'മാർ വന്ന പെണ്ണിന് കൾ ആകരുതോ!'
ഈ അഹങ്കാരിയെ ജീവിതത്തിൽ ആദ്യമായി അദ്ധ്യാപകനാക്കിയ ചോദ്യമാണിത്!
രംഗം: തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ
കാലം: 2013- 14 ബാച്ചിൽ ബി. എഡ്. കഴിഞ്ഞ് ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തിന് അടുത്ത് പുളിക്കത്തൊട്ടിയിൽ നാലേക്കർ (അതോ, അഞ്ചോ?) കൊക്കൊത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സമയം. കോഴ്സ് കഴിഞ്ഞു എന്നതൊഴിച്ചാൽ എങ്ങനെയാണ് ജോലി കിട്ടുക എന്നൊന്നും അറിയില്ല. അപ്രതീക്ഷിതമായി ഒരുദിവസം സുഹൃത്ത് ലിജോ മാഷ് വിളിച്ചു പറയുന്നു, 'ഇന്ന് സരസ്വതിയിൽ ഒരു ഇന്റർവ്യൂ ഉണ്ട്. പെട്ടെന്നു പൊക്കോ' എന്ന്! അതായിരുന്നു നിമിത്തം. അങ്ങനെ മുൻകൂട്ടി ഒരു ബയോഡേറ്റ നൽകുകപോലും ചെയ്യാതെ ഈയുള്ളവൻ ഹാജർ!
എത്തിയപ്പോൾ അവിടെയതാ ഇരുപതോളം ആളുകൾ! എല്ലാവരും സ്കൂളിൽനിന്ന് ഇന്റർവ്യൂവിന് വിളിച്ചിട്ട് വന്നവർ! അപ്പോഴാണ് ഒരുത്തൻ ആരോ പറഞ്ഞതും കേട്ട് വലിഞ്ഞുകയറി ചെല്ലുന്നത്! പോരേ പൂരം! എന്തായാലും എത്തി, ഒന്ന് നോക്കാം; അത്രയേ കരുതിയുള്ളൂ. നേരെ ഓഫീസിലേക്ക്...
"ഇന്റർവ്യൂ ഉണ്ടെന്നറിഞ്ഞു വന്നതാണ്, തിരക്കിനിടയിൽ ബിയോഡേറ്റ എടുത്തിട്ടില്ല. ഒരവസരം നൽകുവാൻ കഴിയുമോ?"
അങ്ങനെ പേരും വിവരവും നൽകി, വിളിക്കുന്നതും നോക്കിയിരുന്നു. എന്താണ് ചോദിക്കുക എന്നോ എങ്ങനെയാണു പെരുമാറേണ്ടതെന്നോ അറിയില്ല. ആകെയുള്ളത് ഒരു സ്വല്പം അഹങ്കാരം മാത്രം!
ഇന്റർവ്യൂ ആരംഭിച്ചു. അവർ ആറുപേർ, ഞാൻ ഒറ്റയ്ക്ക്!
പ്രാരംഭഘട്ട പരിചയപ്പെടൽ പൂർത്തിയായി. പഠനം, വീട്, ഹോബി തുടങ്ങിയവയൊക്കെ പറഞ്ഞുകഴിഞ്ഞപ്പോൾ അല്പം ഫ്രീയായി സംസാരിക്കുവാനുള്ള തന്റേടം ലഭിച്ചു. പിന്നെ, സ്വത:സിദ്ധമായ ഭാഷയിലും ശൈലിയും മുന്നോട്ട്...
ചോദ്യം: "വെണ്മണിയിൽവച്ചു നടക്കുന്ന മഴ ഉത്സവത്തെപ്പറ്റി എന്താണ് പറയുവാനുള്ളത്? "
എന്തു പറയാൻ! വെണ്മണിയിൽ ഇടയ്ക്കെപ്പോഴോ മഴ പെയ്യുന്നുണ്ടെന്നല്ലാതെ...
ഉത്തരം: അറിയില്ല.
