൾ നയിച്ചിട്ടുമുണ്ട്.
ചിന്താവിഷ്ടയായ സീത എഴുതിക്കഴിഞ്ഞിട്ടു ഇന്നേക്ക് നൂറു സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. പുരുഷകേന്ദ്രീകൃതമായ ലോകത്തോടു മല്ലിട്ടു തളർന്ന സീത, ദിനസാമ്രാജ്യപതിയോടും, രമണീയവനങ്ങളോടും, അതിലെ ഭ്രമരവ്യാകുലമായ സുമങ്ങളോടും യാത്ര പറഞ്ഞു, വസുന്ധരയുടെ ഉജ്ജ്വല മഞ്ചലിലേക്കു പോകുന്നതിനു മുൻപുള്ള ചിന്തകളാണ് മനോഹരമായ ഈ കാവ്യം. ഉദാത്തമാണത്തിന്റെ പ്രമേയം. പുതുമയാർന്നതായിരുന്നു അതിന്റെ അവതരണ രീതി. ഓരോ തവണ വായിക്കുമ്പോഴും അതിന്റെ പുതുമ എന്നെ പുളകം കൊള്ളിക്കുന്നു, നിർദ്ദയമായി ചിന്തിപ്പിക്കുന്നു.