mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

hands up

Albert Puthuparambil

മതം

'ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത മനുഷ്യനല്ല, വില പേശി വിൽക്കാനറയ്ക്കാത്ത മൃഗത്തിനാണിന്ന് മതംകൊണ്ട് നേട്ടം!' എന്നു ഞാൻ പറഞ്ഞാൽ എന്താകും നിങ്ങളുടെ മറുപടി?

ജനിച്ചു വീണ കുഞ്ഞിന്റെ നിസ്സഹായതയ്ക്കു മുകളിൽ തന്തയും തള്ളയും അടിച്ചേൽപ്പിക്കുന്ന മുൾക്കിരീടമാണ് മതം! തന്തയ്ക്കും തള്ളയ്ക്കും സ്വന്തമായതൊക്കെയും കുഞ്ഞിനുമുള്ളതാകുന്ന വികലത! വൈകല്യം തളർത്തിയ മനസ്സുമായി ഓടിത്തളരുവാൻ നിർബന്ധിതനായവന് ആ 'മദ'കിതപ്പിന് വെളിയിൽ ജീവിക്കുവാൻ കഴിയുന്ന കാലം വിദൂരം! ഊഴം നോക്കി കാവൽ നിൽക്കുന്ന മനുഷ്യാകാരം പൂണ്ട നായയും നരിയും കാട്ടുപോത്തും ചേർന്ന് വെട്ടിക്കീറി വീതംവയ്ക്കുന്ന ഇറച്ചിക്കഷണമല്ലേ ഇന്ന് മതം!

പുരോഹിതവർഗ്ഗത്തിന്റെ ആശീർവാദം ലഭിച്ചാൽ ഇഹലോകവാസം മാത്രമല്ല, മണ്ണിൽ ചേർന്ന ഇറച്ചിക്കും അസ്ഥിക്കും ശേഷം അവശേഷിക്കുന്ന ആത്മാവിനും പരമസുഖം! വിദ്യ ആഭാസമായും മതം ഇരുളായും ഉള്ളിൽ നിറച്ച ബാലന് സ്വർഗ്ഗം നിശ്ചയം! അന്യമതത്തിലെ ദൈവത്തെ ചീത്ത വിളിച്ചും തരം കിട്ടിയാൽ ഇരുട്ടുവാക്കിന് രണ്ടെണ്ണം പൊട്ടിച്ചും സ്വന്തം മതത്തിന്റെ വലുപ്പം പ്രാഘോഷിക്കുക കൂടി ചെയ്താൽ ദൈവപ്രീതിയും സുനിശ്ചയം!

സ്വജാതിയിൽപ്പെട്ട നാലെണ്ണത്തിനൊപ്പം കൂടുന്ന വേളയിൽ അന്യജാതിയിൽപ്പെട്ടവന്റെ കുറ്റം പറയാത്ത എത്രപേരുണ്ടിവിടെയെന്ന് ആൽബർട്ട് പുതുപ്പറമ്പിൽ ചോദിച്ചാൽ, സ്വന്തം നെഞ്ചിൽ കൈവച്ച് മന:സാക്ഷിയെ വഞ്ചിക്കാതെ ഉച്ചത്തിൽ മറുപടി പറയുവാൻ കഴിയുന്ന എത്രപേരുണ്ടിവിടെ? മറ്റൊരു ജാതിയിൽ പിറന്നവന്റെ ദേഹത്തില്ലാത്ത കൊമ്പോ വാലോ എന്റെ ദേഹത്തുമില്ലാത്ത കാലം ഈ ലോകത്ത് ദൈവം ഉണ്ടേലതൊന്ന്, ഇല്ലേലില്ല! പിന്നെന്തിനാണിവിടെ നാലായിരം മതവും നാലുലക്ഷം ദൈവങ്ങളും?

'ജാതി വേണ്ടെനിക്ക്;
മതം വേണ്ടെനിക്ക്;
അതുകൊണ്ടിവിടി-
ല്ലെനിക്കൊരു പെണ്ണ്,
മിത്രം, ബന്ധവും!'