ചോദ്യം: എന്താ ആൽബർട്ട്, ഒരു വെണ്മണിക്കാരനായിട്ട് ഇത് അറിയില്ലെന്ന് പറയുന്നത് മോശമാണ് കേട്ടോ...
ചോദ്യം: ഇഷ്ട കവി?
ഉത്തരം: ഇടശ്ശേരി
ചോദ്യം: കാരണം?
ഉത്തരം: കൃഷിക്കാരനോടുള്ള അദ്ദേഹത്തിന്റെ സ്നേഹംകൊണ്ട്
ചോദ്യം: രണ്ടുവരി കവിത ചൊല്ലുമോ?
ഉത്തരം: ക്ഷമിക്കണം, എനിക്ക് കവിത ചൊല്ലുവാൻ അറിയില്ല.
ചോദ്യം: ക്ലാസ്സിൽ അപ്പോൾ കവിത പഠിപ്പിക്കില്ലേ?
ഉത്തരം: ഉവ്വ്, എന്നാൽ...
ചോദ്യം: അതെങ്ങനെ പഠിപ്പിക്കും? അതൊന്ന് കണ്ടാൽ മതി. ഏതെങ്കിലും രണ്ടുവരി ചൊല്ലൂ...
(ഏതോ ഒരു നാലുവരി കവിത എവിടെനിന്നോ മനസ്സിൽ വന്നതുകൊണ്ട് അതങ്ങ് ചൊല്ലി ഒപ്പിച്ചു, ഒത്തോ ആവോ!)
ചോദ്യം: ഈ വിദ്യാലയത്തെപ്പറ്റി ആൽബർട്ടിന് എന്തൊക്കെ അറിയാം?
(എന്തറിയാൻ! രാവിലെ ഒരുത്തൻ പറഞ്ഞു, വന്നു! അതല്ലാതെ...)
ഉത്തരം: ഈ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണെന്നു കേട്ടിട്ടുണ്ട്. സൗഹാർദ്ദപരമായ ഒരു അന്തരീക്ഷമാണെന്നും അറിയാം....
(അങ്ങനെ നാലോ അഞ്ചോ വാക്യങ്ങൾ...)
ചോദ്യം: അത് മാത്രമല്ല ആൽബർട്ട്, ഇത് ഹൈന്ദവ- സനാതന ധർമ്മങ്ങൾക്ക് പ്രാധാന്യം നൽകുന്ന, വിദ്യാനികേതന്റെ കീഴിലുള്ള വിദ്യാലയമാണ്. ഇവിടെ എന്നും രാവിലെ സരസ്വതി സ്തുതിയോടെയാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. മത്സ്യ- മാംസാദികൾ ഇവിടെ വർജ്യമാണ്. ഇതൊക്കെ ആൽബർട്ടിന് അംഗീകരിക്കുവാൻ കഴിയുമോ?
ഉത്തരം: ജാതി, മതം എന്നിവയിൽ എനിക്ക് വിശ്വാസമില്ല. എന്നാൽ, ഞാനൊരിക്കലും ഒരു മതത്തെയും അവഹേളിക്കുകയുമില്ല. അതുകൊണ്ട് ഇക്കാര്യങ്ങളൊന്നും എനിക്ക് ബുദ്ധിമുട്ടല്ല.
ചോദ്യം: അങ്ങനെയാണെങ്കിൽ ഏതെങ്കിലുമൊരു വിഷയത്തെപ്പറ്റി അഞ്ചുമിനിറ്റ് ക്ലാസ്സ് എടുത്ത് കാണിക്കാമോ?
(അടിപൊളി! ഇത്രയും തള്ളിക്കൊണ്ടുവന്നത് വെറുതെയായി! എന്ത് ക്ലാസ്സ്? അങ്ങനെയൊക്കെ വേണമോ ഇന്റർവ്യൂവിന്!)
ഉത്തരം: ക്ഷമിക്കണം, ഞാൻ തയ്യാറായല്ല വന്നത്. അല്പം സമയം ലഭിച്ചിരുന്നെങ്കിൽ...
