രാവിലെ ഏഴര മണിയായപ്പോഴേക്കും ചൂടു തുടങ്ങി. ഇനിയങ്ങനെ കൂടിക്കൂടി വല്ലാത്ത അവസ്ഥയിലേക്ക് എത്തുകയാണ് പതിവ്. രാത്രി മുഴുവൻ വല്ലാത്ത ഉരുക്കമായിരുന്നു. എന്തേ നമ്മുടെ കാലാവസ്ഥ ഇങ്ങനെ അസഹനീയമാവാൻ? ഉത്തരമുണ്ട്. നമ്മുടെ തന്നെ പ്രവർത്തികളുടെ പരിണത ഫലം. കർമഫലം അനുഭവിക്കാതെ വയ്യല്ലോ.
കാടായ കാടു മുഴുവൻ കയ്യേറി മരങ്ങൾ വെട്ടിനശിപ്പിച്ചു, മലകളും കുന്നുകളും ഇടിച്ചു നിരത്തി, സ്വാർത്ഥലാഭത്തിനു വേണ്ടി ജലാശയങ്ങൾ മണ്ണിട്ടു നികത്തി .പ്രശാന്ത രമണീയമായ സ്ഥലങ്ങൾ തെരഞ്ഞുപിടിച്ച് റിസോർട്ടുകൾ കെട്ടിപ്പൊക്കി. അവിടെയുണ്ടായിരുന്നു ധാരാളം മൃഗങ്ങൾ .അവയുടെ ആവാസവ്യവസ്ഥയിലേക്ക് കൈയ്യേറി കടന്നു ചെന്ന് ആന വരുന്നേ, പുലി വരുന്നേ, കടുവ ഇറങ്ങിയേ എന്ന രോദനം. അവയെ പിന്തുടർന്ന് വാർത്താ ദാരിദ്യമനുഭവിക്കുന്ന ചാനലുകാരും മറ്റു മാധ്യമ പ്രവർത്തകരും കിട്ടിയ വാർത്തയെ പെരുപ്പിച്ചും മനോധർമങ്ങൾക്കനുസരിച്ച് വളച്ചൊടിച്ചും വിളമ്പുന്ന വേളയിൽ ഇതൊന്നുമറിയാതെ അതിജീവനത്തിനായി പൊരുതുന്ന മൃഗങ്ങൾ .
പറ്റാവുന്നത്രയും ഉപദ്രവിച്ച് ഒരു ജീവിയെ എങ്ങോട്ടെന്നറിയാതെ അലയാൻ വിട്ടതോടെ നാടുകടത്തിയതോടെ നഷ്ടപ്പെട്ടത് ഒരു പ്രദേശത്തിൻ്റെ ഐശ്വര്യമാണ്. ആ മിണ്ടാപ്രാണിയുടെ ശാപം തന്നെയാകാം ഈ കൊടും ചൂടിനു കാരണമെന്നു തോന്നുന്നതിൽ തെറ്റില്ല തന്നെ.വേനൽ മഴയെക്കുറിച്ച് പ്രവചനങ്ങൾ പൊലിപ്പിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.എന്നാൽ അത് ഫലത്തിൽ എത്തുന്നുമില്ല എന്നതാണ് സത്യം .
ഒമാനിലും യുഎഇയിലുമൊക്കെ കനത്ത മഴയാണത്രെ. മഴ ലഭിക്കണമെങ്കിലും അന്നാട്ടിലെ ജനങ്ങൾക്ക് മിനിമം യോഗ്യതയായ മനുഷ്യത്വം എന്നൊന്ന് അത്യാവശ്യമാണ് എന്നതിന് തെളിവാണത്. ഒരു പക്ഷിയുടെ കുഞ്ഞുങ്ങൾക്ക് പറക്കാറാവുന്നതു വരെ അതു കൂടു വെച്ചു പാർത്തിരുന്ന മരംമുറിക്കരുതെന്നു കർശന നിർദേശം നൽകിയ, അതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തയ്യാറായ ഭരണാധികാരിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കണ്ടിരുന്നു. യു എ ഇ യി ലാണെന്നു തോന്നുന്നു. അത്രയും നന്മയുള്ളവർക്കു മാത്രം അവകാശപ്പെട്ടതു തന്നെയാണ് പ്രകൃതിയുടെ ഏറ്റവും ഉൽക്കൃഷ്ടമായ വരദാനമായ മഴയെന്നതിൽ സംശയമില്ല.
നമ്മൾ എന്താണ് പ്രകൃതിയോടു ചെയ്തത് എന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത്. മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നും മറ്റുള്ളവയെല്ലാം മനുഷ്യൻ്റെ സുഖ സൗകര്യത്തിനു മാത്രമായി സൃഷ്ടിക്കപ്പെട്ടവയാണെന്നുമുള്ള സ്വാർത്ഥ ചിന്ത എത്രമാത്രം വികലമാണ്.
"സർവേ സന്തു നിരാമയ" എന്നതിൽ പറയുന്ന സമഷ്ടിയിൽ സകല ജീവജാലങ്ങളും ഉൾപ്പെടുമെന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പകൽ വെളിച്ചത്തിൽപ്പോലും റോഡിലൂടെ കാട്ടുപന്നികൾ പരക്കം പാഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരിറ്റുവെള്ളത്തിനു വേണ്ടി തൊണ്ട വരണ്ടതുകൊണ്ടാവാം ഇവയെല്ലാം കാടിറങ്ങുന്നത്.കാടെല്ലാം വരണ്ടുണങ്ങിയ അവസ്ഥയിലാണ്.
കാടിനെ കാടാക്കി നിലനിർത്തുകയും അവിടെ ആവശ്യമുള്ള പുല്ലുകളും മറ്റു ചെടികളും നട്ടുവളർത്തുകയും ചെയ്താൽ മാത്രമേ വന്യത നാടിറങ്ങാതെയാവൂ.
യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ട ഇക്കാര്യങ്ങളിൽ ഭരണാധികാരികൾക്കും സന്നദ്ധ സംഘടനകൾക്കും ശ്രദ്ധിക്കാൻ തോന്നിയെങ്കിൽ! നമ്മുടെ നാട്ടിൽ നിന്നും എങ്ങോ വഴിതെറ്റിപ്പോയ കാർ മേഘങ്ങൾ തിരിച്ചെത്താൻ ഇനിയുമൊരു ഋഷ്യശൃംഗൻ വരേണ്ടിയിരിക്കുന്നു. മൃഗങ്ങളുടെ നിഷക്കളങ്കതയുടെയും സ്നേഹത്തിൻ്റെയും പ്രതീകം തന്നെയല്ലേ ഇവിടെ പുനരാവിർഭവിക്കേണ്ടത്!