ഇതാണ് ആൽബർട്ട് പുതുപ്പറമ്പിലിന്റെ അവസ്ഥ! 

ജാതിയും മതവും നോക്കി കെട്ടുന്നവനും കെട്ടിത്തൂക്കുന്നില്ലേ ഒരു കഷണം കയറിൽ പെണ്ണിനെ! നാഴിക, വിനാഴികയും നോക്കി കെട്ടിയ താലി പൊട്ടിച്ചോടുന്ന പെണ്ണുമില്ലേ! എവിടെപ്പോയി സ്വജാതി നൽകുന്ന സംരക്ഷണം?

അഷ്ടിക്കു വകയില്ലാത്ത മർത്ത്യക്കോലങ്ങൾ പാടത്തും പറമ്പിലും പൊള്ളുന്ന വെയിലിൽ ഒരു നേരത്തെ അന്നം വിദൂരതയിൽ തിരയുമ്പോൾ ഇവിടെ ഉണ്ണാനും കുടിക്കാനും ഉടുക്കാനും വേണ്ടാത്ത കോമാളി ദൈവത്തിന് കോടികളുടെ ആഡംബര മാളിക! അയാളുടെ മുന്നിൽ ഓച്ഛാനിച്ചു നിർത്തി അപേക്ഷിച്ചു വാങ്ങി ശീലിപ്പിച്ചവർ സ്വന്തം പോക്കറ്റിൽ തിരുകിയ കോടാനുകോടിയുടെ ആയിരത്തിലോ പതിനായിരത്തിലോ ഒരംശം തികച്ചു വേണ്ട ഇവിടെ ഒരുനേരത്തെ അന്നം കണി കണ്ടുണരുവാൻ കൊതിക്കുന്നന്റെ വിലാപം ശമിപ്പിക്കുവാൻ!

ക്രിസ്ത്യാനിയും ഹിന്ദുവും മുസ്‌ലീമും എന്നൊക്കെ പറഞ്ഞിട്ട് എന്തുകാര്യം, ദൈവം പറഞ്ഞത് എന്തെന്ന് മനസ്സിലാക്കാത്ത പന്നിയും പട്ടിയും പൂച്ചയും കാണിക്കുന്ന വകതിരിവു പോലുമില്ലെങ്കിൽ! ഏതു ദൈവമാണ് എനിക്കിരിക്കാൻ എല്ലാവിധ സുഖസൗകര്യങ്ങളും ഉള്ള ഒരിടം ഒരുക്കുവാൻ നിന്നോടൊക്കെ പറഞ്ഞതാവോ! പഴയ കാലത്തെ ക്ഷേത്രങ്ങളിൽ നിലവിലുന്ന 'ദേവന്റെ അച്ചി'മാരുടെ പിൽക്കാലത്തെ അവസ്ഥ എന്താണെന്ന് ആരും ഓർമ്മിക്കാത്തത് നന്നായി! അല്ലെങ്കിൽ ഇന്നതും കാണേണ്ടി വന്നേനെ!