ചോദ്യം: എത്ര സമയം വേണം?
ഉത്തരം: പതിനഞ്ചു മിനിറ്റ് മതി.
(ചോദ്യകർത്താക്കൾ ആലോചിക്കുന്നു.)
പിന്നീട്: ശരി ആൽബർട്ട്, താങ്കൾ പുറത്തു പോയി ഒന്ന് തയ്യാറാകുക. അതിനുശേഷം ഓഫീസിലെ അനീഷിനോട് പറഞ്ഞാൽ മതി. അദ്ദേഹം അകത്തേക്ക് കടത്തി വിടും.
ഉത്തരം: ശരി.
(ലോറി ഓടിച്ചും പാത്രം കഴുകിയും കോഴിക്കടയിലും പച്ചക്കറിക്കടയിലുമൊക്കെ ജോലി ചെയ്തും ഉണ്ടാക്കിയ ഡിഗ്രിക്ക് അർത്ഥമുണ്ടാകണമെങ്കിൽ ഈ ജോലി വാങ്ങണം! അതിന് ഇനി മുന്നിലുള്ളത് 15 മിനിറ്റ്!)
കൈയിൽ ഉണ്ടായിരുന്ന വ്യാകരണ പുസ്തകം തുറന്നു നോക്കി. 'പ്രത്യയ'മാണ് കണ്ണിൽപ്പെട്ടത്. അതിലൂടെ കണ്ണോടിച്ചപ്പോഴാണ് പണ്ടെങ്ങോ കേട്ടു മറന്ന ഒരു വരി മനസ്സിൽ വന്നത്!
'മാർ വന്ന പെണ്ണിന് കൾ ആകരുതോ!'
അടിപൊളി!
"നമസ്കാരം, നമുക്ക് ഇന്ന് പുതുയൊരു കാര്യം പഠിച്ചാലോ?"
"പഠിക്കാം."
"പക്ഷേ, നിങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്ന ഉത്തരം പറയരുത്. നന്നായി ആലോചിച്ച് മാത്രമേ മിണ്ടാവൂ... സമ്മതിച്ചോ?"
"ഉവ്വ്."
"മാർ വന്ന പെണ്ണിന് കൾ ആകരുതോ!
എന്നു പറഞ്ഞാൽ എന്താണെന്ന് ആർക്കു പറയാം?"
അല്പസമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം കേൾക്കുന്നത് ഒരു വലിയ പൊട്ടിച്ചിരിയാണ്!
"ആൽബർട്ടേ, ഇവർക്ക് കാര്യം മനസ്സിലായിട്ടില്ല. ഒന്ന് പെട്ടെന്നു പറഞ്ഞുകൊടുക്ക്!"
"അതായത്, ഇതൊരു വ്യാകരണ സംബന്ധമായ ചോദ്യമാണ്. നിങ്ങൾക്ക് 'പ്രത്യയം' എന്താണെന്ന് അറിയുമോ?"
"അത് അറിയാം, നാമത്തിൽ ചേർക്കുന്ന അക്ഷരമല്ലേ?"
അതേ, ഒരു നാമത്തെ മറ്റൊരു പദവുമായി ബന്ധിപ്പിക്കുവാൻ ആ നാമത്തിന്റെ അവസാനം ചേർക്കുന്ന അക്ഷരമാണ് പ്രത്യയം.
(ബോർഡിൽ എഴുതുന്നു.)
പ്രത്യയം
ഒരു നാമത്തെ മറ്റൊരു പദവുമായി ബന്ധിപ്പിക്കുവാൻ ആ നാമത്തിന്റെ അവസാനം ചേർക്കുന്ന അക്ഷരം - പ്രത്യയം.
ഉദാ: രാമൻ മരത്തിൽ കയറി.
ചോദ്യം: "ഇതിൽ ഏതാണ് നാമം?"
ഉത്തരം: "രണ്ടു നാമം ഇല്ലേ, രാമൻ, മരം എന്നിവ?"
