മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
 
കുഞ്ഞുന്നാളില്‍ വീട്ടില്‍ നെല്ലു പുഴുങ്ങുമ്പോള്‍ ഒരു ഉത്സവപ്രതീതിയായിരുന്നു. ഏതു കുഞ്ഞുകുട്ടിയ്ക്കും അതില്‍ എന്തെങ്കിലും റോള്‍ ലഭിക്കാതിരിക്കില്ല. എന്റെ റോള്‍ നെല്ല് ഉണങ്ങാനിടുമ്പോള്‍ കാക്കയെ ഓടിക്കുകയെന്നതായിരുന്നു. തണല്‍ നോക്കി ഉറക്കംതൂങ്ങിക്കൊണ്ട്‌ "പോ കാക്കേ" എന്നു പറഞ്ഞാല്‍ ഒരു കാക്കയും പോവില്ല. പിന്നെ കാക്കയേയും കാക്കയുടെ മാതാപിതാക്കളെയും ശപിച്ചുകൊണ്ട് എഴുന്നേറ്റു ചെന്നു കുഞ്ഞുവടികൊണ്ട് അവറ്റയെ ഓടിക്കും. അമ്മ ഇടയ്ക്ക് വരുമ്പോള്‍ കാക്ക നെല്ലു തിന്നുന്നതു കണ്ടാല്‍ അടി വീഴുന്നത് എന്റെ പുറത്താണ്.
 
നെല്ലു പുഴുക്ക് ഉത്സവമാകാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. നെല്ലു പുഴുങ്ങുന്ന ചെമ്പ് വാങ്ങിക്കഴിഞ്ഞാല്‍ അവിടെ പിന്നെ ഞങ്ങള്‍ കുട്ടികളുടെ വിളയാട്ടമാണ്. പറമ്പില്‍നിന്നും കപ്പ, ചേമ്പ്, ഇതൊക്കെ പറിച്ചുകൊണ്ടു വന്ന് ഇനിയും അണയാത്ത ആ തീയില്‍ ചുട്ടെടുക്കും. ചക്കുക്കുരു പോലും ആ ചുട്ടെടുക്കുന്ന കൂട്ടത്തില്‍ പെടും. എന്തായിരുന്നു അതിന്റെയൊക്കെ സ്വാദ്! സത്യത്തില്‍ ഒരു ചുട്ടുത്തീറ്റ സംസ്ക്കാരത്തിലാണ് ഞങ്ങളുടെ തലമുറ വളര്‍ന്നത്. 
 
എണ്ണ വിലപിടിച്ച ഐറ്റമാണ്. അതിന്റെ ഉപയോഗം വളരെ കുറവാണ്. പലതും ചുട്ടാണ് കഴിക്കാന്‍ കിട്ടുന്നത്. ഉണക്കമീന്‍, ഉണക്കയിറച്ചി, പപ്പടം, അങ്ങനെ പലതും. 
 

മറക്കാനാവാത്ത രസക്കൂട്ടുകള്‍. 

രാവിലെ സ്ക്കൂളില്‍ പോകാറാമ്പോള്‍ പലപ്പോഴും  പ്രഭാതഭക്ഷണം (എന്നു പറഞ്ഞാല്‍ കഞ്ഞി) റെഡിയായിട്ടുണ്ടാവില്ല. എന്തെങ്കിലും ചുട്ടതും കൂട്ടി പഴംകഞ്ഞി. ചെറുതായി ചുട്ടെടുത്ത നെല്ലിക്ക തേങ്ങയും ചേര്‍ത്ത് കഴിച്ചിട്ടില്ലാത്തവര്‍ക്ക്,  ഹാ ദുരിതം.. അത്ര മനോഹരമാണതിന്റെ രുചി. 
 
അന്ന് കറികളില്‍ എണ്ണ ഒന്നു കാണിക്കും. അത്രതന്നെ. ഇന്ന് എല്ലാം വറത്തതും പൊരിച്ചതും. 
 
എന്റെ ചെറുപ്പത്തില്‍ ഒരു ശരാശരി കുടുംബം ഒരാഴ്ച ഉപയോഗിച്ചതില്‍ കൂടുതല്‍ എണ്ണ ഇന്ന് ഒരു ശരാശരി മലയാളി ഒരു ദിവസം അകത്താക്കുന്നുണ്ട്. കഞ്ഞികുടിച്ചു വളര്‍ന്ന എന്നെ, എവിടെ ചെന്നാലും, സദ്യയാകട്ടെ, ഹോട്ടലാകട്ടെ, വീടാകട്ടെ, എതിരേല്‍ക്കുന്നത് ഫ്രൈഡ് റൈസും ബിരിയാണിയുമാണ്. എനിക്കാകട്ടെ, ഇതു രണ്ടും സഹിക്കില്ല.. പക്ഷെ, കഴിക്കും..
 
ഇതിനൊക്കെ നല്ല വശങ്ങളും ഇല്ലാതില്ല. സംസ്ഥാനത്ത് ആശുപത്രികളുടെ പ്രളയം. അവിടെ നിരവധി തൊഴിലവസരങ്ങള്‍. പണ്ടൊക്കെ കുഞ്ഞാടുകള്‍ പള്ളികളില്‍ പോയിരുന്നതില്‍ കൂടുതല്‍ ഇന്ന് ശരാശരി മലയാളി ആശുപത്രിയില്‍ പോകുന്നു. നമ്മള്‍ പരിഷ്ക്കാരികളാകുന്നു.
ഈ പച്ചപരിഷ്ക്കാരിയ്ക്ക് ഒരു കപ്പ ചുട്ടുതിന്നാന്‍ മോഹം. ആരോടു പറയും?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