പത്തോ നൂറോ കുടുംബമുള്ള ഇടവകയിൽ എൺപതും തൊണ്ണൂറും ലക്ഷം രൂപയുടെ പള്ളി; ഇടവകക്കാരുടെ കൈയിൽ പണമുണ്ടെങ്കിൽ അതിന് പത്തും പതിനഞ്ചും കോടി! ആ ഇടവകയിൽ ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ പിഞ്ചുകുഞ്ഞിനേയും മാറോടടക്കി, 'ദൈവമേ...' എന്നു വിളിച്ചു കരയുന്ന പെറ്റമ്മയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാത്ത ഒരു ദൈവവും ഞായറാഴ്ചയും വിശേഷ ദിനങ്ങളിലും നല്ല വസ്ത്രം ധരിച്ച് വിലകൂടിയ അത്തറും പൂശി കാറിന്റെ പതുപതുത്ത ഇരിപ്പിടത്തിൽ ആസനം അമർത്തി ചെന്നിറങ്ങി മുട്ടുകുത്തി ആയിരവും പതിനായിരവും 'ഭിക്ഷ'യിട്ട്, 'ദൈവമേ...' എന്നു വിളിക്കുന്ന ഒരു പരമയോഗ്യന്റെ മുന്നിലും വരില്ലെന്ന് മനസ്സിലാക്കുവാൻ കഴിവുള്ള ഒരു പൊട്ടനും ഇല്ലാത്തിടത്തോളം ഇവിടെ ഇനിയുമിനിയും ദൈവാലയങ്ങൾ ഉയരും! അവിടെ നേർച്ചയിട്ട് ദൈവത്തെ ക്രൂശിൽ കഴുവേറ്റിയിട്ട് നീയൊക്കെ ഈസ്റ്ററും ഉയർപ്പും തിന്നു കുടിച്ച് ആഘോഷിക്കും!

പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിലെ വിഹിതംകൂടി ചോദിച്ചു വാങ്ങി കെട്ടിപ്പടുക്കുന്ന ആരാധനാലയത്തിലും അതിനോട് ചേർന്നുള്ള നിരവധിയായ പണമിടപാടു സ്ഥാപനങ്ങളിലും അയിത്തം കൽപ്പിക്കപ്പെട്ട് അകറ്റിനിർത്തപ്പെടുന്ന ദരിദ്രവാസിയുടെ വിയർപ്പിന്റെ ഉപ്പോളം വരില്ല നീയൊക്കെ കൊട്ടിഘോഷിക്കുന്ന ദൈവസ്നേഹം!

ആരാധനാലയങ്ങളിൽ എല്ലാ സുഖങ്ങളും അറിഞ്ഞു വളരുന്ന കുട്ടിദൈവങ്ങളെ കണ്ടു വളരുന്നതാകാം, ഇടയ്ക്കിടയ്ക്കു കേൾക്കുന്ന മതപുരോഹിതരുടെ പീഡനവാർത്തകൾക്കും ലഹരിക്കേസുകൾക്കും നിദാനം!

നാലക്ഷരം പഠിപ്പിച്ചും കാശുണ്ടാക്കാമെന്ന ചിന്തയും വിദ്യാഭ്യാസത്തിൽപ്പോലും മതം കലർത്തി വിപ്ലവമുണ്ടാക്കുവാനുള്ള ത്വരയും നശിപ്പിക്കുന്നത് ഈ നാട്ടിലെ ശാന്തിയും സമാധാനവുമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അടച്ചുകെട്ടി പോകേണ്ടി വരും ഈ മത- ദൈവ കച്ചവടം! അതിന് തിരിച്ചറിവില്ലാത്ത രാഷ്ട്രീയ അണികളെപ്പോലെ ദൈവ അടിമകളെ വളർത്തി പരസ്പരം കല്ലെറിയിച്ച് മതത്തിന്റെ പോരാളി ഷാജിമാരാക്കുന്ന വൃത്തികെട്ട വൃണമാണ് ഈ നാടിന്റെ പ്രധാന ശാപങ്ങളിൽ ഒന്ന്!

'സ്വന്തം ജാതിയിൽപ്പെട്ടവനേ പെണ്ണിനെ കൊടുക്കൂ' എന്നു പറയുന്ന മതാന്ധത ബാധിച്ച കിഴവനും കിഴവിക്കും ബോധം വരുത്തുവാൻ വിദ്യാഭ്യാസത്തിന്റെ തലക്കനമുള്ള മകൾക്കും കഴിയുന്നില്ലെങ്കിൽ നീയൊക്കെ പൈങ്കിളി വായനയുടെ രസച്ചരടിൽ കിടക്കുവാൻ മാത്രം ആഗ്രഹിക്കുന്ന, എം. കെ. കൃഷ്ണൻ (പ്രതിലിപി എഴുത്തുകാരൻ) പറഞ്ഞ ഫൂൾസ് ഗാങ്ങിൽ ഒരാളാണ്! വിവരമുണ്ടെന്നു നടിക്കുന്ന ആണിനും അതിനു കഴിയില്ലെങ്കിൽ ഈ ലോകം ഇങ്ങനെ തന്നെ!

