mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പഞ്ചായത്ത് കിണറിന്റെ ഇടയിലൂടെയുള്ള വഴിയിൽ ആദ്യം കാണുന്ന വീടാണ് പാറൂട്ടിയമ്മയുടെ. ആ കിണറ്റിന്റെ കരയിൽ നിന്നാൽ തന്നെ വീട് കാണാം.  ഓടിട്ട, നീണ്ട വരാന്തയുള്ള, ഒരു വീട്. മുറ്റത്തുള്ള മാവ് ചാഞ്ഞു നിൽക്കുന്നത് വരാന്തയിലേക്കാണ്. വീടിനു ചുറ്റും ശീമക്കൊന്നയുടെ  വേലി. ഇടയ്ക്കിടയ്ക്കു മുല്ലയും പടർന്നു നിൽക്കുന്നുണ്ട്. പല നിറങ്ങളിൽ ഉള്ള ചെമ്പരത്തികളും ഉണ്ട്. തുളസിയും മന്ദാരവും വേലിയോട് ചേർന്നും അതിന്റെ ഒരു ഓരത്തായി, ചെമ്പകവും നട്ടു പിടിപ്പിച്ചിരിക്കുന്നത് കാണാം. മുറ്റത്തു തന്നെ രണ്ട് തെങ്ങുകളുണ്ട്. തെങ്ങിന് തടമെടുത്തു വൃത്തിയാക്കി അതിൽ ചെറിയ തോതിൽ ചുവന്ന ചീരയും നട്ടിട്ടുണ്ട്. എല്ലാം നല്ല ഭംഗിയായി വച്ചു പിടിപ്പിച്ചിരിക്കുന്നു.

പാറൂട്ടിയമ്മക്കു രണ്ടു മക്കളാണ്. അനിരുദ്ധനും അനിയനായ അനിലും. അച്ഛൻ മരിച്ചിട്ടു വർഷങ്ങളായി. അമ്മക്കിപ്പോൾ മക്കൾ  മാത്രമേയുള്ളൂ. കല്യാണപ്രായമൊക്കെ കഴിഞ്ഞെങ്കിലും രണ്ടു മക്കൾക്കും കല്യാണം ഒന്നും നടക്കാത്തതുകൊണ്ട്, പാറൂട്ടിയമ്മക്ക് നല്ല വിഷമമുണ്ടായിരുന്നു.. അനിരുദ്ധൻ ഒരു തയ്യൽക്കട ഇട്ടിട്ടുണ്ട്. അനിൽ ആണെങ്കിൽ ഡ്രൈവർ ആണ്..

വയസ് കൂടുന്തോറും ആ അമ്മയ്ക്കു ആധികളും  കൂടി വന്നു. എപ്പോഴും, ഒരു പെൺകുട്ടി വന്നു കേറണേ,  എന്നുള്ള പ്രാർത്ഥനയിൽ അവർ ഓരോ ദിവസവും തള്ളി നീക്കി.

അങ്ങനെ ഇരിക്കുമ്പോളാണ്,  അനിൽ ഒരു ക്രിസ്ത്യാനി പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വരുന്നത്. പേര് സാലി. നാട്ടിലെ ഒരു വലിയ വീട്ടിലെ പെണ്ണ്. കാണാനും തരക്കേടില്ല.. അനിൽ അവിടെ ഡ്രൈവർ ആയി കുറേ കാലം പോയപ്പോ മുതൽ  തുടങ്ങിയ പരിചയം ആണ്..

 പാറൂട്ടിയമ്മക്ക് സന്തോഷം ആയി.. വീട്ടിലോട്ടു ഒരു പെണ്ണ് വന്നു കേറിയല്ലോ, വയ്യാതെ കിടക്കുമ്പോൾ കഞ്ഞി വച്ചു തരാൻ ആരുണ്ട്, എന്ന പേടി മാറിയല്ലോ എന്നവർ ആശ്വസിച്ചു. സാലി വലിയ വീട്ടിലെയാണെങ്കിലും,  അനിലിന്റെ വീടുമായി അവൾ പൊരുത്തപ്പെട്ടു.

