സോഷ്യൽ മീഡിയ വന്നതോടെ മലയാളഭാഷ സടകുടഞ്ഞ് എഴുന്നേറ്റു. പണ്ടില്ലാതിരുന്ന വിധത്തിൽ ധാരാളം ആളുകൾ മലയാളത്തിൽ സാഹിത്യരചന നടത്തി. പോസ്റ്റുകളും കമന്റുകളുമായി എന്റെ പഞ്ചാര മലയാളം പൂത്തുലഞ്ഞു. കൂട്ടത്തിൽ കയറി വന്ന അക്ഷരപ്പിശകെന്ന പിശാച്, ഭാഷയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു. 'ഫ' ഉപയോഗിക്കേണ്ട ഇടത്തു 'ഭ' യും, 'ദ' ഉപയൊക്കേണ്ട ഇടത്തു 'ധ' യും ഉപയോഗിച്ച് ഭാഷയെ വൃത്തികേടാക്കുന്നു.
സോഷ്യൽ മീഡിയയിലെ ചരമ പോസ്റ്റിനു കീഴിൽ 'ആദരാഞ്ഞിലികൾ' വിളഞ്ഞു പഴുത്തു നിന്നു. 'ആദരാഞ്‌ജലി' എന്നതിനു പകരം പലരും തള്ളിവിടുന്നത് 'ആദരാജ്ഞലി'യാണ്. ആദരവിന്റെ അഞ്ജലി (കൂപ്പു കൈ) ക്കു പകരം ആദരവിന്റെ അജ്ഞത (അറിവില്ലായ്മ) ആണ് പലരും പരേതാത്മാവിനു ദൂഖത്തോടെ അർപ്പിക്കുന്നത്. എന്തരോ ആവോ?
വിദ്യ അർത്ഥിക്കുന്നവനാണ് 'വിദ്യാർത്ഥി'. അതു 'വിദ്ധ്യാർദി' ആയാൽ ഇതൊക്കെ സംഭവിച്ചിരിക്കും.