പണ്ട് തൊട്ടേ എങ്ങനെ പെൺകുട്ടികളെ വളർത്തണം എന്ന അലിഖിതനിയമം ഉണ്ട് നമ്മുടെ നാട്ടിൽ.. പെൺകുട്ടികളെ അടക്കി ഒതുക്കി നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാതെ വേണം വളർത്താൻ.. കുറെയേറെ കേട്ടിട്ടുണ്ട് അതിനെയൊക്കെ പറ്റി.
പക്ഷേ, ഇതിനിടയിൽ ഒരിക്കൽ പോലും, ആണ്മക്കളെ വളർത്തേണ്ടുന്നതിനെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല. എന്നിരുന്നാലും, നമ്മുടെ ഇടയിൽ നല്ല ആൺകുട്ടികളുണ്ട്, നല്ല ഭർത്താക്കന്മാർ ഉണ്ട്, നല്ല അച്ഛൻമാരുണ്ട്... അവരെയൊക്കെ നല്ല മനസ്സോടെ ജീവിക്കാൻ പഠിപ്പിച്ച ഒരമ്മയോ അച്ഛനോ അല്ലെങ്കിൽ ആ സ്ഥാനത്തുള്ള ആരെങ്കിലുമോ അവർക്കു പിന്നിലുണ്ടാകും എന്നതിന് സംശയം വേണ്ട...
എങ്കിലും മക്കൾ നല്ല സ്വഭാവം ഉള്ളവരായി തീരുന്നതിൽ, നന്മയുള്ളവരായി തീരുന്നതിൽ, ജീവിതവിജയം കൈവരിക്കുന്നതിൽ, അമ്മയ്ക്കുള്ള പ്രാധാന്യം ഒരുപാടാണ് എന്ന് പറയാതെ വയ്യാ. ഒരമ്മയ്ക്ക് വളരേ മനോഹരം ആയി തന്റെ മക്കളെ വളർത്താൻ കഴിയും എന്നതിന് ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് നമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയും.. ചിലയിടത്തു പറഞ്ഞു കേട്ടിട്ടുണ്ട്, അച്ഛനില്ലാത്ത കുട്ടികൾ ആണ്, ചീത്തയായില്ലെങ്കിലേ അത്ഭുതം ഉള്ളൂവെന്ന്. ലവലേശം അസ്ഥിത്വം ഇല്ലാത്ത വാക്കുകളാണിവ.
അച്ഛനോ ഭർത്താവോ പോയ ദുഃഖം താങ്ങാൻ ആകാതെ ഇരിക്കുമ്പോൾ ആണ്, ഇങ്ങനെയുള്ള പ്രസ്താവനകൾ കേൾക്കേണ്ടി വരുന്നത്. എത്രയെത്ര അമ്മമാർ ഇതൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ടാകും.. എന്നിട്ടും, പരിഭവങ്ങളൊന്നുമില്ലാതെ, എല്ലാം ഉള്ളിലൊതുക്കി, കഷ്ടപ്പെട്ട്, അവർ മക്കളെ വളർത്തും. അച്ഛന്റെ കടമകൾ കൂടി അമ്മ ചെയ്യും. ചെയ്തേ മതിയാകൂ...
മക്കളൊന്നു പറക്കാൻ പ്രാപ്തിയെത്തുന്ന വരെ ആ അമ്മ കൂടെ നില്ക്കും.. അവരെ അങ്ങനെ അത്രയും ഉയർച്ചയിൽ എത്തിക്കാൻ, അനുഭവിച്ച നോവുകളിൽ പലതും മക്കളുടെ വളർച്ച കണ്ട് മറക്കാൻ അവർ തയാറാകും. അപ്പോഴും, അവരാ ജീവിതം, സ്വന്തം ജീവിതം, തനിയെ തന്നെ ജീവിച്ചു തീർക്കാൻ ഇഷ്ടപ്പെടും.
അങ്ങനെ വലുതാകുമ്പോൾ മക്കളെ തനിയെ പറക്കാൻ വിട്ട്, സംതൃപ്തിയോടെ ഇരിക്കുന്ന ഒരുപാട് അമ്മമാർ നമുക്ക് ചുറ്റിലും ഉണ്ടാകും... അങ്ങനെയൊരമ്മയെ കുറിച്ചാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്, ശ്രീമതി മല്ലിക സുകുമാരൻ... മക്കളുടെ കൗമാരപ്രായത്തിൽ മുതൽ, അച്ഛന്റെയും അമ്മയുടെയും ചുമതലകൾ തനിയെ നിറവേറ്റേണ്ടി വന്ന ഒരു അമ്മയാണവർ. രണ്ട് ആണ്മക്കളുടെ അമ്മ.
ഒരച്ഛന്റെ എല്ലാവിധത്തിലുള്ള കരുതലുകളും സ്നേഹവും മക്കൾക്ക് ആവശ്യമാണ്. ഒരു പക്ഷേ, അതേറ്റവും ആവശ്യം വരുന്നത് മക്കളുടെ കൗമാര പ്രായത്തിൽ തന്നെ ആയിരിക്കും. അതവരുടെ സ്വഭാവരൂപീകരണത്തിനെ വരെ സ്വാധീനിക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്..
പഠിച്ചു കൊണ്ടിരിക്കുന്ന പ്രായത്തിൽ തന്നെ കുടുംബത്തിന്റെ നെടുംതൂണായിരുന്ന ഒരച്ഛനെ നഷ്ടപ്പെടേണ്ടി വരുന്ന വേദന, ഭർത്താവ് നഷ്ടമായ ഒരു ഭാര്യ എന്ന നിലയിൽ, മല്ലിക സുകുമാരൻ എന്ന സ്ത്രീ അനുഭവിച്ച സങ്കടം, അതു അവരുടെ മനസിലേൽപ്പിച്ച ആഘാതം, ഇതൊക്കെ നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും...
എന്നിട്ടും തളരാതെ ആ അമ്മ, അന്ന് ഉണർന്ന് പ്രവർത്തിച്ചതുകൊണ്ടു മാത്രമാണ്, ഇന്ന് നമ്മൾ കാണുന്ന പൃഥ്വിരാജും ഇന്ദ്രജിത്തും ഉണ്ടായത്. അവരിലെ അമ്മ അന്ന് എടുത്ത പല നല്ല തീരുമാനങ്ങളുടെയും ഫലമായാണ് ഇന്ന് മലയാളസിനിമ ആ മക്കളുടെ കൂടെ പേരിൽ അറിയപ്പെടുന്നത്..
ആദ്യം അധ്യാപകനും, പിന്നീട് മലയാളസിനിമയിലെ നടനും, അതിലുപരി നല്ലൊരു മനുഷ്യനും ആയിരുന്ന, ശ്രീ.സുകുമാരൻ എന്ന അച്ഛന്റെ എല്ലാ നന്മകളും ഉൾക്കൊണ്ടു വളരാൻ, ആ മക്കളെ പ്രാപ്തരാക്കിയ അമ്മ ഒരു കരുത്തുറ്റ സ്ത്രീ തന്നെയാണ്.. കാണാമറയത്തിരുന്ന്, ഇന്നാ അച്ഛന് പോലും അഭിമാനം തോന്നുമാറ് മക്കൾ വളർന്നതിന് പിന്നിൽ മനക്കരുത്തുള്ള ആ അമ്മയുണ്ടെന്നു സംശയമില്ലാതെ നമുക്കേവർക്കും പറയാം....