mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

friends are for ever

saraswathi thampi

ഇന്ന് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച,കുചേല ദിനം. സൗഹൃദത്തിൻ്റെ ഏറ്റവും ഉദാത്തവും ഉൽക്കൃഷ്ടവുമായ ഉദാഹരണമാണ് ശ്രീകൃഷ്ണ -കുചേല ബന്ധം. സഹപാഠികൾ തമ്മിലുള്ള ഊഷ്മള  ബന്ധത്തിൻ്റെ അതിരില്ലാത്ത സ്നേഹമാണ് ഇവിടെ കാണാൻ കഴിയുന്നത്. 

ഗുരുകുല വിദ്യാഭ്യാസം സാർവ്വത്രികമായിരുന്ന കാലഘട്ടത്തിൽ സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലെ സഹ പഠിതാക്കളായിരുന്നു ശ്രീകൃഷ്ണ - കുചേലന്മാർ. 
''സുചേഷ്ടിതം കൊണ്ടു ജഗദ് പ്രസിദ്ധൻ
കുചേലനെന്നുള്ളൊരു ഭൂമിദേവൻ" 
എന്ന് ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ കുഞ്ചൻ നമ്പ്യാർ.

ഗുരുകുല വിദ്യാഭ്യാസാനന്തരം ദക്ഷിണയും നൽകി രണ്ടു പേരും അവരവർക്കു നിയോഗിക്കപ്പെട്ട കർമ മണ്ഡലത്തിലേക്ക് തിരിച്ചു പോവുന്നു.
കംസനെ വധിച്ച് മാതാപിതാക്കളെ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ച് ഭഗവാൻ ചക്രവർത്തിയായി ലക്ഷ്മീ സമേതനായി വാഴുന്നു. സുദാമാവാകട്ടെ വിവാഹിതനായി കുട്ടികളോടൊരുമിച്ച് കഴിയുമ്പോഴും ദാരിദ്ര്യത്തിൻ്റെ പിടിയിൽ ഞെരുങ്ങിയമരുന്ന അവസ്ഥയിലും.
പരമഭക്തനായ സുദാ മാവിനെ വിശപ്പും ദാഹവുമൊന്നും അലട്ടുന്നില്ലെങ്കിലും വിശന്നു കരയുന്ന കുട്ടികളുടെ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തിയേ മതിയാവൂ എന്ന് പത്നി തീരുമാനിക്കുന്നു. സഹപാഠിയായ ശ്രീകൃഷ്ണ ഭഗവാനെ കാണാൻ പോകാനായി പലപ്പോഴും ഭാര്യ പറയാറുണ്ടെങ്കിലും നാളെ, നാളെ എന്നു പറഞ്ഞൊഴിയുകയാണ് പതിവ്. എന്നാൽ ഒരു ദിവസം ഭാര്യയുടെ ആവശ്യം പരിഗണിച്ച് ഭഗവാനെ കാണാനായി യാത്രയാവാൻ കുചേലൻ തീരുമാനിക്കുന്നു. ഭഗവൽ ദർശനത്തിനായി പോകുമ്പോൾ വെറും കൈയ്യോടെ പോകുവാനാവില്ലെന്നും എന്തെങ്കിലും കാഴ്ചവെയ്ക്കാനായി ഉണ്ടാക്കണമെന്നും കുചേലൻ പത്നിയോട് ആവശ്യപ്പെടുന്നു. അയൽ വീടുകളിൽ നിന്ന്‌ യാചിച്ചു കൊണ്ടുവന്ന കുറച്ചു നെല്ലു മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ഇരുട്ടത്തു തന്നെ കുചേല പത്നി ഒരു പിടി അവിലു തയ്യാറാക്കി വൃത്തിയുള്ള ഒരു കീറത്തുണിയിൽ പൊതിഞ്ഞു കെട്ടിവെച്ചപ്പോഴേക്കും നേരം പുലരാറായി. കുളിയും തേവാരവും കഴിഞ്ഞു വന്ന കുചേലൻ്റെ കൈയിൽ അവിൽപ്പൊതിയും നൽകി അവർ യാത്രയാക്കി.ഒരു ഓലക്കുടയുമേന്തി ഭഗവൽ നാമങ്ങൾ ജപിച്ച് യാത്രയാകുന്ന കുചേലൻ ശകുനമായി കണ്ടത് ചകോരപ്പക്ഷികളെയാണ്. ശുഭസൂചനയത്രെ അത്‌. ചകോരപ്പക്ഷിയെ ശകുനം കണ്ടാൽ കാര്യസാദ്ധ്യം ഫലം എന്ന് വിശ്വാസം ഇന്നുമുണ്ട്.

നടന്നു നടന്ന് ഏറെ ദൂരം പിന്നിട്ട് കുചേലൻ ഭഗവാൻ്റെ കൊട്ടാരത്തിന് സമീപമെത്തി.ഏഴാം മാളിക മുകളിൽ ലക്ഷ്മീ സമേതനായി കഴിഞ്ഞിരുന്ന ശ്രീകൃഷ്ണൻ ഏറെ ദൂരെ നിന്നേ തൻ്റെ സുഹൃത്തിനെ കണ്ടു. വേഗത്തിൽ ഓടിച്ചെന്ന് വിയർത്തൊഴുകുന്ന കുചേലനെ കെട്ടിപ്പിടിച്ച് കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സന്തോഷത്തോടെ സാദരം സ്വീകരിച്ചിരുത്തി. കുശലപ്രശ്നങ്ങൾ കൊണ്ട് അതിഥിയെ സന്തോഷിപ്പിക്കയും തനിക്കായി കൊണ്ടുവന്ന അവിൽപ്പൊതി വാങ്ങി ഭക്ഷിക്കയും ചെയ്തു. സ്വയം മറന്നിരുന്ന കുചേലൻ തൻ്റെ ദാരിദ്യത്തെക്കുറിച്ച് പറഞ്ഞതുമില്ല, ഭഗവാനൊട്ട് ചോദിച്ചതുമില്ല എന്ന് തിരികെ പോകുംനേരം കുചേലൻ ചിന്തിക്കുന്നു. എന്നാൽ അന്തര്യാമിയായ ഭഗവാൻ എല്ലാം അറിഞ്ഞ് വേണ്ടതു പോലെയെന്നല്ല അതിലും അധികമായി ഭക്തനും സഹപാഠിയുമായ കുചേലനു വേണ്ടി ചെയ്തിരിക്കുമെന്ന് സുനിശ്ചിതമാണല്ലോ. തൻ്റെ വീട്ടിലെത്തുമ്പോൾ വഴി മാറിപ്പോയോ എന്ന് കുചേലൻ സംശയിക്കുന്നത് ഒരു ചെറ്റക്കുടിലായിരുന്ന തൻ്റെ വീടിൻ്റെ സ്ഥാനത്ത് ഉയർന്നുപൊങ്ങിയ മാളികകൾ കണ്ടപ്പോഴാണ്.ല ക്ഷ്മീദേവിക്കൊത്തവണ്ണം ആടയാഭരണങ്ങളണിഞ്ഞ പത്നി അദ്ദേഹത്തോട് ഉണ്ടായ സംഭവങ്ങളെല്ലാം വിശദീകരിക്കുന്നു. 

സൗഹൃദത്തിന് അതിർവരമ്പുകളില്ലെന്നതും ഏറ്റവും ദിവ്യമായ അവസ്ഥയാണ് അതെന്നുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണീ ദിനം.
ഏവർക്കും ഭഗവാൻ്റെ അനുഗ്രഹമുണ്ടാവാൻ പ്രാർത്ഥനകൾ .

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