പരമ കാരുണ്യവാനായ സൃഷ്ടാവ് ഭൂമിയിലെ ജീവജാലങ്ങൾക്ക് അമൂല്യങ്ങളായ പല അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട്. വെള്ളം, വായു, ഭക്ഷണം വീട് തുടങ്ങിയവ. എന്നാൽ കുടിക്കാൻ വെള്ളവും വിശപ്പടക്കാൻ ഭക്ഷണവും കിട്ടാത്ത കയറിക്കിടക്കാൻ കൂരയും ഇല്ലാതെ കോടാനു കോടി ആളുകൾ ഈ ഭൂമിയിൽ പട്ടിണിപ്പാവങ്ങളായി മരിച്ചിട്ടും, മരിക്കാതെ എല്ലും തോലുമായി വിശപ്പിനോടും, രോഗങ്ങളോടും മല്ലിടിച്ചു ജിവിക്കുന്നതും ഇവിടെത്തന്നെയാണ്.
കാരണംകൈയ്യൂക്കുള്ള ഒരു വിഭാഗത്താൽ മറ്റൊരു വിഭാഗം അടിച്ചമർത്ത പെട്ടിരിക്കുന്നു. സ്ഥിതി സമത്വം, സഹകരണം, പരോപകാരം, സ്നേഹം, അനുകമ്പ ഇതൊക്കെ ലോകത്തു നിന്നു അപ്രത്യക്ഷമാ യിരിക്കുന്നു.
അടുത്തകാലത്തു നടന്ന ഒരു പഠനത്തിൽ ലോകത്തു ഓരോ 5 സെക്കന്റിലും ഒരു കുട്ടി ഭക്ഷണം കിട്ടാതെ വിശന്നു മരിക്കുന്നു. ലോകത്തു മറ്റൊരാളുടെ വിശപ്പടക്കാനുള്ള അന്നമാണ് നമ്മൾ ഓരോ പ്രാവശ്യവും ഉപയോഗിക്കാതെ വലിച്ചെറിഞ്ഞു കളയുന്നത്.
നാം നമുക്ക് കിട്ടുന്ന, ഭക്ഷണത്തെ പരിഷ്‌കൃതമല്ല, രുചിയില്ല, എന്ന് പറഞ്ഞു തട്ടിമാറ്റുമ്പോൾ ഓർക്കുക ലോകത്തു വിശപ്പു സഹിച്ചുകൊണ്ട് കോടാനുകോടി ജനങ്ങൾ എന്തെങ്കിലും കിട്ടിയാൽ തിന്നു വിശപ്പടക്കാൻ കാത്തിരിക്കുകയാണെന്നും, പാവപ്പെട്ട ലക്ഷക്കണക്കിനാളുകൾ പട്ടിണി സഹിച്ചു വെറും വയറുമായാണ് തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നതെന്നും ഉള്ള ദുഃഖ സത്യം.
നമുക്ക് ഇന്ന് പലതരത്തിലുമുള്ള സ്വാദിഷ്ടവും രുചികരവുമായ ഭക്ഷണം നമ്മുടെ ഇഷ്ടമനുസരിച്ചു ധാരാളമായി കിട്ടുന്നുണ്ട്, വീട്ടിൽ ഉണ്ടാക്കാറുമുണ്ട്. നമുക്ക് വേണ്ടതിലും അധികം തയാറാക്കി, മിച്ചം വരുന്ന ഒരു വലിയ അളവ് ഭക്ഷണം ഒരു നിമിഷം പോലും പട്ടിണിപ്പാവങ്ങളെ ഓർക്കാതെ പുറത്തേക്ക് വലിച്ചെറിഞ്ഞു തള്ളുന്നു. ഇന്ന് പക്ഷികൾക്കും വേണ്ടാതായതോടെ കുഴിച്ചു മൂടുന്നു.
കുറച്ചു കാലം മുൻപ് വരെ അമേരിക്കയിൽ നാൽപതു ശതമാനം വരുന്ന ഭക്ഷണം ആരും കഴിക്കുന്നില്ല. യൂറോപ്പിൽ 100 മില്യൺ ടൺ ഭക്ഷണം ഓരോ കൊല്ലവും കഴിക്കാതെ പുറം തള്ളുന്നു. അതെ സമയം ലോകത്തു ഒരു ബില്യൺ ജനങ്ങൾ പട്ടിണിക്കാരാണ്. എന്നാൽ മൂന്നിലൊന്ന് ഫുഡ് പ്രൊഡക്ടുകളും അത് മനുഷ്യ ഉപയോഗത്തിനു മുമ്പ് തന്നെ നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നു. ലോക് ഡൗൺ കാലത്തിനു മുൻപ് വരെ നമ്മുടെ നാട്ടിലെ കല്യാണം, സൽക്കാരം തുടങ്ങിയ പാർട്ടികളിൽ ഭക്ഷണം ബാക്കിവന്നു കുഴിച്ചു മൂടുന്ന, അല്ലെങ്കിൽ വലിച്ചെറിഞ്ഞു നശിപ്പിച്ചു കളയുന്ന വാർത്തകളും കേട്ടിരുന്നു. സങ്കടകരമായ വിരോധാഭാസം തന്നെ.
