(Rajendran Thriveni)
ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ് അവശനായ 'വാവാ സുരേഷ്' പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഈ ദുരവസ്ഥയ്ക്ക് കാരണമായ അബദ്ധം എങ്ങിനെയുണ്ടായി? അബദ്ധം പറ്റിയതാർക്ക്; സുരേഷിനോ, പാമ്പിനോ, കാണികൾക്കോ, സൃഷ്ടാവിനോ?
വാവാ സുരേഷിന്, പാമ്പുകളെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും പ്രായോഗിക ജ്ഞാനമുണ്ട്. അബദ്ധം ചെയ്യാൻ, സുരേഷ് തുനിയുകയില്ല.
പാമ്പും അബദ്ധത്തിൽ കടിച്ചതല്ല.
തന്റെ ശത്രുവിനെ തളർത്തി രക്ഷപെടാൻവേണ്ടി, മന:പൂർവം കടിച്ചതാണ്. ഈ മൂർഖന്റെ വിഷ സഞ്ചിയിൽ neurotoxin ( നിഡീവ്യൂഹത്തെ തളർത്തുന്ന) നിറച്ച സൃഷ്ടികർത്താവ്, വിഷമേൽക്കുമ്പോൾ ശത്രു തളർന്ന് വീഴണം, എന്ന ഉദ്ദേശ്യത്തോടെ തന്നെ- യാണ് വിഷം നിറച്ചത്.
സുരേഷിന്റെ വാക്കുകൾ ശ്രദ്ധിക്കാം.
പാമ്പിനെ ഇടാൻ കൊണ്ടുവന്ന ചാക്ക് രാസവളത്തിന്റെതായിരുന്നു. അതിന് വളത്തിന്റെ ഗന്ധമുണ്ടായിരുന്നിരിക്കാം.
സാധാരണ ചാക്കിന്റെ ഉള്ളിലെ ഇരുട്ടിലേക്ക് കയറാൻ ഇഷ്ടപ്പെടുന്ന പാമ്പ്, രാസഗന്ധം മൂലമാവാം, അതിൽ കയറാതെ തിരിഞ്ഞു കടിച്ചത്. ആ ഗന്ധം അതിന്റെ ജീവന് ഭീഷണിയാവുമെന്ന്, പാമ്പ് തിരിച്ചറിഞ്ഞു. അത് രക്ഷപെടാൻ വേണ്ടി തിരിഞ്ഞു കടിച്ചു.
ഇപ്പോൾ പൂർണമായി വിഷമിറങ്ങി വാവാ സുരേഷ് ആരോഗ്യവാനായി എന്നാണ് മെഡിക്കൽ റിപ്പോർട്ട്. സുരേഷിന്റെ ധൈര്യവും ആത്മസംയമനവും, വിഷത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവുമാണ്, ഈ രക്ഷപെടലിന് കാരണം. ബോധം മറയുന്നതുവരെ, കൂടെയുണ്ടായിരുന്നവർക്ക് ധൈര്യത്തോടെ തുടർനടപടികളെക്കുറിച്ച് സുരേഷ് പറഞ്ഞുകൊടുത്തിരുന്നു. ആ അറിവും മന:സാന്നിധ്യവുമാണ്, സുരേഷിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. അറിവ് ഭയത്തെ ഇല്ലാതാക്കും.ഭയത്തിൽ നിന്നുള്ള മോചനം തന്നെയാണ് ഏറ്റവുംവലിയ ആധ്യാത്മിക സമ്പത്ത്.