ചോദ്യം: "അതേ, ശരിയാണ്. അപ്പോൾ ഇവിടെ പ്രത്യയം വരുവാൻ സാദ്ധ്യത ഉള്ളത് ആ രണ്ടു പദങ്ങളിൽ ആകില്ലേ?"
ഉത്തരം: "അതേ."
ചോദ്യം: "ഈ വാക്യം നിർമ്മിക്കുവാൻ വേണ്ടി രാമൻ, മരം എന്നീ നാമങ്ങളുടെ കൂടെ എന്താണോ ചേർത്തത്, അതാണ് പ്രത്യയം! മനസ്സിലായോ?"
ഉത്തരം: "ഉവ്വ്."
ചോദ്യം: "അപ്പോൾ ഇവിടെ ഉപയോഗിച്ച പ്രത്യയങ്ങൾ ഏതെല്ലാം?"
ഉത്തരം: "ഒരു നാമത്തിൽ മാത്രമേ മാറ്റം വന്നുള്ളൂ. 'മരം' 'മരത്തിൽ' എന്നായി. ഇവിടുത്തെ പ്രത്യയം 'ഇൽ' ആണ്."
ചോദ്യം: "അതേ, നിങ്ങൾ മിടുക്കരാണ്. ഇൽ എന്ന പ്രത്യയം ചേർത്താണ് ഇവിടെ മരത്തിൽ എന്ന് ഉണ്ടാക്കിയത്. ഇനി നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം."
'മാർ വന്ന പെണ്ണിന് കൾ ആകരുതോ!'
"ഇവിടെ സൂചിപ്പിക്കുന്നത്, രണ്ടു പ്രത്യയങ്ങളുടെ കാര്യമാണ്. 'മാർ, കൾ' എന്നിവയാണ് ആ പ്രത്യയങ്ങൾ. ഈ ചോദ്യത്തിന്റെ അർത്ഥം, 'മാർ' എന്ന പ്രത്യയം വന്ന സ്ത്രീലിംഗ ശബ്ദങ്ങൾക്ക് 'കൾ' എന്ന പ്രത്യയവും വന്നുകൂടേ എന്നാണ്! മനസ്സിലാകുന്നുണ്ടോ?"
ഉത്തരം: "കുറച്ചൊക്കെ മനസ്സിലായി."
ചോദ്യം: "ചില ഉദാഹരണങ്ങൾ പറയുമ്പോൾ അത് വ്യക്തമാകും. നമുക്ക് നോക്കാം."
"സുന്ദരി എന്നത് ഒരു സ്ത്രീലിംഗ ശബ്ദം അല്ലെങ്കിൽ വാക്ക് ആണല്ലോ, അല്ലേ?"
"ആണ്."
"അതിന്റെ കൂടെ മാർ ചേരുമോ?
അതായത്, സുന്ദരി + മാർ = എന്തുവരും?"
"സുന്ദരിമാർ"
"അതേ, സുന്ദരിമാർ!"
"ഇവിടുത്തെ പ്രത്യയം 'മാർ' ആണ്. സംശയം ഇല്ലല്ലോ... "
"ഇല്ല."
"ഇനി, 'മാർ' എന്നതിന് പകരം 'കൾ' വന്നാൽ ശരിയാകുമോ എന്നാണ് ചോദ്യം. ശരിയാകുമോ?"
"ശരിയാകും!"
"എങ്ങനെ?"
"സുന്ദരിമാർ എന്നതും സുന്ദരികൾ എന്നതും ശരിയാണ്!"
"അതാണ്, അത്രയേ ഉള്ളൂ!"
"'മാർ' പ്രത്യയം വന്നിരിക്കുന്ന ഒരു സ്ത്രീലിംഗ ശബ്ദത്തിൽ, 'മാർ' എന്നതിന് പകരം ചിലപ്പോഴെങ്കിലും 'കൾ' പ്രത്യയം ഉപയോഗിക്കുവാൻ കഴിയില്ലേ എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്! അതല്ലാതെ ഇതിലൊരു അശ്ലീലവും ഇല്ല!"