പക്ഷേ, കിണറ്റുകരയിൽ വെള്ളം കോരാൻ വരുന്ന പെണ്ണുങ്ങൾക്ക് ചിരിക്കാൻ പുതിയൊരു കഥ ആയി. മൂത്തവൻ നില്കുമ്പോ, ഇളയവൻ പെണ്ണ് കൊണ്ടു വന്നത് ശരിയായില്ലെന്നായിരുന്നു പൊതുവെ നാട്ടുകാരുടെ ഒരിത്. ഇനിയിപ്പോ മൂത്തവൻ കെട്ടേണ്ട കാര്യം തന്നെ ഇല്ലല്ലോന്നു  പറഞ്ഞത്,  അംഗനവാടിയിലെ ഹെൽപർ ആയ രമണിചേച്ചിയാണ്.

"ശരിയാ,  ഇളയവനു രാത്രിയും പകലും ഓട്ടം വരാറുണ്ട്. ഒക്കെ ഒരു അഡ്ജസ്റ്മെന്റിൽ അങ്ങു നടക്കും."

ചായക്കടയിലെ ശാന്തി, രമണി ചേച്ചിയുടെ അഭിപ്രായത്തെ പിന്താങ്ങി.

 എന്തായാലും സാലി സന്തോഷവതിയായി കാണപ്പെട്ടു.  വീട്ടിലെ ജോലികളിൽ അമ്മക്കൊപ്പം കൂടിയും,  മുറ്റമടിച്ചും ഒക്കെ അവളെങ്ങനെ ആ വീടുമായി ഒരുപാട് അടുത്തു. അന്യജാതിക്കാരന്റെ കൂടെ ഇറങ്ങി വന്നതുകൊണ്ട് സ്വന്തം വീട്ടിലേക്ക് ഇനി പോകാനും കഴിയില്ല. കണ്മുന്നിൽ കണ്ടേക്കരുത് എന്നാണ് അപ്പച്ചൻ പറഞ്ഞേക്കുന്നത്. ആ വിഷമം ഒക്കെ മറന്ന് അവൾ നല്ലൊരു ഭാര്യയായിരുന്നു അപ്പോഴേക്കും. അനിൽ സമയം കിട്ടുമ്പോളൊക്കെ സാലിയെം കൊണ്ടു പുറത്തു പോകും.. തിരിച്ചു വരുമ്പോൾ ഒറ്റക്കിരിക്കുന്ന അമ്മക്ക് അവൾ എന്തേലും വാങ്ങും. അമ്മയും അവളെ സ്വന്തം മോളായി കരുതി. എങ്കിലും നാട്ടിലെ ചില കഥകൾ കേട്ടു പാറൂട്ടിയമ്മ ആകുലപ്പെടുന്നുണ്ടായിരുന്നു..

അനിരുദ്ധൻ അവളെ അനിയത്തിയായി കണ്ടു. കടയിൽ നിന്നും വരുമ്പോൾ ബട്ടൺസ് പിടിപ്പിക്കാനുള്ളതൊക്കെ വീട്ടിൽ കൊണ്ടു വന്നു ചെയുന്ന ശീലം പണ്ടേ ഉണ്ടാരുന്നു അനിരുദ്ധന്. സാലി വന്ന ശേഷം, അനിരുദ്ധനെ അവളും സഹായിക്കാൻ  തുടങ്ങി. ചെറിയ തയ്യൽ ജോലികളൊക്കെ അവൾക്ക് വശമുണ്ടായിരുന്നു. അങ്ങനെ ആ കുടുംബം നല്ല രീതിയിൽ,  സന്തോഷത്തോടെ  പോയിക്കൊണ്ടിരിക്കുകയായിരുന്നു.. പക്ഷേ, അപ്പോഴും കിണറ്റുകരയിൽ കഥകൾക്കൊരു പഞ്ഞവും ഉണ്ടായിരുന്നില്ല.

