മനസ്സ് ഒരു വല്ലാത്ത പ്രഹേളികയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. 'സുഖാണോ ' എന്ന മറ്റുള്ളവരുടെ ചോദ്യങ്ങളുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചൊന്നും നമ്മൾ ഗവേഷണം നടത്താതിരിക്കുന്നതാവും നല്ലത്.
പലപ്പോഴും അത് പേരിനു വേണ്ടിയുള്ള ഒരു ചോദ്യമാവാം. ഒരുകുശലാന്വേഷണം എന്നതിനപ്പുറമൊന്നും അതിനെ വിശദീകരിക്കേണ്ടതുമില്ല. നമ്മിൽ നിന്നും വരുന്ന മറുപടി എന്തു തന്നെയായിരുന്നാലും അതൊന്നും ചോദ്യകർത്താവിനെ യൊട്ട് ബാധിക്കുകയുമില്ല. കാരണം പലപ്പോഴും ഉത്തരം ഒരു മുൻ വിധിയായി അയാളിൽത്തന്നെ ഉരുവം കൊണ്ടിട്ടുമുണ്ടാവാം.
'ആ... അങ്ങനെയൊക്കെയങ്ങ് പോണു.. '
'ആ.. കൊഴപ്പല്യാണ്ടങ്ങനെയൊക്കെയങ്ങ് ജീവിച്ചു പോണു '
എന്നൊക്കെയാവും മറുപടികൾ പലപ്പോഴും.
'സുഖം' എന്ന് ഒറ്റ വാക്കിൽ ഉത്തരമൊതുക്കുന്നവരുമുണ്ട്.
പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവർത്തികളിലും ആത്മാർത്ഥതയങ്ങനെ തേച്ചുമിനുക്കിയ ഓട്ടുരുളി പോലെ വെട്ടിത്തിളങ്ങണം എന്ന നിർബന്ധം ഉണ്ടായിരുന്ന നാളുകളിലാണ് ഒരു സഹപ്രവർത്തക കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കണ്ടപ്പോൾ സുഖല്ലേ.. എന്ന് ചോദിച്ചത്.
'സുഖമിത്തിരി കുറവാണ്' എന്ന മറുപടി മനസ്സിൽ തോന്നിയത് അങ്ങനെത്തന്നെ എനിക്കൊന്നു നിയന്ത്രിക്കാനാവുന്നതിനു മുന്നേ ഒറ്റക്കുതിപ്പ്.
പകച്ചുപോയി ചോദ്യ കർത്താവ് എന്നു പറയേണ്ടതില്ലല്ലോ. കാരണം പലപ്പോഴും നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ ആൻസർ കീ (ഉത്തര സൂചിക) യും തയ്യാറാക്കുന്ന പ്രബുദ്ധരാണല്ലോ. നമ്മളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വേണമല്ലോ മറ്റുള്ളവർ പെരുമാറേണ്ടത്. അല്ലാത്തപക്ഷം നമ്മൾ പലപ്പോഴും നമ്മൾ പോലുമറിയാത്ത ആളുകളായി മാറുകയും ചെയ്യാറുണ്ടല്ലോ.
''അയ്യോ.. എന്തു പറ്റി?" എന്നിങ്ങനെ സ്നേഹപൂർവ്വം ചോദിച്ച് കുറെ നേരം ഞങ്ങൾ സംസാരിച്ചു. അല്പസമയത്തിനു ശേഷം എനിക്ക് വിദഗ്ദ്ധമായ ഒരു ഉപദേശവും ഏറെ സ്നേഹ പരിഗണനകളോടെ നൽകി.
ആരെങ്കിലും .. അതാരുമാവട്ടെ, നമ്മോട് സുഖവിവരം അന്വേഷിച്ചാൽ സുഖമാണ് എന്നാണ് പറയേണ്ടത് എന്ന വാക്കുകൾ ഹൃദയത്തിലേയ്ക്കാണ് ഞാൻ ചേർത്തു പിടിച്ചത്.കാരണം അവർ എന്നെ ഏറെ സ്നേഹിച്ചിരുന്നു എന്ന സ്വാർത്ഥത തന്നെ.
നമ്മുടെ മനസ്സിനെയും ശരീരത്തേയും എപ്പോഴും സ്വസ്ഥമാക്കി വെയ്ക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.