രാഷ്ട്രീയ പിമ്പുകൾ ചെയ്യുന്ന ന്യായീകരണത്തൊഴിലുതന്നെയാണ് മതനേതൃത്വം കാണിക്കുന്ന കൊള്ളരുതായ്മകളെ ന്യായീകരിക്കുന്ന തിമിരരോഗികളും ചെയ്യുന്നത്! കച്ചവടം നടത്തി ലാഭമുണ്ടാക്കി പെട്ടിയിൽ ഇടുവാനല്ലാതെ ദൈവം കാണിച്ച പാതയിൽ മനുഷ്യനെ നടത്തുവാൻ കഴിയുന്ന ഒരു സംഗതിയായി മതം മാറില്ല! അങ്ങനെ മാറിയിരുന്നെങ്കിൽ ഇവിടെ കോടാനുകോടി മുടക്കി മണിമാളികകൾ ഉണ്ടാക്കി ദൈവത്തെ പ്രതിഷ്ഠിക്കേണ്ടി വരില്ലായിരുന്നു!

ബി. ജെ. പി ഗവണ്മെന്റ് ഉണ്ടാക്കുവാൻ ശ്രമിക്കുന്ന ഹിന്ദുമത രാഷ്ട്രവും മുസ്ലീം സമുദായത്തിന് വേണ്ടി പണ്ടുണ്ടാക്കിയ പാക്കിസ്ഥാനും തരം കിട്ടിയാൽ ക്രിസ്ത്യാനി പണിയുവാൻ പോകുന്ന ഭാവി രാഷ്ട്രവും ഒക്കെക്കൂടി ഇവിടിങ്ങനെ എന്റെയും നിന്റെയും നെഞ്ചത്തു വയ്ക്കുന്ന റീത്തായി നിൽക്കട്ടെ! നീയും ഞാനുമൊക്കെ രാഷ്ട്രീയ പിണിയാളുകൾക്ക് വോട്ട് കുത്തുവാനുള്ള 'മത'ക്കഷണങ്ങളായി എന്നും നിലകൊള്ളട്ടെ! കൂടുതൽ കുഞ്ഞിന് ജന്മം നൽകി സ്വന്തം മതത്തെ ലോകത്തിലെ ഒന്നാം നമ്പറാക്കി ഞെളിയാൻ ഇനി വരുന്ന തലമുറയും ആർജ്ജവം കാണിക്കട്ടെ!

'സ്വന്തം കഴിവും പ്രാപ്തിയും തന്റേടവും ഇച്ഛാശക്തിയും കഠിനാധ്വാനവും വഴി എനിക്കു നേടിയെടുക്കുവാൻ കഴിയാത്ത ജീവിത വിജയം മറ്റൊരുത്തന്റെ ആശംസയോ എനിക്കു വേണ്ടിയുള്ള പ്രാർത്ഥനയോ ക്ഷണനേരംകൊണ്ടുണ്ടാകുന്ന ഭാഗ്യമോ നിമിത്തം എനിക്കാവശ്യമില്ല' എന്നിടത്ത് മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും കക്ഷത്തിലേക്ക് തല തിരുകി നൽകി ശ്വാസംമുട്ടുവാനുള്ള ബാദ്ധ്യത എനിക്കില്ലാതാകുന്നു. എന്തുതന്നെയാണെങ്കിലും, മത- രാഷ്ട്രീയ ഭ്രാന്തനായി ജീവിക്കുവാൻ എനിക്കു സൗകര്യമില്ല! ഇതാണെന്റെ നിലപാട്! 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