അങ്ങനെ ഇരിക്കെ സാമ്പാറിനു കടുക് വറുത്തു കൊണ്ടു നിൽക്കുമ്പോൾ സാലിക്ക് ഒരു വയ്യായ്ക വന്നു...  വായിലൊക്കെ ഉമിനീർ നിറഞ്ഞു,  ഓക്കാനം വരുന്നത് പോലെ,  അവൾ ഓടി,  തെങ്ങിൻ ചുവട്ടിൽ എത്തുന്നെന് മുൻപേ ഛർദിച്ചു..  മടല് വെട്ടിക്കൊണ്ടു നിന്ന അമ്മ വെട്ടുകത്തി ഇട്ടിട്ട് ഓടിച്ചെന്നു.. പുറത്ത് തടവി കൊടുത്തു.. അവളെ പിടിച്ചു പടിയിൽ ഇരുത്തി..  ഇതു കണ്ടോണ്ട് വെള്ളം കോരി കൊണ്ടു നിന്ന ഓട്ടോ ഓടിക്കുന്ന പ്രസാദിന്റെ ഭാര്യ ഷീല, എന്താ മരുമോള്ക്കു വിശേഷം ആയോന്നും ചോദിച്ചു കേറി ചെന്നു...

 അങ്ങനെ, നാട്ടിലാകെ പാട്ടായെന്നു പറഞ്ഞാൽ മതിയല്ലോ..  സാലിക്കു വയറ്റിലുണ്ടെന്ന്.. എല്ലാവർക്കും ഒരേ സംശയം മാത്രം...  കൊച്ച് വലിയവൻെറ ആണോ അതോ ചെറിയവന്റെ ആണോ...

"ഹ, ഒന്ന് ക്ഷമിക്ക് എന്റെ രമണി ചേച്ചീ, പെണ്ണ് പെറട്ടെ, അപ്പൊ അറിയാം കൊച്ചാരുടെ ആണെന്ന്.."

 ഷീലയും ശാന്തയും കൂടെ രമണിയെ സമാധാനിപ്പിച്ചു.

 നാളുകൾ കഴിഞ്ഞു, സാലിയുടെ പ്രസവവും കഴിഞ്ഞു. കുഞ്ഞിനെ കണ്ട്,  ഇല്ലാത്ത ഛായ ഉണ്ടാക്കാൻ നാട്ടുകാർ പെടാപ്പാടു പെട്ടു. ഒളിഞ്ഞും തെളിഞ്ഞും ഇതൊക്കെ അവളുടെ ചെവിയിലും എത്തി. അവളതിലൊന്നും ശ്രദ്ധിച്ചില്ല..

പോരാത്തേനു ഇതൊക്കെ കേട്ടു വീട് മാറാൻ പോകുന്നുവെന്ന് പറഞ്ഞ അനിരുദ്ധനെ,  സാലിയും അനിലും കൂടെ തടഞ്ഞു. അന്ന് രാത്രിയിൽ,  അവളെയും അനിരുദ്ധനെയും ചേർത്ത് കഥകളുണ്ടാക്കിയവരെ കുറിച്ച് പറഞ്ഞ് അമ്മയും മക്കളും കൂടെ ചിരിച്ചു...  അമ്മയ്ക്കും സമാധാനം ആയി...  അങ്ങനെ പരസ്പരവിശ്വാസത്തിൽ ആ കുടുംബം മുൻപോട്ടു പോയി...

കിണറ്റുകരയിൽ  കഥകൾ പിന്നെയും പലതുണ്ടായി... ഒന്നിനും അവരുടെ സ്നേഹത്തെയും ഒരുമയെയും തകർക്കാൻ ആയില്ല... വിശ്വാസം ഉള്ളിടത്തോളം അവിടെ ഒരു നുണക്കഥയും വിജയിക്കില്ലല്ലോ.....!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