ഭക്ഷണം പാഴാക്കാതെ പട്ടിണി പ്പാവങ്ങളായ ലോകത്തിന്റെ വിശപ്പടക്കാൻ നമുക്കെന്തെങ്കി ലുമൊക്കെ ചെയ്യാൻ കഴിയുമോ? തീർച്ചയായും കഴിയും. അതിനു നമ്മളൊന്ന് മനസ്സുവെച്ചാൽ മാത്രം മതി.
നമ്മുടെ ചുറ്റും ഒന്നു സഹാനുഭൂതിയോടെ, സ്നേഹത്തോടെ കരുണയോടെ യുള്ള കണ്ണുകൾ തുറന്നു നോക്കൂ, വിശപ്പടക്കാൻ നിവർത്തി യില്ലാതെ, തല ചായ്ക്കാൻ ഒരു കൂരയോ, ജോലിയോ ഇല്ലാത്ത, അനാഥരായ രോഗം കൊണ്ടും , വാർദ്ധക്യം കൊണ്ടും കഷ്ടപ്പെടുന്ന എത്രയെത്ര ജീവനുകൾ കാണുന്നു,
അവരെ സഹായിക്കാൻ ആരെങ്കിലും ചിലർ ചെന്നു ആത്മാഭിമാനമുള്ള ആ പാവം വ്യക്‌തിയുടെ, കുടുംബത്തിന്റെ തേങ്ങലുകൾ, പൊട്ടിക്കരച്ചിലുകൾ കുത്തിനോവിച്ചു ചിത്രീകരിച്ചു സോഷ്യൽ മീഡിയ യിൽ ഇടുന്നത് വരെ കാത്തുനിൽക്കണോ? അപ്പോൾ പൊട്ടി ഒലിക്കേണ്ടതാണോ സാഹോദര്യസ്നേഹം?
ഈ പതിനായിരങ്ങളുടെ നൊമ്പരങ്ങളെ, വേദനയെ ഉൾകൊണ്ട് നമുക്ക് വേണ്ടപെട്ടവരോ, പ്രിയപ്പെട്ടവരോ ആയവരാണ് അനുഭവിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ, ഒരു നേരത്തെ ഭക്ഷണം നമുക്ക് വേണ്ടിവരുന്നതെടുത്ത് ബാക്കി ഒരു പട്ടിണിക്കാരന്റെ ഒഴിഞ്ഞ വയറിനെ അര വയറെങ്കിലും ആക്കാൻ പറ്റിയാൽ അതിൽ പരം ഒരു പുണ്ണ്യ പ്രവർത്തിയും മനഃസംതൃപ്തിയും വേറെന്താണുള്ളത്? വലിയ ഒരസുഖം വന്നു കുടുംബനാഥൻ കിടപ്പിലായാൽ പരിചരിക്കാൻ നമ്മുക്ക് കടമയല്ലേ?
ഓരോ ദിവസവും പലതരത്തിലും അനാവശ്യമായി പണം ചിലവഴിക്കുന്ന നാം ഈ ഒരു ലക്‌ഷ്യം വെച്ചുകൊണ്ട് നമ്മുടെ ഓരോ കുടുംബത്തിലെയും കുട്ടികളടക്കം ഉള്ള എല്ലാ അംഗങ്ങ കളെയും സംയോജിപ്പിച്ചു തന്റെ ചുറ്റും ആഹാരം കിട്ടാത്ത ഒരാളും, കഷ്ടപ്പെടുന്ന കുടുംബത്തിലെ ഒരു സഹജീവികളും ഉണ്ടാവരുത് എന്നൊരു തീരുമാനം കൈക്കൊണ്ടു പ്രവർത്തിച്ചാൽ തന്റെ ജീവിതം കൊണ്ട് ഒരു അർത്ഥം ഉണ്ടായി എന്ന അഭിമാനവും സംതൃപ്തിയും നമുക്കുണ്ടാകും. അർഹരായവരെ കണ്ടെത്തി സഹായിച്ചാൽ കിട്ടുന്ന ആനന്ദം, അത് ഒന്ന് വേറെത്തന്നെ. തീർച്ച,.
നമ്മുടെ ഇടയിൽ ഒരു ധാരണയുണ്ട്. എന്താണെന്നല്ലേ? "ഞങ്ങൾ തന്നെ കഷ്ടപ്പെട്ടാണ് കഴിയുന്നത്, പിന്നെ ആർക്കു സഹായം ചെയ്താലും അത് ഉപദ്രവമെ ആവൂ, തിരിച്ചു നമുക്ക് കിട്ടില്ല, സഹായിച്ചിട്ട് പിന്നെന്തു കാര്യം" എന്നെല്ലാം ആവും തോന്നലുകൾ.
എന്നാൽ അതൊരു അബദ്ധ ധാരണയാണ് നാം മറ്റുള്ളവർക്ക് ചെയുന്ന സഹായം, സദ് പ്രവൃത്തികൾ, ഉപകാരങ്ങൾ എന്നിവ അവരിലൂടെ തിരിച്ചു കിട്ടും എന്ന് ചിന്തിക്കരുത്, പ്രതിഫലം ഏതെങ്കിലും രീതിയിൽ നിങ്ങളെ ഇന്നല്ലെങ്കിൽ നാളെ തേടിവന്നിരിക്കും, സഹായിക്കാൻ ഫലപ്രദമായ പല മാര്ഗങ്ങളും ഉണ്ട്, മനസസ്സുണ്ടായാൽ, ഹോട്ടലുകളിൽ, ഗൺമെൻറ് ആശുപത്രികൾ, ബസ്‌സ്റ്റാണ്ടുകൾ തുടങ്ങിയ പൊതുസ്‌ഥലങ്ങളിൽ, എന്തിനധികം സ്വന്തം വീടിന്റെ ഗേറ്റിൽ ഒരു ചില്ലിട്ട ബോക്സിൽ ഭക്ഷണം വെച്ച് " ഭക്ഷണം ആവശ്യമുള്ളവർ ദയവായി ഇതിൽ നിന്ന് എടുത്തു കഴിക്കു" എന്ന് എഴുതി വെക്കാം, അല്ലെങ്കിൽ "ഭക്ഷണം വേണ്ടവർ ഈ കോളിംഗ് ബെല്ലിൽ അമർത്തുക ” എന്നോ മറ്റോ ഒരു ബോർഡും വെക്കാം, അങ്ങിനെ പലതരത്തിലും നമുക്കവരിൽ എത്തിക്കാമല്ലോ? തന്നെയുമല്ല വഴിയിൽ കാണുന്ന പാവപ്പെട്ടവന് അവന്റെ അരികിൽ എത്തി ഭക്ഷണപൊതി കൊടുക്കാം, അതിനു വേണ്ടി കുടുംബ ബജറ്റിനെ താളം തെറ്റിക്കേണ്ട ആവശ്യം ഉണ്ടാവില്ല. അനാവശ്യ ചിലവുകൾ, ഫുഡ് മിച്ചം വരാതെ കരുതൽ, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി,
നമുക്ക് ചുറ്റും നാമോരോരുത്തർക്കും ശ്രമിക്കാം. "ആഹാരം നൽകി പട്ടിണി മാറ്റൂ" എന്നൊരു ടാഗോടെ ഈ ലോകം മുഴുവനും അതു പടരട്ടേ. നമ്മൾ ഒരാൾ കരുതിയിട്ടെന്താണെന്ന് ചിന്തിക്കരുത്, ഒന്നിൽ നിന്നാണൊരായിരം പേരുണ്ടാവുന്നത്, അന്യരെ മുഖം നോക്കാതെ, ജാതിനോക്കാതെ, കൊടിയുടെ നിറം നോക്കാതെ സഹായിക്കുന്ന ഒരു പുതിയ ഒരു തലമുറ ഉയർന്നു വരട്ടെ. അതിലൂടെ നിരാലംബരുടെ കണ്ണീരൊപ്പാൻ നമുക്ക് കഴിയും. നമ്മുടെ നാടിനെ, രാഷ്ട്രത്തെ, ജനങ്ങളെ ഒരേ കുടുംബമായി കണ്ട് ശാന്തമായ ലോകത്തെ പടുത്തുയർത്താൻ കഴിയും. സ്നേഹത്തിന്റെ നിറം മാത്രമുള്ള കൊടി നമ്മിലൂടെ ലോകത്തു പാറിപറക്കട്ടെ.